---
title: "നിയമസഭയിൽ സബ്മിഷൻ; വടകര -വില്ല്യാപ്പള്ളി -ചേലക്കാട് റോഡ് വികസനം യാഥാർത്ഥ്യമാക്കണം -കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ"
english_title: "#Submission #Legislature #Vadakara #Villyapalli #Chelakkad #road #development #KPKunhammadkutty #mla "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/265311/submission-legislature-vadakara-villyapalli-chelakkad-road-development-kpkunhammadkutty-mla"
published_at: "2025-01-23T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67922b94ef484_kp_kunjammadkutty_mla.jpg"
keywords: []
---

# നിയമസഭയിൽ സബ്മിഷൻ; വടകര -വില്ല്യാപ്പള്ളി -ചേലക്കാട് റോഡ് വികസനം യാഥാർത്ഥ്യമാക്കണം -കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ

> **Lead Summary:** വടകര: വടകര -വില്ല്യാപ്പള്ളി -ചേലക്കാട് റോഡ് വികസനം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ യുടെ സബ്മിഷൻ.

## Article Content

വടകര: വടകര -വില്ല്യാപ്പള്ളി -ചേലക്കാട് റോഡ് വികസനം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം എൽ എ യുടെ സബ്മിഷൻ.

വടകര -വില്ല്യാപ്പള്ളി -ചേലക്കാട് റോഡിലൂടെയുള്ള ഗതാഗതത്തിന് നേരിടുന്ന പ്രയാസം സംബന്ധിച്ചും, റോഡ് വികസന പദ്ധതി അടിയന്തരമായി ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ടാണ് നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചത്.

വടകര വില്ല്യാപ്പള്ളി ചേലക്കാട് റോഡ് പ്രവൃത്തി അടിയന്തിരമായി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി നിയമസഭയിൽ സബ്മിഷന് മറുപടി ആയി അറിയിച്ചു.

പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നൽകിയ മറുപടി ഇപ്രകാരമാണ്.

> "കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട ഒരു റോഡാണ് വടകര -വില്ല്യാപ്പള്ളി -ചേലക്കാട് റോഡ്. ഈ റോഡിന്റെ വികസനത്തിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 58.30 കോടി രൂപയു‌ടെ സാമ്പത്തികാനുമതി നൽകിയിട്ടുണ്ട്.

ഈ പ്രവൃത്തി ഫ്രീസറണ്ടര്‍ വ്യവസ്ഥയില്‍ സ്ഥലം ലഭ്യമാക്കി നടത്താനാണ് നിശ്ചയിച്ചിരുന്നത്. 15.5 കി.മീ വരുന്ന ഈ റോഡിന്റെ ചെയി. 5/700 മുതൽ 14/154 വരെ എഫ്.ഡി.ആര്‍ സാങ്കേതികവിദ്യയിലും ബാക്കി ഭാഗം ബി.എം-ബി.സി നിലവാരത്തിലും വികസിപ്പിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇത് അനുസരിച്ച് തയ്യാറാക്കിയ 79.11 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍ദ്ദേശം കിഫ്ബിയ്ക്ക് സമർപ്പിക്കുകയും, ഉപാധികളോടുകൂടി അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്.

> ഇക്കാര്യത്തില്‍ കിഫ്ബി നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തി എസ്റ്റിമേറ്റ് പുനസമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാ​ണ്. ഇത് അടിയന്തിരമായി സമര്‍പ്പിക്കാന്‍ KRFB-PMU പ്രോജക്ട് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം ഇതിനകം നല്‍കിയിട്ടുണ്ട്."

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/265311/submission-legislature-vadakara-villyapalli-chelakkad-road-development-kpkunhammadkutty-mla)