---
title: " സായൂജ്യം സമരരംഗത്ത്; 28 ന് വടകര റെയില്‍വേ സ്‌റ്റേഷനില്‍ ധര്‍ണ"
english_title: "In the struggle for OLD AGE ; Dharna at Vadakara railway station on 28th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/28654/in-the-struggle-for-old-age-dharna-at-vadakara-railway-station-on-28th"
published_at: "2022-02-26T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621a5dae620f6_ELDER PERSON.jpg"
keywords: []
---

#  സായൂജ്യം സമരരംഗത്ത്; 28 ന് വടകര റെയില്‍വേ സ്‌റ്റേഷനില്‍ ധര്‍ണ

> **Lead Summary:** വടകര: വയോജനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഓരോന്നായി പിന്‍വലിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ തൂണേരി ബ്ലോക്ക് സായൂജ്യം വയോജനസഭ നേതൃത്വത്തില്‍ 28 ന് വടകര റെയില്‍വേ സ്‌റ്റേഷനില്‍ ധര്‍ണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

വടകര: വയോജനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഓരോന്നായി പിന്‍വലിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ തൂണേരി ബ്ലോക്ക് സായൂജ്യം വയോജനസഭ നേതൃത്വത്തില്‍ 28 ന് വടകര റെയില്‍വേ സ്‌റ്റേഷനില്‍ ധര്‍ണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പകല്‍ 3 മുതല്‍ വൈകിട്ട് 6 വരെ നടക്കുന്ന ധര്‍ണ ഇ കെ വിജയന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെ കെ രമ എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു എന്നിവര്‍ സംസാരിക്കും. 2007 ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മെയ്ന്റനെസ് ആന്റ് വെല്‍ഫയര്‍ ഓഫ് പാരന്‍സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ട് പ്രകാരം 60 കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് നിയമപരമായി ലഭിച്ചത്.

എന്നാല്‍ ട്രെയിന്‍ യാത്രക്ക് ലഭിച്ചുകൊണ്ടിരുന്ന 40 ശതമാനം ടിക്കറ്റ് ഇളവ് താല്‍കാലികം എന്ന പേരില്‍ മരവിപ്പിച്ചു. ഇത് പൂര്‍ണമായും പിന്‍വലിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണ്. ഊന്നുവടി, വീല്‍ചെയര്‍ പദ്ധതിക്ക് അനുവദിച്ച തുക കേവലം 10 ലക്ഷമായി വെട്ടിക്കുറച്ചതായും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളത്തില്‍ എ കെ പീതാംബരന്‍, ടി കെ രാജന്‍, വി രാജലക്ഷ്മി, വി കെ ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/28654/in-the-struggle-for-old-age-dharna-at-vadakara-railway-station-on-28th)