---
title: "തീരദേശ ഹൈവേ നിര്‍മ്മാണം ; വടകരയിലെ ടൂറിസം  മേഖലക്ക് കരുത്തേകും"
english_title: "Construction of coastal highways; Tourism in Vadakara The region will be strong"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/26886/construction-of-coastal-highways-tourism-in-vadakara-the-region-will-be-strong"
published_at: "2022-02-17T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/620e082fbe5f1_SAND BANKS PHOTO.jpg"
keywords: []
---

# തീരദേശ ഹൈവേ നിര്‍മ്മാണം ; വടകരയിലെ ടൂറിസം  മേഖലക്ക് കരുത്തേകും

> **Lead Summary:** വടകര: നിര്‍ദ്ദിഷ്്ഠ തീരദേശ ഹൈവേ വടകരയിലെ ടൂറിസം മേഖലക്ക് കരുത്തേകും. വടകര സാന്‍ഡ് ബാങ്ക്‌സ് ഉള്‍പ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളിലൂടെയാണ് പാത കടന്ന് പോകുന്നത്. കോരപ്പുഴ മുതല്‍ കോട്ടക്കല്‍ കടവ് വരെയും വടകര സാന്‍ഡ് ബാങ്ക്‌സ് വരെ നീളുന്നതും കുഞ്ഞാലി മരയ്ക്കാര്‍ നദീപാലവും ഉള്‍പ്പെടുന്ന തീരദേശ ഹൈവേയുടെ നിര്‍മാണത്തിനും സ്ഥലമേറ്റെടുപ്പ് നടപടികള്‍ക്കുമായി 50 കോടിയുടെ ധനാനുമതി ലഭിച്ചു കഴിഞ്ഞു.

## Article Content

വടകര: നിര്‍ദ്ദിഷ്്ഠ തീരദേശ ഹൈവേ വടകരയിലെ ടൂറിസം മേഖലക്ക് കരുത്തേകും. വടകര സാന്‍ഡ് ബാങ്ക്‌സ് ഉള്‍പ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളിലൂടെയാണ് പാത കടന്ന് പോകുന്നത്. കോരപ്പുഴ മുതല്‍ കോട്ടക്കല്‍ കടവ് വരെയും വടകര സാന്‍ഡ് ബാങ്ക്‌സ് വരെ നീളുന്നതും കുഞ്ഞാലി മരയ്ക്കാര്‍ നദീപാലവും ഉള്‍പ്പെടുന്ന തീരദേശ ഹൈവേയുടെ നിര്‍മാണത്തിനും സ്ഥലമേറ്റെടുപ്പ് നടപടികള്‍ക്കുമായി 50 കോടിയുടെ ധനാനുമതി ലഭിച്ചു കഴിഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന കിഫ്ബി ബോര്‍ഡിലാണ് ധനാനുമതി ലഭിച്ചത്. മൂന്ന് റീച്ചുകളിലെ സ്ഥലമേറ്റെടുപ്പിനും നിര്‍മാണത്തിനുമാണ് തുക അനുവദിച്ചത്. കോരപ്പുഴ മുതല്‍ കോട്ടക്കല്‍ കടവ് വരെ ആറ് റീച്ചുകളിലായി 33 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് മണ്ഡലത്തില്‍ ഹൈവേക്കുള്ളത്. ഇതില്‍ കോരപ്പുഴ, കൊയിലാണ്ടി ഹാര്‍ബര്‍, മുത്തായം ബീച്ച്, കോടിക്കല്‍ ബീച്ച് എന്നീ രണ്ട് റീച്ചുകളിലെ സ്ഥലമേറ്റെടുപ്പിന് 15 കോടിയും, കൊളാവിപ്പാലം മുതല്‍ കോട്ടക്കല്‍ വരെയുള്ള റീച്ചിന്റെ നിര്‍മാണത്തിന് 34.33 കോടി രൂപയ്ക്കുമാണ് ധനാനുമതി ലഭിച്ചത്.

കോടിക്കല്‍ മുതല്‍ കൊളാവിപ്പാലം വരെയുള്ള റീച്ചിനും കുഞ്ഞാലി മരയ്ക്കാര്‍ നദീപാലത്തിനും നേരെത്തെ ധനാനുമതി ലഭിച്ചിരുന്നു. ഇതോടെ 10 കിലോമീറ്റര്‍ നീളത്തില്‍ ഹൈവേയുടെ നിര്‍മാണത്തിനും കുഞ്ഞാലി മരയ്ക്കാര്‍ നദീപാലത്തിനും കൂടി 149 കോടിയുടെ അനുമതിയാണ് ലഭിച്ചത്. കൂടാതെ 15 കിലോമീറ്റര്‍ ഭാഗത്തെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി 15 കോടി രൂപയും അനുമതിയായി. നിര്‍മാണ അനുമതി ലഭിച്ചിരിക്കുന്ന ഭാഗങ്ങളിലെ ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ വേഗത്തിലായിട്ടുണ്ട്.

കിഫ്ബി പ്രവൃത്തികളുടെ ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനായി പ്രത്യേകം നിയമിച്ച ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാരുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. ഇതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 12 മീറ്റര്‍ വീതിയില്‍ ഇരുഭാഗങ്ങളിലുമായി സൈക്കിള്‍ ട്രാക്ക് സഹിതമാണ് ഹൈവേ നിര്‍മിക്കുക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/26886/construction-of-coastal-highways-tourism-in-vadakara-the-region-will-be-strong)