---
title: "മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തെ വ്യത്യസ്തമാക്കുന്നത് സഹകരണ പ്രസ്ഥാനങ്ങൾ -സ്പീക്കർ ഷംസീർ"
english_title: "#Kerala #different #other #states #cooperative #movements #Speaker #ANShamseer"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/272376/kerala-different-other-states-cooperative-movements-speaker-anshamseer"
published_at: "2025-02-23T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bb28bdbe2bf_AN_SHAMSEER.jpg"
keywords: []
---

# മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തെ വ്യത്യസ്തമാക്കുന്നത് സഹകരണ പ്രസ്ഥാനങ്ങൾ -സ്പീക്കർ ഷംസീർ

> **Lead Summary:** വില്ല്യാപ്പള്ളി: രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളം വ്യത്യസ്തമാകുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് സംസ്ഥാനത്തെ ജനകീയ സഹകരണ പ്രസ്ഥാനങ്ങളുടെ വളർച്ചയാണെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ.

## Article Content

വില്ല്യാപ്പള്ളി: രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളം വ്യത്യസ്തമാകുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് സംസ്ഥാനത്തെ ജനകീയ സഹകരണ പ്രസ്ഥാനങ്ങളുടെ വളർച്ചയാണെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ.

വില്യാപ്പള്ളി വനിത സഹകരണ സൊസൈറ്റി പണിക്കോട്ടി റോഡ് ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ മേഖലയെ തകർക്കാൻ ബാഹ്യ ശക്തികൾ ശ്രമിക്കുമ്പോഴും കഴിഞ്ഞ ഒരു വർഷം മാത്രം 21000 കോടിയോളം രൂപയുടെ അധികനിക്ഷേപം സഹകരണ മേഖല സമാഹരിച്ചു.

ഇത് സഹകരണ മേഖലയുടെ ജനകീയ അടിത്തറയെയാണ് സൂചിപ്പിക്കുന്നതെന്ന് സ്പീക്കർ പറഞ്ഞു. സാധാരണക്കാരുടെ ആവശ്യങ്ങൾ നിറവേറാൻ സാധാരണക്കാർ നടത്തുന്ന ബാങ്ക് നിലനിർത്തേണ്ടത് ജനകീയ ആവശ്യമാണെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

ബാഹ്യ ഇടപെടലുകൾക്ക് ഇട നൽകാതെ നിയമപരമായ രീതിയിൽ മാത്രം വായ്പകൾ നൽകാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. വായ്പ നൽകിയാൽ അത് തിരിച്ചുപിടിക്കാനുള്ള ശ്രമവും ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

പതിനേഴാമത് വർഷത്തിൽ മൂന്നാമത് ശാഖ തുടങ്ങിയ വില്ല്യാപ്പള്ളി വനിത സഹകരണ സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ സ്പീക്കർ അഭിനന്ദിച്ചു.

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന ആദ്യ നിക്ഷേപം സ്വീകരിച്ചു. മന്ദരത്തൂർ സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റ് പി കെ ദിവാകരൻ ആദ്യ വായ്പ വിതരണവും സഹകരണ അംഗ സമാശ്വാസ നിധി വിതരണം ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടർ കെ വി ഷാജിയും നിർവഹിച്ചു.

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സുബീഷ് സഹകരണ റിസ്ക് ഫണ്ട് വിതരണം ചെയ്തു. ചടങ്ങിൽ വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള അധ്യക്ഷത വഹിച്ചു.

വില്ല്യാപ്പള്ളി വനിത സഹകരണ സൊസൈറ്റി സെക്രട്ടറി ഡി ദിവിൻ റിപ്പോർട്ട് അവതരിപ്പിച്ചു.

വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കെ ഗോപാലൻ , മണിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ രജനി ടീച്ചർ, യൂണിറ്റ് ഇൻസ്പെക്ടർ കെ മനോജ്, മേമുണ്ട അർബൻ സഹകരണ സൊസൈറ്റി പ്രസിഡന്റ് ഭാസ്കരൻ, കടത്തനാട് ടൂറിസം സഹകരണ സൊസൈറ്റി പ്രസിഡന്റ് ഒ പി ബാബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

വില്ല്യാപ്പള്ളി വനിത സഹകരണ സൊസൈറ്റി പ്രസിഡന്റ് സഫിയ മലയിൽ സ്വാഗതവും വനിത സഹകരണ സൊസൈറ്റി വൈസ് പ്രസിഡന്റ് ആർ പി പ്രിയ നന്ദിയും പറഞ്ഞു .

വില്യാപ്പള്ളി, കീഴൽ എന്നിവിടങ്ങളിലാണ് സൊസൈറ്റിയുടെ മറ്റു രണ്ടു ശാഖകൾ പ്രവർത്തിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/272376/kerala-different-other-states-cooperative-movements-speaker-anshamseer)