---
title: "വടകര- വില്യാപ്പള്ളി -ചേലക്കാട് റോഡ് നവീകരണം ; തണ്ണീര്‍പന്തലില്‍ അലൈന്‍മെന്റ് അടയാളപ്പെടുത്തി"
english_title: " Renovation of Vadakara Villappally Chelakkad Road The alignment was marked on the water tank"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26462/renovation-of-vadakara-villappally-chelakkad-road-the-alignment-was-marked-on-the-water-tank"
published_at: "2022-02-15T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620b2c9d2c1e4_kunchammad kutti mla.jpg"
keywords: []
---

# വടകര- വില്യാപ്പള്ളി -ചേലക്കാട് റോഡ് നവീകരണം ; തണ്ണീര്‍പന്തലില്‍ അലൈന്‍മെന്റ് അടയാളപ്പെടുത്തി

> **Lead Summary:** **വില്യാപ്പള്ളി : **നാദാപുരം, കുറ്റ്യാടി മണ്ഡലത്തിലെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായ വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് നവീകരണപ്രവൃത്തിയുടെ ഭാഗമായുള്ള അലൈന്‍മെന്റ് അടയാളപ്പെടുത്തുന്ന പ്രവൃത്തി ആരംഭിച്ചു. കുറ്റ്യാടി മണ്ഡലത്തിന്റെ ഭാഗമായുള്ള പുറമേരി, ആയഞ്ചേരി പഞ്ചായത്തുകളുടെ പരിധിയില്‍പ്പെടുന്ന സ്ഥലത്ത് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ. പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

**വില്യാപ്പള്ളി : **നാദാപുരം, കുറ്റ്യാടി മണ്ഡലത്തിലെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായ വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് നവീകരണപ്രവൃത്തിയുടെ ഭാഗമായുള്ള അലൈന്‍മെന്റ് അടയാളപ്പെടുത്തുന്ന പ്രവൃത്തി ആരംഭിച്ചു. കുറ്റ്യാടി മണ്ഡലത്തിന്റെ ഭാഗമായുള്ള പുറമേരി, ആയഞ്ചേരി പഞ്ചായത്തുകളുടെ പരിധിയില്‍പ്പെടുന്ന സ്ഥലത്ത് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ. പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതി വഴി 58.29 കോടിരൂപയുടെ സാമ്പത്തിക അനുമതിയുള്ള വടകരവില്യാപ്പള്ളിചേലക്കാട് റോഡ് പ്രവൃത്തിയുടെ പ്രധാനഘട്ടമാണ് ആരംഭിച്ചത്. കുറ്റ്യാടി ഭാഗത്തുനിന്നും വടകരയിലേക്കും തിരിച്ചും എളുപ്പവഴിയായ ഈ റോഡ് ദീര്‍ഘകാലമായി ആധുനികരീതിയില്‍ പുനര്‍നിര്‍മാണം നടത്താന്‍ പറ്റാത്ത സാഹചര്യം നിലനില്‍ക്കുകയായിരുന്നു.

വിഷയം മുഖ്യമന്ത്രിയുടെയും കിഫ്ബി സി.ഇ.ഒ.യുടെയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അലൈന്‍മെന്റ് അംഗീകരിക്കുന്ന പ്രവര്‍ത്തനം ത്വരിതഗതിയിലാവുകയും സ്ഥലത്ത് റോഡിന്റെ അതിര്‍ത്തികള്‍ അടയാളപ്പെടുത്തുന്ന പ്രവൃത്തി പുരോഗമിക്കുകയുമായിരുന്നു. ആകെ 15.95 കിലോമീറ്റര്‍ ആണ് റോഡുള്ളത്. ഇതില്‍ ഒമ്പതു കിലോമീറ്ററോളം ഭാഗം കുറ്റ്യാടി മണ്ഡലത്തിലൂടെയാണ് കടന്നുപോകുന്നത്.

പുറമേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ. ജ്യോതിലക്ഷ്മി, ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കാട്ടില്‍ മൊയ്തു, കെ.ആര്‍.എഫ്.ബി. അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ.ആര്‍. വിഷ്ണു, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ പി. രജീന എന്നിവര്‍ പങ്കെടുത്തു. സ്ഥലം വിട്ടുകൊടുക്കുന്ന നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രവൃത്തി ടെന്‍ഡര്‍ ചെയ്തു നടപ്പാക്കാന്‍ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26462/renovation-of-vadakara-villappally-chelakkad-road-the-alignment-was-marked-on-the-water-tank)