---
title: "കിഫ് ബി  ഡിപിആറിന് വിരുദ്ധമായി സ്ഥലമേറ്റെടുക്കാൻ  ശ്രമിച്ചാൽ സഹകരിക്കില്ല -ഇരകളുടെ കർമ്മസമിതി   "
english_title: "#Kif B #cooperate #occupy #land #contrary #DPR #Victims #Action #Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/265841/kif-b-cooperate-occupy-land-contrary-dpr-victims-action-committee"
published_at: "2025-01-25T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6795120b4b1c6_kif_b.jpg"
keywords: []
---

# കിഫ് ബി  ഡിപിആറിന് വിരുദ്ധമായി സ്ഥലമേറ്റെടുക്കാൻ  ശ്രമിച്ചാൽ സഹകരിക്കില്ല -ഇരകളുടെ കർമ്മസമിതി   

> **Lead Summary:** **വടകര: ** കിഫ് ബി തയ്യാറാക്കിയ ഡിപിആറിന് വിരുദ്ധമായി സ്ഥലമേറ്റെടുക്കാൻ ശ്രമിച്ചാൽ സഹകരിക്കില്ലെന്ന് ഇരകളുടെ കർമ്മസമിതി.

## Article Content

**വടകര: ** കിഫ് ബി തയ്യാറാക്കിയ ഡിപിആറിന് വിരുദ്ധമായി സ്ഥലമേറ്റെടുക്കാൻ ശ്രമിച്ചാൽ സഹകരിക്കില്ലെന്ന് ഇരകളുടെ കർമ്മസമിതി.

കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ഇരകളുടെ കർമ്മസമിതി ഇതുവരെ പക്വതയോടെയും യാഥാർഥ്യബോധത്തോടുകൂടിയുമാണ് പ്രതികരിച്ചിട്ടുള്ളത്.

പദ്ധതിക്ക് ഭൂമിയേറ്റെടുക്കുമ്പോൾ ഇരകൾക്ക് ബുദ്ധിമുട്ടുകളുണ്ടെങ്കിലും പദ്ധതിക്കാവശ്യമായ ഭൂമി വിട്ടുനൽകുന്നതിന് ഇരകൾ തയ്യാറായിട്ടുണ്ട് .

മറ്റിടങ്ങളിലെപോലെ പദ്ധതി തടസ്സപ്പെടുത്തുന്ന നിലപാടിലേക്ക് ഇരകൾ ഒരു ഘട്ടത്തിലും കടന്നിട്ടില്ല . പദ്ധതിയെ വ്യവഹാരത്തിലേക്ക് നയിച്ചതും ഇരകൾ ആയിരുന്നില്ല .

ഡിപിആറിനും, കിഫ്ബിയുടെ അംഗീകാരത്തിനും വിരുദ്ധമായി സ്ഥലമേറ്റെടുത്ത് റോഡ് നിർമ്മിക്കണമെന്ന ചിലരുടെ പിടിവാശിയും അതിന് പരസ്യമായും രഹസ്യമായും ചില കോണുകളിൽ നിന്നും നൽകിക്കൊണ്ടിരിക്കുന്ന എല്ലാ തരത്തിലുമുള്ള പിന്തുണയും പദ്ധതിയില്ലാതാക്കാൻ മാത്രമേ ഉപകരിക്കൂ.

നിലവിൽ തന്നെ അഞ്ചുവർഷത്തോളം വൈകിയ പദ്ധതി ഇല്ലാതാക്കപ്പെട്ടാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ആക്ഷൻ കമ്മിറ്റിക്കും മേൽപറഞ്ഞ പിന്തുണ നൽകുന്നവർക്കും മാത്രമായിരിക്കും .

ഇതിന് വലിയ വില ഭാവിയിൽ ഇത്തരം പിന്തുണക്കാർ നൽകേണ്ടി വരുമെന്നും കർമ്മ സമിതി ഭാരവാഹികൾ പറഞ്ഞു.

ചെന്നുകയറുന്ന റോഡുകൾക്കില്ലാത്ത വീതിയിലും പ്രാധാന്യത്തിലും ഈ റോഡ് നിർമ്മിക്കാൻ കഴിയില്ലെന്ന് കിഫ്ബി വ്യക്തമാക്കിയിട്ടുള്ളതാണ് .

കുട്ടോത്ത്- അട്ടക്കുണ്ട്കടവ് റോഡിനേക്കാൾ പലമടങ്ങ് വാഹനങ്ങൾ കടന്നുപോകുന്നതും വായനാട്ടിലേക്കുൾപ്പെടെ പോകാൻ ആളുകൾ ഉപയോഗിക്കുന്നതുമായ വടകര-വില്ല്യാപ്പള്ളി-ചേലക്കാട് റോഡിനെയും കുട്ടോത്ത്- അട്ടക്കുണ്ട്കടവ് റോഡിനെയും താരതമ്യം ചെയ്യുന്നത് യുക്തിരഹിതമാണ്.

ചില നിക്ഷിപ്ത താല്പര്യത്തോടുകൂടിയുള്ള ഗൂഢനീക്കമാണ് ഇതിന് പിന്നിലുള്ളത്.

പദ്ധതിയുടെ തുടക്കത്തിൽ അതിർത്തികല്ലുകൾ സ്ഥാപിച്ചു തുടങ്ങിയ അവസരത്തിൽ അന്നത്തെ എംഎൽഎ പാറക്കൽ അബ്ദുള്ളയെ ഇരകളുടെ കർമ്മസമിതി സമീപിക്കുകയും അമിതമായ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് ചൂണ്ടിക്കാട്ടുകയും ചെയ്തു .

അതിർത്തികല്ലുകൾ സ്ഥാപിച്ചു കഴിഞ്ഞ ശേഷം അപാകതകൾ പരിഹരിക്കാമെന്ന ഉറപ്പ് അദ്ദേഹത്തിൽ നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇരകൾ അതിർത്തികല്ലുകൾ സ്ഥാപിക്കുന്നത് എതിർക്കാതിരുന്നത്.

അല്ലാതെ അന്ന് അതിർത്തികല്ലുകൾ സ്ഥാപിക്കപ്പെട്ടത് ആക്ഷൻ കമ്മിറ്റി നുണ പ്രചരിപ്പിക്കും പോലെ ഇരകൾക്ക് അനാവശ്യമായ ഭൂമി ഏറ്റെടുപ്പ് സമ്മതമായിരുന്നതുകൊണ്ടല്ല.

പദ്ധതി പ്രദേശത്ത് ഒരു സെൻറ് ഭൂമിക്ക് 90,000 രൂപ ഫെയർ വാല്യൂ ഉണ്ടെന്നതും സെന്റിന് 270000 രൂപ നഷ്ടപരിഹാരം ലഭിക്കുമെന്നതും ആക്ഷൻ കമ്മിറ്റി ബോധപൂർവം പ്രചരിപ്പിക്കുന്ന മറ്റൊരു കളവാണ്.

സെന്റിനല്ല ആറിനാണ് (2.5 സെൻറ്) ഫെയർ വാല്യൂ നിശ്ചയിക്കുന്നത് എന്നത് മറച്ചുവെച്ച് ഇരകളിൽ ആരെയെങ്കിലും വ്യമോഹിപ്പിക്കാൻ കഴിയുമോയെന്ന കുബുദ്ധിയാണ് ഈ പ്രചാരണത്തിന് പിന്നിൽ.

മണിയൂരിലെ ജനങ്ങൾ ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ അഞ്ചു വർഷത്തോളം വൈകിയ പദ്ധതി ഇനിയും വൈകിപ്പിക്കുന്നതിനോ ,ഇല്ലാതാക്കുന്നതിനോ മാത്രമേ അത് ഉപകരിക്കുകയുള്ളൂ .

നിക്ഷിപ്തതാല്പര്യക്കാരുടെ ഇംഗിതത്തിനനുസരിച്ച് ഉദ്യോഗസ്ഥർ ഡിപിആറിനും കിഫ്ബിയുടെ അംഗീകാരത്തിനും വിരുദ്ധമായി സ്ഥലം ഏറ്റെടുക്കാൻ ശ്രമിച്ചാൽ ഇതുവരെ ഇരകളുടെ കർമ്മസമിതി സ്ഥലമേറ്റെടുപ്പ് വിഷയത്തിൽ നൽകിയ സഹകരണവും പിന്തുണയും അവസാനിപ്പിക്കേണ്ടിവരുമെന്നും കർമ്മ സമിതി ഭാരവാഹികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/265841/kif-b-cooperate-occupy-land-contrary-dpr-victims-action-committee)