---
title: "അനുജനെ കാണ്മാനില്ല; പരാതിയുമായി സ്റ്റേഷനിൽ എത്തിയ ജ്യേഷ്ഠനെ വടകര പോലീസ് മർദ്ദിച്ചെന്ന് ആരോപണം  "
english_title: "#brother #seen #Complaint #Vadakara #police #beat #up #elder #brother #came #station #complaint"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/268382/brother-seen-complaint-vadakara-police-beat-up-elder-brother-came-station-complaint-new"
published_at: "2025-02-06T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a47c0037c8b_vadakara_case.jpg"
keywords: []
---

# അനുജനെ കാണ്മാനില്ല; പരാതിയുമായി സ്റ്റേഷനിൽ എത്തിയ ജ്യേഷ്ഠനെ വടകര പോലീസ് മർദ്ദിച്ചെന്ന് ആരോപണം  

> **Lead Summary:** **വടകര: **അനുജനെ കാണാതായതുമായി ബന്ധപ്പെട്ട് പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയ ജ്യേഷ്ടനെ വടകര പോലീസ് മർദ്ദിച്ചെന്ന് പരാതി.നടക്കുതാഴ പുത്തൂരിലെ വളയലത്ത് താഴക്കുനി വനജയുടെ മൂത്ത മകൻ സുബീഷിനെ യാണ് പോലീസ് മർദ്ദിച്ചെന്ന് പരാതി ഉയർന്നത്.

## Article Content

**വടകര: **അനുജനെ കാണാതായതുമായി ബന്ധപ്പെട്ട് പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ എത്തിയ ജ്യേഷ്ടനെ വടകര പോലീസ് മർദ്ദിച്ചെന്ന് പരാതി.നടക്കുതാഴ പുത്തൂരിലെ വളയലത്ത് താഴക്കുനി വനജയുടെ മൂത്ത മകൻ സുബീഷിനെ യാണ് പോലീസ് മർദ്ദിച്ചെന്ന് പരാതി ഉയർന്നത്.

നിർമാണ തൊഴിലാളിയായ അനുജൻ സുജീഷിനെയാണ് ജനുവരി 22 മുതൽ കാണാതായത്.പയ്യോളിയിലേക്കെന്നും പറഞ്ഞു വീട്ടിൽ നിന്നു പോയ സുജീഷിനെ കുറിച്ച് ഒരു വിവരവുമില്ലാത്തതിനാൽ അമ്മ വനജ 26ന് വടകര പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതി സ്വീകരിച്ച പോലീസ് മൂത്ത മകനേയും കൂട്ടി സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞു. ഇതനസുരിച്ച് 30ന് സുബീഷിനെയും കൂട്ടി ചെന്നപ്പോഴാണ് പ്രൊബേഷൻ എസ്ഐ മർദിച്ചതായ പരാതി. ഇളയ മകനെ കാണാതായത് അന്വേഷിക്കുന്നതിന് പകരം മൂത്തയാളെ മർദ്ദിക്കുന്നത് കാണേണ്ടിവന്നെന്ന് വനജ വടകരയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

അനുജനെ കൊന്നു കുഴിച്ച് മൂടിയോ എന്ന് ആക്രോശിച്ച് കൊണ്ട് മുഖത്തടിക്കുകയും മുറിയിലേക്ക് വലിച്ചുകൊണ്ടുപോവുകയും ചെയ്തെന്നാണ് പറയുന്നത്. അന്ന് വൈകുന്നേരം വരെ പോലീസ് സ്റ്റേഷനിൽ തന്നെ കഴിയേണ്ടിവന്നു.

വർഷങ്ങൾക്കു മുമ്പ് തെങ്ങിൽ നിന്ന് വീണു പരിക്കേറ്റ ആളാണ് സുബീഷ്. ഇതിന്റെ പ്രയാസം അനുഭവിക്കുന്നതിനിടയിലാണ് പോലീസിൽ നിന്നുള്ള ഈ അനുഭവം.മർദനം സംബന്ധിച്ച് പ്രൊബേഷൻ എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് റൂറൽ എസ്പിക്ക് പരാതി നൽകുമെന്ന് വനജയും ബന്ധുക്കളും പറഞ്ഞു.

കാണാതായ സുജീഷിനെ കുറിച്ച് രണ്ടാഴ്ചയായിട്ടും ഒരു വിവരവുമില്ല. ഇതു സംബന്ധിച്ച് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.അതേ സമയം ആരേയും മർദിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഈ സഹോദരങ്ങൾ തമ്മിൽ അടിപിടിയുണ്ടായെന്നും അതിനു ശേഷമാണ് ഇളയ ആളെ കാണാതായതെന്നും പോലീസ് വ്യക്തമാക്കി.

മാത്രമല്ല ഇളയ മകൻ സുജീഷ് വനജയുടെ അക്കൗണ്ടിൽ നിന്ന് പലപ്പോഴായി ഒരു ലക്ഷം രൂപയോളം എടുത്തിട്ടുണ്ടെന്നും ഇക്കാര്യം വീട്ടുകാർ മറച്ചുവെച്ചെന്നും ഇതു സംബന്ധിച്ച് വിവരങ്ങൾ തിരക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/268382/brother-seen-complaint-vadakara-police-beat-up-elder-brother-came-station-complaint-new)