---
title: "പെരുവണ്ണാമൂഴി ഡാമില്‍ ബോട്ടിങ്  സര്‍വീസിന് അനുമതി"
english_title: "Permission for boating service on Peruvannamoozhi Dam Reservoir"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25711/permission-for-boating-service-on-peruvannamoozhi-dam-reservoir"
published_at: "2022-02-11T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6205dbf03d982_solar boat.jpg"
keywords: []
---

# പെരുവണ്ണാമൂഴി ഡാമില്‍ ബോട്ടിങ്  സര്‍വീസിന് അനുമതി

> **Lead Summary:** പേരാമ്പ്ര : പെരുവണ്ണാമൂഴി ഡാം റിസര്‍വോയറില്‍ ബോട്ടിങ് സര്‍വീസിന് അനുമതി ആയതോടെ ഇനി ഓളപ്പരപ്പില്‍ സോളാര്‍ ബോട്ടില്‍ ചുറ്റാം. ചക്കിട്ടപാറ സര്‍വീസ് സഹകരണബാങ്കിനാണ് ബോട്ടിങ് നടത്താനുള്ള അനുമതി ജലസേചനവകുപ്പ് നല്‍കിയിട്ടുള്ളത്. 20 സീറ്റും പത്ത് സിറ്റും വീതമുള്ള രണ്ട് ബോട്ടുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് തുടങ്ങാന്‍ എത്തിച്ചിരിക്കുന്നത്.

## Article Content

പേരാമ്പ്ര : പെരുവണ്ണാമൂഴി ഡാം റിസര്‍വോയറില്‍ ബോട്ടിങ് സര്‍വീസിന് അനുമതി ആയതോടെ ഇനി ഓളപ്പരപ്പില്‍ സോളാര്‍ ബോട്ടില്‍ ചുറ്റാം. ചക്കിട്ടപാറ സര്‍വീസ് സഹകരണബാങ്കിനാണ് ബോട്ടിങ് നടത്താനുള്ള അനുമതി ജലസേചനവകുപ്പ് നല്‍കിയിട്ടുള്ളത്. 20 സീറ്റും പത്ത് സിറ്റും വീതമുള്ള രണ്ട് ബോട്ടുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് തുടങ്ങാന്‍ എത്തിച്ചിരിക്കുന്നത്.

ഡാം റിസര്‍വോയറില്‍ എത്തിച്ച് ഇതിന്റെ പരീക്ഷണഓട്ടം നടത്തി. ചക്കിട്ടപാറ ബാങ്കുമായി കരാര്‍ ഒപ്പുവെക്കുന്നതടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ സര്‍വീസ് തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു. പെരുവണ്ണാമൂഴി ഡാമില്‍ മുന്‍കാലത്ത് ടൂറിസം സൊസൈറ്റിക്ക് കീഴില്‍ ബോട്ടിങ് സര്‍വീസ് നടത്തിയിരുന്നു. അതിനായി ബോട്ടില്‍ സഞ്ചാരികള്‍ക്ക് കയറാനുള്ള സംവിധാനവും പടികളും നേരത്തെതന്നെ നിര്‍മിച്ചിട്ടുണ്ട്. അതിനാല്‍ വേഗത്തില്‍ തന്നെ ബോട്ട് യാത്ര ആരംഭിക്കാനും കഴിയും.

പെരുവണ്ണാമൂഴിയില്‍ ടൂറിസംവകുപ്പ് അനുവദിച്ച 3.13 കോടിരൂപയുടെ ഫണ്ട് ഉപയോഗിച്ച് വിനോദസഞ്ചാര വികസനം അടുത്തിടെ നടപ്പാക്കിയിരുന്നു. കുട്ടികളുടെ പാര്‍ക്ക്, നടപ്പാത, കഫ്റ്റീരിയ എന്നിവടയടക്കം പുതുതായി ഒരുക്കി. പുന്തോട്ടവും നവീകരിച്ചു. പെരുവണ്ണാമൂഴി ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിക്കായിരിക്കും പദ്ധതിയുടെ നടത്തിപ്പ് ചുമതല.

എന്നാല്‍ ബോട്ടിങ് ഇറിഗേഷന്‍വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും. ബോട്ടിങ് സര്‍വീസ് കൂടി ആരംഭിക്കുന്നതോടെ കൂടുതല്‍സഞ്ചാരികളെ ആകര്‍ഷിക്കാനാകും. കൂരാച്ചുണ്ട് പഞ്ചായത്തിലെ തോണിക്കടവില്‍ ജലസേചന വിഭാഗത്തിന്റെ റിസര്‍വോയര്‍ തീരത്ത് പുതിയ ടൂറിസംപദ്ധതി നടപ്പാക്കിയ സ്ഥലത്തും ബോട്ട് സര്‍വീസ് ആരംഭിക്കുന്നുണ്ട്. ഇതിനായി ബോട്ട് ജെട്ടി നിര്‍മിച്ച് ബോട്ടിങ് നടത്താന്‍ തയ്യാറുള്ളവരുടെ അപേക്ഷ സ്വീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25711/permission-for-boating-service-on-peruvannamoozhi-dam-reservoir)