---
title: "സിപിഐഎം പ്രത്യയശാസ്ത്ര മുഖംമൂടി അഴിച്ചു വെക്കണം -ജി.ദേവരാജൻ"
english_title: "#CPM #should #take #off #ideological #mask #GDevarajan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/274554/cpm-should-take-off-ideological-mask-gdevarajan"
published_at: "2025-03-05T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c7dcce8c088_mandodi_kannan_commommeration.jpg"
keywords: []
---

# സിപിഐഎം പ്രത്യയശാസ്ത്ര മുഖംമൂടി അഴിച്ചു വെക്കണം -ജി.ദേവരാജൻ

> **Lead Summary:** വടകര: കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രത്യേയശാസ്ത്രങ്ങളും നിലപാടുകളും കൈയ്യെഴിഞ്ഞ സിപിഐഎം ഈ സമ്മേളനകാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര മുഖംമൂടി അഴിച്ചു വെക്കാനുള്ള രാഷ്ട്രീയ മര്യാദ കാണിക്കണമെന്ന് ഫോർവേർഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ അഭിപ്രായപ്പെട്ടു.

## Article Content

വടകര: കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രത്യേയശാസ്ത്രങ്ങളും നിലപാടുകളും കൈയ്യെഴിഞ്ഞ സിപിഐഎം ഈ സമ്മേളനകാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര മുഖംമൂടി അഴിച്ചു വെക്കാനുള്ള രാഷ്ട്രീയ മര്യാദ കാണിക്കണമെന്ന് ഫോർവേർഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ അഭിപ്രായപ്പെട്ടു.

സഖാവ് മണ്ടോടി കണ്ണൻ രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി ആർ എം പി ഐ കുന്നുമ്മക്കരയിൽ സംഘടിപ്പിച്ച രക്തസാക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാറിൻ്റെ തീവ്ര വലതുപക്ഷ നിലപാടുകളെ പോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ള നിലപാടുകളുമായാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ എന്നവകാശപ്പെടുന്നവർ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ സ്വകാര്യ സർവ്വകലാശാലകൾ കൊണ്ടുവരാനുള്ള ബില്ല് നിയമസഭയിൽ പാസായി കഴിഞ്ഞിരിക്കുകയാണ്.

ആഗോള മൂലധനത്തെ ഒരു നിയന്ത്രണവും ഇല്ലാത്ത രീതിയിൽ ഉപയോഗിക്കാൻ അനുമതി നൽകുന്ന ഏക കമ്മ്യൂണിസ്റ്റ് ഗവൺമെൻ്റായി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഗവൺമെൻ്റ് മാറിയിരിക്കുകയാണ്.

കേരളം ഇന്ന് കൊലപാതകങ്ങളുടെയും മയക്കുമരുന്നിന്റെയും പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണ്. നിയമസംവിധാനത്തിനും പോലിസിനും ഉൾപ്പെടെ ഇടപെടാൻ കഴിയാത്ത തരത്തിൽ മയക്ക്മരുന്ന് മാഫിയ ക്വട്ടേഷൻ സംഘങ്ങൾ കേരളത്തിൽ വളർന്നിരിക്കുകയാണ്.

കേരളത്തിൻ്റെ ആഭ്യന്തര വകുപ്പിന്റെ തികഞ്ഞ പരാജയമാണ് ഇത് വ്യക്തമാക്കി തരുന്നത്. മദ്യവർജനമാണ് ഞങ്ങളുടെ പ്രഖ്യാപിതനയം എന്ന് പറഞ്ഞ് അധികാരത്തിലെത്തിയവർ മദ്യ നിർമ്മാണശാലകൾക്ക് യഥേഷ്ഠം അനുമതി നൽകുകയും, UDF അടച്ചുപൂട്ടിയ ബാറുകൾ തുറക്കുകയും പുതിയ ലൈസൻസുകൾ അനുവിദിക്കുകയും ചെയ്തു കൊണ്ട് ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് LDF നേതൃത്വം നൽകും എന്ന് പറയുന്നത് അൽപ്പത്തരമാണ്.

താമരശ്ശേരിയിൽ ഒരു വിദ്യാർത്ഥി സഹപാഠികളുടെ മർദ്ദനമേറ്റ് മരിക്കുന്ന സംഭവം ഉണ്ടാവുകയും അതിൻ്റെ അന്വേഷണമായി മുന്നോട്ടു പോയപ്പോൾ അതിൽ പ്രതിയായിട്ടുള്ള ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് ടിപി ചന്ദ്രശേഖരൻ കൊലപാതക കേസിലെ പ്രതിയോടൊപ്പം നിൽക്കുന്ന ഫോട്ടോ പുറത്തു വരികയും അദ്ദേഹത്തിൻ്റെ വീട്ടിൽനിന്ന് നഞ്ചക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കണ്ടെത്തുകയും ചെയ്തിരിക്കുന്നു.

എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടന ഇത്തരം ക്രിമിനൽ സംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന നിലപാടുകളുമായി കോളേജുകളിൽ മുന്നോട്ട് പോകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇത് തിരുത്താൻ തയ്യാറാകാതെ കേരളത്തിലെ മുഖ്യമന്ത്രി തന്നെ അവർക്ക് ഈ സ്ഥിതി തുടരണം എന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ കൺമുമ്പിൽ വച്ച് നിയമം കയ്യിലെടുത്തുകൊണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദനത്തിന് നേതൃത്വം കൊടുക്കുമ്പോൾ അത് രക്ഷാപ്രവർത്തനമാണ് എന്നാണ് കേരളത്തിലെ മുഖ്യമന്ത്രി പറയുന്നത്.

ആശാവർക്കർമാർ നടത്തുന്ന ജീവൽ സമരത്തെ ഈർക്കിൾ പാർട്ടികൾ നേതൃത്വംകൊടുക്കുന്ന സമരം എന്നും പാട്ടപ്പിരിവുകാരുടെ സമരം എന്നും അധിക്ഷേപിക്കുന്ന സിപിഎം ഒരു കാലഘട്ടത്തിൽ ഇത്തരം സമരങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്നു എന്ന് മനസ്സിലാക്കാൻ തയ്യാറായില്ലെങ്കിൽ ഈ ഈർക്കിൾ പാർട്ടികൾ ഒന്നിച്ചുകൊണ്ട് ഒരു ചുലായി CPIM എന്ന പാർട്ടിയെ തന്നെ തുടച്ചുനീക്കുന്ന കാലം വിദൂരമല്ല എന്നും ഇദ്ദേഹം ഓർമ്മപ്പെടുത്തി.

ഇത്തരത്തിൽ എല്ലാ മേഖലകളും പരാജയപ്പെട്ട ഈ ഗവൺമെൻ്റിന് നേതൃത്വം കൊടുക്കുന്ന സിപിഎം അതിൻ്റെ കമ്മ്യൂണിസ്റ്റ് പ്രത്യേശാസ്ത്രമുഖം വലിച്ചെറിഞ്ഞ് തീവ്ര വലതുപക്ഷം ആണെന്ന് പ്രഖ്യാപനം നടത്താനുള്ള രാഷ്ട്രീയ മര്യാദ കാണിക്കണമെന്ന് ദേവരാജൻ പൊതുയോഗത്തിൽ ആവശ്യപ്പെട്ടു.

പൊതുയോഗത്തിൽ എൻ . വേണു ,എൻ.പി ,ഭാസ്ക്കരൻ മാസ്റ്റർ. ടി.കെ. സിബി, കെ.ഭാസ്ക്കരൻ. പി.എം. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/274554/cpm-should-take-off-ideological-mask-gdevarajan)