---
title: "#accidentcase | വീഡിയോ ചിത്രീകരണത്തിനിടെ കാർ ഇടിച്ച് യുവാവ് മരിച്ച സംഭവം; വാഹനം കോഴിക്കോട് സ്വദേശിനിയുടേത് "
english_title: "#young #man #died #after #hit #car #while #shooting #video #vehicle #belongs #native #Kozhikode"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/264270/young-man-died-after-hit-car-while-shooting-video-vehicle-belongs-native-kozhikode"
published_at: "2025-01-18T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678b7f2eec654_WhatsApp_Image_2025-01-18_at_3.44.48_PM.jpeg"
keywords: []
---

# #accidentcase | വീഡിയോ ചിത്രീകരണത്തിനിടെ കാർ ഇടിച്ച് യുവാവ് മരിച്ച സംഭവം; വാഹനം കോഴിക്കോട് സ്വദേശിനിയുടേത് 

> **Lead Summary:** **വടകര: **വീഡിയോ ചിത്രീകരണത്തിനിടെ കാർ ഇടിച്ചു യുവാവ് മരിച്ച സംഭവത്തിൽ, മലയാളി യുവതിയുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടമുണ്ടാക്കിയതെന്നു പൊലീസ് കണ്ടെത്തി.

## Article Content

**വടകര: **വീഡിയോ ചിത്രീകരണത്തിനിടെ കാർ ഇടിച്ചു യുവാവ് മരിച്ച സംഭവത്തിൽ, മലയാളി യുവതിയുടെ ഉടമസ്ഥതയിലുള്ള കാറാണ് അപകടമുണ്ടാക്കിയതെന്നു പൊലീസ് കണ്ടെത്തി.

ഹൈദരാബാദ് സ്വദേശി അശ്വിൻ ജെയിൻ എന്നയാളുടെ പേരിലായിരുന്നു വാഹനം എന്നായിരുന്നു ആദ്യവിവരം. എന്നാൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണു കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പേരിലാണു കാർ എന്നു കണ്ടെത്തിയത്.

ആഡംബര കാറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഹൈദരാബാദിലെ കമ്പനിയിലെ അശ്വിൻ ജെയിന്റെ പേരിലാണു വാഹനം എന്നാണു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.

ഹൈദരാബാദ് കമ്പനി ഡൽഹിയിലുള്ള മറ്റൊരു കമ്പനിക്ക് കാർ വിറ്റിരുന്നു. ഡൽഹിയിലെ കമ്പനിയിൽ നിന്നാണ് വാഹനം കോഴിക്കോട് സ്വദേശിയായ യുവതിയുടെ പേരിൽ വാങ്ങിയത്.

എന്നാൽ വാഹനം ഡൽഹിയിലെ കമ്പനിയുടെ ഉടമസ്ഥതയിൽ തന്നെയായിരുന്നു. വാഹനം വിറ്റതുമായി ബന്ധപ്പെട്ട് വിൽപന കരാർ മാത്രമാണ് ഉണ്ടായിരുന്നത്.

കാർ യുവതിയുടെ പേരിലേക്ക് മാറ്റിയിരുന്നില്ല. കഴിഞ്ഞ ദിവസമാണു വെള്ളയിൽ പൊലീസ് ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ അന്വേഷണം നടത്തി തിരിച്ചെത്തിയത്.

ബീച്ച് റോഡിൽ വിഡിയോ ചിത്രീകരിക്കുന്നതിനിടെയാണു വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷിന്റെയും ബിന്ദുവിന്റെയും മകൻ ആൽവിൻ (20) കാറിടിച്ചു മരിച്ചത്.

അപകടത്തെ തുടർന്നു, കാറുകൾ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്മാൻ, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സാബിദ് റഹ്മാന്റെ ലൈസൻസ് ഉൾപ്പെടെ സസ്പെൻഡ് ചെയ്തു. ഒരു കാർ ആക്സസറീസ് സ്ഥാപനത്തിന്റെ പ്രമോഷൻ റീൽസ് ചിത്രീകരിക്കുമ്പോഴായിരുന്നു ഡിസംബറിൽ അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/264270/young-man-died-after-hit-car-while-shooting-video-vehicle-belongs-native-kozhikode)