---
title: "വടകരയിലെ പട്ടികജാതി കുടുംബങ്ങളുടെ പ്രശ്‌നം  നിയമസഭയില്‍ ഉന്നയിച്ച് കെ.കെ.രമ എം.എല്‍.എ"
english_title: "Problem of Scheduled Caste Families in Vadakara KK Rema MLA raised in the assembly"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28500/problem-of-scheduled-caste-families-in-vadakara-kk-rema-mla-raised-in-the-assembly"
published_at: "2022-02-26T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6219dbf85a729_k k rama mla.jpg"
keywords: []
---

# വടകരയിലെ പട്ടികജാതി കുടുംബങ്ങളുടെ പ്രശ്‌നം  നിയമസഭയില്‍ ഉന്നയിച്ച് കെ.കെ.രമ എം.എല്‍.എ

> **Lead Summary:** **വടകര: **വടകര പാലോളി പാലത്തെ മുപ്പത്തിയൊന്നാം വാര്‍ഡിലെ നാലോളം പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളിലേക്ക് വഴിയൊരുക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ട് കെ.കെ.രമ എംഎല്‍എ. ചോദ്യോത്തൊര വേളയിലാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. തുടര്‍ന്ന് വകുപ്പ് മന്ത്രിയെ നേരില്‍കണ്ടു കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കത്ത് നല്‍കിയതായും എം.എല്‍.എ പറഞ്ഞു.

## Article Content

**വടകര: **വടകര പാലോളി പാലത്തെ മുപ്പത്തിയൊന്നാം വാര്‍ഡിലെ നാലോളം പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളിലേക്ക് വഴിയൊരുക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ട് കെ.കെ.രമ എംഎല്‍എ. ചോദ്യോത്തൊര വേളയിലാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. തുടര്‍ന്ന് വകുപ്പ് മന്ത്രിയെ നേരില്‍കണ്ടു കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കത്ത് നല്‍കിയതായും എം.എല്‍.എ പറഞ്ഞു.

ഈ സ്ഥലത്തെ എറങ്കയില്‍ വീട്ടില്‍ താമസിക്കും ബിന്ദു നല്‍കിയ പരാതിയും, മാധ്യമ വാര്‍ത്തയിലൂടെയുമാണ് വിഷയം ശ്രദ്ധയില്‍പെടുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച് പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെട്ടിരുന്നതായും കെ.കെ രമ പറഞ്ഞു. വര്‍ഷങ്ങളയി തുറന്നിട്ട അഴുക്കുചാലിനോട് ചേര്‍ന്നുള്ള വീടുകളിലാണ് പ്രദേശ വാസികള്‍ താമസിക്കുന്നത്. ഇതില്‍നിന്നുള്ള ദുര്‍ഗന്ധവും, മാലിന്യവും പേറുകയാണിവര്‍. വീട്ടിലിരുന്ന് സ്വസ്ഥമായി ഭക്ഷണം കഴിക്കാനോ, കുട്ടികള്‍ക്ക് പഠിക്കാനോ കഴിയാത്ത സാഹചര്യമാണ്. ദേശീയപാത വികസനത്തിന്റെ പണി നടക്കുന്നതിനാല്‍ അഴുക്കുചാലില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുകു പെരുകുന്നതായും നാട്ടുകാര്‍ പറയുന്നു. ചാലിന് മുകളിലൂടെ കോണ്‍ക്രീറ്റ് സ്ലാബ് ഇട്ട് ഡ്രൈനേജ് കം ഫുട്പാത്ത് നിര്‍മിച്ചാല്‍ വഴിപ്രശ്‌നത്തിനും, മാലിന്യ പ്രശ്‌നത്തിനും ഒരേ സമയം പരിഹാരമാകും.

പലതവണയായി ഇത് അധികാകാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ശാശ്വതമായ ഒരു പരിഹാരവും കണ്ടില്ലെന്നാണ് പരാതി. ഒരു പ്രദേശത്ത് കുറഞ്ഞത് അഞ്ചു പട്ടികജാതി ഗുണഭോക്താക്കള്‍ ഉണ്ടെങ്കില്‍ മാത്രമേ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തി നടത്താന്‍ പറ്റൂ എന്നതാണ് സാങ്കേതിക തടസമായി നിലനില്‍ക്കുന്നത്. അഞ്ചുവീടുകള്‍ ഇല്ലെന്നപേരില്‍ ശേഷിക്കുന്ന നാല് കുടുംബങ്ങളെ ദുരിതാവസ്ഥയിലേക്ക് തള്ളിവിടരുതെന്നും, ഇതൊരു പ്രത്യേക പ്രശ്‌നമായി പരിഗണിച്ച് അനുകൂല നിലപാട് സ്വീകരിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടതായി എം.എല്‍.എ പറഞ്ഞു.

പട്ടികജാതി വിഭാഗങ്ങള്‍ക്കായുള്ള ഫണ്ട് വിനിയോഗം കുറെ കൂടെ കാര്യക്ഷമമായി നടത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും, ഈ പ്രശ്‌നം അനുഭാവപൂര്‍വ്വം പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും കെ.കെ രമ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28500/problem-of-scheduled-caste-families-in-vadakara-kk-rema-mla-raised-in-the-assembly)