---
title: "വടകരയിലെ ദേശീയ പാത വികസനം; ആശങ്ക വേണ്ടെന്ന് കെ.കെ.രമ. എം.എല്‍.എ"
english_title: " KK Rema MLA said that the efforts for the passages in Vadakara constituency on the National Highway are towards success."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26379/kk-rema-mla-said-that-the-efforts-for-the-passages-in-vadakara-constituency-on-the-national-highway-are-towards-success"
published_at: "2022-02-14T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620a48940cbee_k k rama mla.jpg"
keywords: []
---

# വടകരയിലെ ദേശീയ പാത വികസനം; ആശങ്ക വേണ്ടെന്ന് കെ.കെ.രമ. എം.എല്‍.എ

> **Lead Summary:** വടകര: ദേശീയ പാതയില്‍ വടകര മണ്ഡലത്തിലെ പാസേജുകള്‍ക്കായുള്ള ശ്രമങ്ങള്‍ വിജയത്തിലേക്കെന്ന് കെ കെ രമ എംഎല്‍എ. മണ്ഡലത്തില്‍ വേണ്ട പാസേജുകളും അവയുടെ പ്രാധാന്യവും വ്യക്തമാക്കി എം.എല്‍.എ ദേശീയപാത പ്രൊജക്ട് ഓഫിസര്‍ക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ദേശീയപാത എഞ്ചിനീയര്‍മാരടങ്ങുന്ന ഉന്നതതല സംഘം വടകരയിലെത്തി.

## Article Content

വടകര: ദേശീയ പാതയില്‍ വടകര മണ്ഡലത്തിലെ പാസേജുകള്‍ക്കായുള്ള ശ്രമങ്ങള്‍ വിജയത്തിലേക്കെന്ന് കെ കെ രമ എംഎല്‍എ. മണ്ഡലത്തില്‍ വേണ്ട പാസേജുകളും അവയുടെ പ്രാധാന്യവും വ്യക്തമാക്കി എം.എല്‍.എ ദേശീയപാത പ്രൊജക്ട് ഓഫിസര്‍ക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ദേശീയപാത എഞ്ചിനീയര്‍മാരടങ്ങുന്ന ഉന്നതതല സംഘം വടകരയിലെത്തി.

എം.എല്‍.എ അറിയിച്ച പ്രകാരം പുതുപ്പണം പാലോളി പാലം മുതല്‍ കുഞ്ഞിപ്പള്ളി വരെയുള്ള ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. ഓരോയിടത്തെയും പ്രാധാന്യവും പ്രധാനപ്പെട്ടയിടങ്ങളും സംഘത്തിന് എം.എല്‍.എ വ്യക്തമാക്കി കൊടുത്തു. വടകര പാലോളിപ്പാലം, കരിമ്പനപ്പാലം, വടകര പുതിയ ബസ് സ്റ്റാന്റ്, ലിങ്ക് റോഡ്, അടക്കാത്തെരു, പെരുവാട്ടം താഴ, ചോറോട് ഫിഷ്മാര്‍ക്കറ്റ്, കൈനാട്ടി, നാദാപുരം റോഡ്, മടപ്പള്ളി കോളജ്, കണ്ണൂക്കര, മുക്കാളി, കുഞ്ഞിപ്പള്ളി തുടങ്ങി 13 സ്ഥലങ്ങളിലാണ് പ്രധാനമായും അണ്ടര്‍ പാസേജോ, ഫ്‌ലൈ ഓവര്‍ ബ്രിഡ്‌ജോ, ഫൂട്ട് ഓവര്‍ ബ്രിഡ്‌ജോ ഉണ്ടാവേണ്ടത്.

ഇവിടങ്ങളിലെല്ലാം ജനങ്ങള്‍ ബന്ധപ്പെടുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍ എന്നിവ നിലനില്‍ക്കുന്നുണ്ട്. പാസേജുകള്‍ ഇല്ലാതെയാണ് ഹൈവേയുടെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കപ്പെടുന്നതെങ്കില്‍ ഇത്തരം കേന്ദ്രങ്ങളിലേക്ക് ആളുകള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമാകും. അതുകൊണ്ടുതന്നെ ഈ പതിമൂന്നു പോയിന്റുകളിലും അതാതിടങ്ങളിലെ സാധ്യതയ്ക്കനുസരിച്ച പാസേജ് സംവിധാനം ഒരുക്കണമെന്ന കാര്യം എം.എല്‍.എ ഉന്നതതല സംഘത്തെ ബോധ്യപ്പെടുത്തി.

മാത്രമല്ല വടകര നഗരം രണ്ടായി വിഭജിക്കപ്പെടാത്ത രീതിയില്‍ വടകര പുതിയ സ്റ്റാന്റ്, അടക്കാത്തെരു ജങ്ക്ഷന്‍, പെരുവട്ടം താഴ തുടങ്ങിയ സ്ഥലങ്ങളില്‍ ഉയരപ്പാതയ്ക്ക് പകരം തൂണിന്മേല്‍ പാതയാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും ഗൗരവ പൂര്‍വ്വം പരിഗണിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതായി എം.എല്‍.എ പറഞ്ഞു. കൂടാതെ കുഞ്ഞിപ്പള്ളി മുതല്‍ മുക്കാളി വരെ സര്‍വീസ് റോഡില്ലെന്ന ജനങ്ങളുടെ ആശങ്കയും പരിഹരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഇവയെല്ലാം പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും, അതിനനുസരിച്ചു ഉടന്‍ തന്നെ ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തങ്ങളുടെ ഹയര്‍ അതോറിറ്റിയായ പ്രോജക്ട് ഡയറക്ടര്‍ക്ക് കൈമാറി അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും സംഘത്തിലുണ്ടായിരുന്ന ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരും പറഞ്ഞു. അതാതു പ്രദേശത്തെ ജനപ്രതിനിധികളും, രാഷ്ട്രീയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26379/kk-rema-mla-said-that-the-efforts-for-the-passages-in-vadakara-constituency-on-the-national-highway-are-towards-success)