---
title: "#Boataccident | അഴിത്തലയിലെ ബോട്ട് അപകടം; കോസ്റ്റൽ പോലീസ് തിരിഞ്ഞു നോക്കിയില്ല  -മത്സ്യതൊഴിലാളികൾ"
english_title: "#Boat #accident #Azhithala #Coastal #Police #fishermen"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/257863/boat-accident-azhithala-coastal-police-fishermen"
published_at: "2024-12-21T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676657fe7f7eb_boat_accident.jpg"
keywords: []
---

# #Boataccident | അഴിത്തലയിലെ ബോട്ട് അപകടം; കോസ്റ്റൽ പോലീസ് തിരിഞ്ഞു നോക്കിയില്ല  -മത്സ്യതൊഴിലാളികൾ

> **Lead Summary:** **വടകര: **അഴിത്തലയിൽ ഇന്ന് രാവിലെ മത്സ്യതൊഴിലാളിയുടെ മരണത്തിനിടയാക്കിയ ബോട്ട് അപകടത്തിൽ കോസ്റ്റൽ പോലീസ് തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി.

## Article Content

**വടകര: **അഴിത്തലയിൽ ഇന്ന് രാവിലെ മത്സ്യതൊഴിലാളിയുടെ മരണത്തിനിടയാക്കിയ ബോട്ട് അപകടത്തിൽ കോസ്റ്റൽ പോലീസ് തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി.

ഏകദേശം ആറ് നോട്ടിക്കൽ മൈൽ ദൂരത്ത് ശക്തമായ കാറ്റിൽ ബോട്ട് അപകടത്തിൽപ്പെട്ട വിവരമറിയിച്ചിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ സഹായവും ലഭിച്ചില്ലെന്നാണ് ആക്ഷേപം.

രക്ഷാ പ്രവർത്തനത്തിന് പോകേണ്ട ബോട്ടിൽ ഡ്രൈവർ ഇല്ലെന്ന് പറഞ്ഞ് കോസ്റ്റൽ പോലീസ് കൈമലർത്തുകയാണ് ചെയ്തതെന്ന് മത്സ്യതൊഴിലാളികൾ കുറ്റപ്പെടുത്തുന്നു. ഈ അവസരത്തിൽ നാട്ടുകാരായ മത്സ്യതൊഴിലാളികൾ തന്നെയാണ് ആവശ്യമായ നടപടി കൈക്കൊണ്ടത്.

കോസ്റ്റൽ പോലീസിന്റേത് നിരുത്തരവാദ നിലപാടാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. സദാ സമയവും സജ്ജമാക്കി നിർത്തേണ്ട രക്ഷാ ബോട്ടിന് ഡ്രൈവർ ഇല്ല എന്ന് പറഞ്ഞ അധികാരികൾക്ക് എതിരെ മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും പരാതി നൽകുമെന്ന് മത്സ്യ തൊഴിലാളി വികസന ക്ഷേമ സംഘം പ്രസിഡന്റുമാരായ വി.പി.അബ്ദുൾ ശുക്കൂറും എൻ.പി.ഹംസയും അറിയിച്ചു.

അതേസമയം ബോട്ടിന് ഡ്രൈവർ ഇല്ലെന്ന് ആരോട് പറഞ്ഞിട്ടില്ലെന്ന് കോസ്റ്റൽ പോലീസ് വ്യക്തമാക്കി. പോലീസ് രംഗത്തിറങ്ങുമ്പോഴേക്കും മത്സ്യതൊഴിലാളികൾ തന്നെ വേണ്ടത് ചെയ്തെന്ന് അറിയിച്ചതായും പോലീസ് വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/257863/boat-accident-azhithala-coastal-police-fishermen)