---
title: "ദേശീയപാത നിർമ്മാണം; സോയിൽ നെയിലിങ് പദ്ധതിക്കെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ച് എസ്ഡിപിഐ "
english_title: "National Highway Construction SDPI organizes protest meeting against soil nailing project"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/288005/national-highway-construction-sdpi-organizes-protest-meeting-against-soil-nailing-project"
published_at: "2025-05-05T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68184d00570de_sdpi.jpg"
keywords: []
---

# ദേശീയപാത നിർമ്മാണം; സോയിൽ നെയിലിങ് പദ്ധതിക്കെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ച് എസ്ഡിപിഐ 

> **Lead Summary:** **വടകര: **വടകര ദേശീയ പാത നിർമ്മാണത്തിൻ്റെ ഭാഗമായി കേരളത്തിൽ പരാജയമാണെന്ന് നിരവധി സ്ഥലത്ത് തെളിഞ്ഞ സോയിൽ നെയിലിങ് പദ്ധതി നടപ്പിലാക്കുന്നതിനെതിരെ വടകരയിൽ എസ്‌ഡിപിഐ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കഴിഞ്ഞ മഴക്കാലത്തിന് മുമ്പായിരുന്നു മുക്കാളിയിലും മടപ്പള്ളിയിലും മൂരാടും സോയിൽ നെയിലിങ് പദ്ധതി നടപ്പിലാക്കിയത്. അന്ന് തന്നെ ജനങ്ങൾ ആശങ്ക രേഖപ്പെടുത്തിയതാണ്.

## Article Content

**വടകര: **വടകര ദേശീയ പാത നിർമ്മാണത്തിൻ്റെ ഭാഗമായി കേരളത്തിൽ പരാജയമാണെന്ന് നിരവധി സ്ഥലത്ത് തെളിഞ്ഞ സോയിൽ നെയിലിങ് പദ്ധതി നടപ്പിലാക്കുന്നതിനെതിരെ വടകരയിൽ എസ്‌ഡിപിഐ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കഴിഞ്ഞ മഴക്കാലത്തിന് മുമ്പായിരുന്നു മുക്കാളിയിലും മടപ്പള്ളിയിലും മൂരാടും സോയിൽ നെയിലിങ് പദ്ധതി നടപ്പിലാക്കിയത്. അന്ന് തന്നെ ജനങ്ങൾ ആശങ്ക രേഖപ്പെടുത്തിയതാണ്.

പക്ഷേ പുതിയ സാങ്കേതികവിദ്യയാണെന്നും ഇത് ഇവിടെ അനുയോജ്യമാണെന്നും പറഞ്ഞായിരുന്നു കോടികൾ മുടക്കി പദ്ധതി ഇവിടങ്ങളിൽ നടപ്പിലാക്കിയത്. എന്നാൽ മഴ ശക്തിയാർജിച്ചതോടെ മതിലുകൾ നിലംപൊത്തുകയായിരുന്നു. ഇതിന്റെ പേരിൽ ഒരുപാട് ദിവസം ഗതാഗത തടസ്സം ഉണ്ടാവുകയും ജനങ്ങൾ ദുരിതത്തിൽ ആവുകയും ചെയ്തിരുന്നു.

ഇവിടങ്ങളിലൊക്കെ തട്ടുതട്ടായുള്ള കോൺക്രീറ്റ് മതിലാണ് അനുയോജ്യം എന്ന് പിന്നീട് ഇവർ സമ്മതിക്കുകയും ചെയ്തതാണ്. പക്ഷേ തകർന്നുവീണിട്ട് ഒരു വർഷത്തോടടുത്തിട്ടും പുനർനിർമ്മാണം ഇവിടങ്ങളിൽ നടക്കുകയോ ജനങ്ങളുടെ ഭീതി അകറ്റാനോ ഇവർക്ക് സാധിച്ചിട്ടില്ല.

ഈയൊരു പശ്ചാത്തലത്തിലാണ് വീണ്ടും വടകര പഴങ്കാവ് നാഷണൽ ഹൈവേയിൽ ഇവിടുത്തെ കാലാവസ്ഥയിൽ പരാജയമാണെന്ന് തെളിഞ്ഞ സോയിൽ നെയിലിങ് പദ്ധതി നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെയാണ് എസ്‌ഡിപിഐ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

പ്രതിഷേധ സംഗമത്തിൽ എസ്‌ഡിപിഐ വടകര നിയോജകമണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് അംഗം ഷറഫുദ്ദീൻ പി പി വടകര സമരം ഉദ്ഘാടനം ചെയ്തു. വടകര നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് സിദ്ധിക്ക് പുത്തൂർ മണ്ഡലം ട്രഷറർ ബഷീർ കെ കെ,സമദ് മാകൂൽ എന്നിവർ സംസാരിച്ചു. സഫീർ വൈക്കിലശ്ശേരി, ഉനൈസ് ഒഞ്ചിയം, ജലിൽ വൈക്കിലശ്ശേരി, മുഷ്താക് കെ സി, സത്രം കുഞ്ഞിപ്പള്ളിതുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/288005/national-highway-construction-sdpi-organizes-protest-meeting-against-soil-nailing-project)