---
title: "നാദാപുരം റോഡ്, മുക്കാളി റെയില്‍വേ സ്റ്റേഷനുകള്‍  സംരക്ഷിക്കണമെന്ന് ആര്‍ എം പി"
english_title: "RMP demands protection of Nadapuram Road and Mukkali railway stations"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26738/rmp-demands-protection-of-nadapuram-road-and-mukkali-railway-stations"
published_at: "2022-02-16T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620ce4353d23e_mukkali rly .jpg"
keywords: []
---

# നാദാപുരം റോഡ്, മുക്കാളി റെയില്‍വേ സ്റ്റേഷനുകള്‍  സംരക്ഷിക്കണമെന്ന് ആര്‍ എം പി

> **Lead Summary:** **വടകര: ** നാദാപുരം റോഡ്, മുക്കാളി റെയില്‍വേ സ്റ്റേഷനുകള്‍ നിലനിര്‍ത്താനും യാത്രാദുരിതം പരിഹരിക്കാനും അധികാരികളുടെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും അല്ലാത്തപക്ഷം ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ആര്‍.എം.പി.ഐ ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

## Article Content

**വടകര: ** നാദാപുരം റോഡ്, മുക്കാളി റെയില്‍വേ സ്റ്റേഷനുകള്‍ നിലനിര്‍ത്താനും യാത്രാദുരിതം പരിഹരിക്കാനും അധികാരികളുടെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും അല്ലാത്തപക്ഷം ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ആര്‍.എം.പി.ഐ ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് ട്രെയിന്‍ സര്‍വ്വീസ് റദ്ദാക്കിയ സാഹചര്യം ഉപയോഗിച്ചാണ് മുക്കാളി, നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷനുകള്‍ തഴയാന്‍ റെയില്‍വേ നടപടി ആരംഭിച്ചത്. കോവിഡിന് മുന്നേ സാധാരണ രീതിയില്‍ ട്രെയിന്‍ സര്‍വ്വീസ് നിലനിന്നിരുന്ന കാലത്ത് കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ആറ് പാസഞ്ചര്‍ ട്രെയിനുകള്‍ ഇവിടങ്ങളില്‍ നിര്‍ത്തിയിരുന്നു. അഴിയൂര്‍, ഒഞ്ചിയം, ഏറാമല, ചോറോട് പഞ്ചായത്തുകളിലെ നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയ കേന്ദ്രമായിരുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ തൊഴിലിടങ്ങള്‍ തുറക്കപ്പെടുകയും യാത്രകള്‍ പഴയ പടിയാവുകയും ചെയ്തിട്ടും സ്റ്റോപ്പുകള്‍ പുന:സ്ഥാപിക്കാന്‍ റെയില്‍വെ അധികൃതര്‍ തയ്യാറായിട്ടില്ല.

ഇതിനിടയില്‍ പുതുതായി സര്‍വ്വീസ് ആരംഭിച്ച മൈമുവിനും സ്റ്റോപ്പ് അനുവദിച്ചില്ല.ഇതോടെ മാഹിയിലേയോ, വടകരയിലേയോ റെയിവേ സ്റ്റേഷനുകളെ ആശ്രയിക്കേണ്ട ദുരവസ്ഥയിലാണ് ട്രയിന്‍ യാത്രക്കാര്‍.ജനറല്‍ ടിക്കറ്റുകള്‍ പുന:സ്ഥാപിക്കുകയും, ആറോളം പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുകയയും ചെയ്ത സ്ഥിതിക്ക് സ്റ്റോപ്പ് പുന:സ്ഥാപിച്ച് യാത്രാ സൗകര്യം മെച്ചപ്പെടുത്താന്‍ അടിയന്തര ഇടപെടല്‍ റെയില്‍വേ അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം.

റെയില്‍വേ സ്റ്റേഷനുകളെ സംരക്ഷിക്കാന്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളെയും അണിനിരത്തി ബഹുജന പ്രക്ഷോഭത്തിന് ആര്‍.എം.പി.ഐ നേതൃത്വം നല്‍കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26738/rmp-demands-protection-of-nadapuram-road-and-mukkali-railway-stations)