---
title: " 'എം ടി കാലം കാഴ്‌ച'; എം ടിയുടെ വിവിധ കാലങ്ങളിലുള്ള ഫോട്ടോ എക്‌സിബിഷന് ഇന്ന് വടകരയിൽ തിരിതെളിയും"
english_title: "#MT #Time #View #photo #exhibition #different #eras #inaugurated #today #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/265509/mt-time-view-photo-exhibition-different-eras-inaugurated-today-vadakara"
published_at: "2025-01-24T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6793556a2217f_M_T_VASUDEVAN_NAIR.jpg"
keywords: []
---

#  'എം ടി കാലം കാഴ്‌ച'; എം ടിയുടെ വിവിധ കാലങ്ങളിലുള്ള ഫോട്ടോ എക്‌സിബിഷന് ഇന്ന് വടകരയിൽ തിരിതെളിയും

> **Lead Summary:** **വടകര: **സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ലിങ്ക് റോഡിൽ ഒരുക്കിയ ചരിത്ര പ്രദർശന നഗരിയിൽ 'എം ടി കാലം കാഴ്‌ച' ഫോട്ടോ എക്‌സിബിഷന് ഇന്ന് തുടക്കമാകും.

## Article Content

**വടകര: **സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ലിങ്ക് റോഡിൽ ഒരുക്കിയ ചരിത്ര പ്രദർശന നഗരിയിൽ 'എം ടി കാലം കാഴ്‌ച' ഫോട്ടോ എക്‌സിബിഷന് ഇന്ന് തുടക്കമാകും.

എം ടിയുടെ വിവിധ കാലങ്ങളിലെ ചിത്രങ്ങളിലൂടെ സഞ്ചരിച്ച് അദ്ദേഹത്തിന്റെ അന്ത്യ യാത്ര വരെയുള്ള നൂറോളം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പുനലൂർ രാജൻ, പി മുസ്‌തഫ, ബി ജയചന്ദ്രൻ, അജീബ് കോമാച്ചി, നീന ബാലൻ, റസാഖ് കോട്ടക്കൽ, ഷാജു ജോൺ, കെ കെ സന്തോഷ്, വിനയൻ, ബിജുരാജ്, കെ എസ് പ്രവീൺ കുമാർ ഉൾപ്പെടെയുള്ള 35 ഫോട്ടാ ഗ്രാഫർമാരുടെ ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്.

എം ടി യുടെ ജീവിതം, സാഹിത്യം, സിനിമ, ജന്മദേശമായ കൂടല്ലൂർ, തുഞ്ചൻപറമ്പ്, മനുഷ്യനും പ്രകൃതിക്കും വേണ്ടി നടത്തിയ പോരാട്ടങ്ങൾ എന്നിവയും ചിത്ര പ്രദർശനത്തിലുണ്ട്.

വടകരയിലെ ചിത്രമെഴുത്തുകാരായ പവിത്രൻ ഒതയോത്ത്, ജോളി എം സുധൻ, അമ്പിളി വിജയൻ, ബേബിരാജ്, ശ്രീജിത്ത് വിലാതപുരം, രജീന, രമേഷ് രഞ്ജനം എന്നിവർ എംടിയെ യും അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളെയും ചിത്രീകരിച്ചു കൊണ്ട് പകൽ മൂന്നിന് നഗരസഭ ചത്വരത്തിൽ പ്രദർശനം ഉദ്ഘാടനം ചെയ്യും.

തുടർന്ന് നാലരക്ക് 'എം ടി കാലം കാലാതീതം' സെമിനാർ നടക്കും.

എം ടി സ്ഥലകാല സമീക്ഷ എന്ന വിഷയത്തിൽ ഇ പി രാജഗോപാലനും, എം ടി കാലത്തിന്റെ ചലച്ചിത്രഭാവനകൾ എന്ന വിഷയത്തിൽ കെ ടി ദിനേശനും പ്രബന്ധങ്ങൾ അവതരിക്കും.

വൈകിട്ട് ആറിന് മാധ്യമപ്രവർത്തകനും ദി ഐഡം മാനേജിങ്ങ് എഡിറ്ററുമായ വെങ്കിടേഷ് രാമകൃഷ്ണ‌ൻ 'മാധ്യമ ലോകം വർത്തമാനവും ഭാവിയും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

തുടർന്ന് രാത്രി ഏഴരക്ക് പ്രസാദ് കൈതക്കൽ അവതരിപ്പിക്കുന്ന 'ദിവ്യാത്ഭുത അനാവരണ' പരിപാടിയും നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/265509/mt-time-view-photo-exhibition-different-eras-inaugurated-today-vadakara)