---
title: "ഉള്‍നാടന്‍ ജലപാത ; വികസന പ്രതീക്ഷയില്‍ ഗ്രാമീണ മേഖല"
english_title: "Inland waterway; In anticipation of development Rural area"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26641/inland-waterway-in-anticipation-of-development-rural-area"
published_at: "2022-02-16T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620c7b043ff9f_mahi canal.jpg"
keywords: []
---

# ഉള്‍നാടന്‍ ജലപാത ; വികസന പ്രതീക്ഷയില്‍ ഗ്രാമീണ മേഖല

> **Lead Summary:** വടകര : നിര്‍ദിഷ്ട തിരുവനന്തപുരം - കാസര്‍കോട് ജലപാതാ വികസനവുമായി ബന്ധപ്പെട്ട് വടകര താലൂക്കിലെ ഉള്‍നാടന്‍ ഗ്രാമീണ മേഖലയില്‍ വന്‍ വികസന പ്രതീക്ഷ. ജലപാത യാഥാര്‍ത്ഥ്യമാകുന്നതോടെ ചരക്ക് ഗതാഗതം ഉള്‍പ്പെടയുള്ള വന്‍ തൊഴില്‍ സാധ്യതയാണ് വരാന്‍ പോകുന്നത്. ജലപാതാ വികസനവുമായി ബന്ധപ്പെട്ട് വടകര മാഹി കനാലില്‍ പുതിയ മൂന്ന് പാലങ്ങള്‍ക്കുകൂടി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

## Article Content

വടകര : നിര്‍ദിഷ്ട തിരുവനന്തപുരം - കാസര്‍കോട് ജലപാതാ വികസനവുമായി ബന്ധപ്പെട്ട് വടകര താലൂക്കിലെ ഉള്‍നാടന്‍ ഗ്രാമീണ മേഖലയില്‍ വന്‍ വികസന പ്രതീക്ഷ. ജലപാത യാഥാര്‍ത്ഥ്യമാകുന്നതോടെ ചരക്ക് ഗതാഗതം ഉള്‍പ്പെടയുള്ള വന്‍ തൊഴില്‍ സാധ്യതയാണ് വരാന്‍ പോകുന്നത്. ജലപാതാ വികസനവുമായി ബന്ധപ്പെട്ട് വടകര മാഹി കനാലില്‍ പുതിയ മൂന്ന് പാലങ്ങള്‍ക്കുകൂടി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

കോട്ടപ്പള്ളി, കളിയാംവെള്ളി, തയ്യില്‍ പാലങ്ങള്‍ക്കാണ് സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗതവകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. ഇതില്‍ കോട്ടപ്പള്ളി, കളിയാംവെള്ളി എന്നിവിടങ്ങളില്‍ നിലവിലുള്ള പാലം പൊളിച്ചാണ് ദേശീയ ജലപാതാ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പുതിയ പാലം നിര്‍മിക്കുക. തയ്യിലേത് പുതിയ പാലമാണ്. വടകര മേമുണ്ട ആയഞ്ചേരി റോഡിലെ പ്രധാനപ്പെട്ട പാലങ്ങളിലൊന്നാണ് കോട്ടപ്പള്ളി പാലം. മാഹി കനാല്‍ കടന്നാണ് ഈ റോഡ് പോകുന്നത്. പുതിയ പാലത്തിന്റെ ഡിസൈന്‍ തയ്യാറായശേഷം എസ്റ്റിമേറ്റ് എടുക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്.

ജല അതോറിറ്റിയുടെ പൈപ്പ് ഈ പാലത്തിനരികിലെ ചെറിയൊരു പാലം വഴി കടന്നുപോകുന്നുണ്ട്. ഇതുള്‍പ്പെടെ മാറ്റേണ്ടതുണ്ട്. ഇതിന്റെ വിവരം ജല അതോറിറ്റിയില്‍നിന്ന് കിട്ടാന്‍ കാത്തിരിക്കുകയാണ് ഉള്‍നാടന്‍ ജലഗതാഗതവിഭാഗം. ഒരാഴ്ചകൊണ്ട് എസ്റ്റിമേറ്റ് സര്‍ക്കാരിന് സമര്‍പ്പിക്കും. നിലവിലുള്ള പാലം പൊളിച്ച് അതേസ്ഥലത്ത് പുതിയ പാലം നിര്‍മിക്കുമ്പോള്‍ ഗതാഗതം സുഗമമാക്കാന്‍ ബദല്‍മാര്‍ഗങ്ങള്‍ ഇവിടെ ഒരുക്കേണ്ടിവരും.

കനാലിനുകുറുകെ താത്കാലികപാലവും റോഡും ഒരുക്കാനാണ് പദ്ധതി. ഇതും എസ്റ്റിമേറ്റിലുണ്ടാകും. പ്രവൃത്തി തുടങ്ങി വേഗത്തില്‍ത്തന്നെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതേരീതി തന്നെയായിരിക്കും കളിയാംവെള്ളിയിലും അവലംബിക്കുക. വടകരനാദാപുരംകുറ്റ്യാടി റൂട്ടിലാണ് ഈ പാലമുള്ളത്. തിരക്കേറിയ റൂട്ടായതിനാല്‍ ഗതാഗതത്തിന് ബദല്‍മാര്‍ഗം അനിവാര്യമാണ്. ഈ പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. ഡിസൈന്‍ നേരത്തെ കിട്ടി. കളിയാംവെള്ളിക്കും മാഹിപ്പുഴയ്ക്കും ഇടയിലാണ് തയ്യില്‍പാലം. നിലവില്‍ ഇവിടെ പാലമില്ല.

പുതിയ പാലത്തിന് ശുപാര്‍ശയുള്ളതുകൊണ്ടുതന്നെ പ്രദേശത്തിന്റെ വികസനത്തിനും ഇത് വഴിയൊരുക്കും. ഇതിന്റെയും എസ്റ്റിമേറ്റ് തയ്യാറാക്കിത്തുടങ്ങി. മാര്‍ച്ച് മാസം ഇത് സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കല്ലേരി, പറമ്പില്‍ എന്നിവിടങ്ങളില്‍ പുതിയ പാലം ഇതിനകം നിര്‍മിച്ചിട്ടുണ്ട്. വേങ്ങോളിയില്‍ പാലം പണി നടന്നുവരുന്നു. കനാല്‍ തുടങ്ങുന്ന മാങ്ങാംമൂഴിയില്‍ പുഴയില്‍നിന്ന് ഉപ്പുവെള്ളം കനാലിലേക്ക് കടക്കുന്നത് തടയാനുള്ള തടയണയ്‌ക്കൊപ്പം വലിയ പാലവും പണിയുന്നുണ്ട്.

ഇതിന്റെ പ്രവൃത്തിയും ഊര്‍ജിതമാണ്. കനാല്‍ അവസാനിക്കുന്ന കരിങ്ങാലിമുക്കിലും ഇതേ മാതൃകയില്‍ ലോക് കം ബ്രിഡ്ജ് നിര്‍മിക്കുന്നുണ്ട്. പിന്നെ പുതുക്കിപ്പണിയാനുള്ളത് കന്നിനട പാലമാണ്. അവസാനഘട്ടത്തില്‍ ഈ പാലവും പരിഗണിക്കുമെന്നാണ് സൂചന. ഈ പാലത്തിന് ഉയരമുള്ളതിനാല്‍ ജലഗതാഗതത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. വലിയ പാലങ്ങള്‍ക്ക് പുറമേ 10 നടപ്പാലങ്ങളും കനാലിന്റെ വിവിധഭാഗങ്ങളിലുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26641/inland-waterway-in-anticipation-of-development-rural-area)