---
title: "ചോമ്പാല്‍ കല്ലുപാറയെ  പൈതൃക പട്ടികയില്‍  ഉള്‍പ്പെടുത്താന്‍ നടപടി തുടങ്ങി"
english_title: " Chompal Kallupara on the heritage list The process to include began"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29402/chompal-kallupara-on-the-heritage-list-the-process-to-include-began"
published_at: "2022-03-02T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f72cce9153_kallu para team.jpg"
keywords: []
---

# ചോമ്പാല്‍ കല്ലുപാറയെ  പൈതൃക പട്ടികയില്‍  ഉള്‍പ്പെടുത്താന്‍ നടപടി തുടങ്ങി

> **Lead Summary:** **അഴിയൂര്‍ : **ചോമ്പാല്‍ ഹാര്‍ബറില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ കടലില്‍ അഞ്ചേക്കറില്‍ സ്ഥിതിചെയ്യുന്ന വലിയ കല്ലുപാറയെ ജൈവവൈവിധ്യ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് വിദഗ്ധസംഘം കടലില്‍ കല്ലുപാറയില്‍ പോയി പഠനം നടത്തി. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന് അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കല്ലുപാറയുടെ ജൈവ വൈവിധ്യ പ്രാധാന്യം മനസ്സിലാക്കുന്നതിന് ജില്ലാതല ടെക്‌നിക്കല്‍ ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയത് .

## Article Content

**അഴിയൂര്‍ : **ചോമ്പാല്‍ ഹാര്‍ബറില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ കടലില്‍ അഞ്ചേക്കറില്‍ സ്ഥിതിചെയ്യുന്ന വലിയ കല്ലുപാറയെ ജൈവവൈവിധ്യ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് വിദഗ്ധസംഘം കടലില്‍ കല്ലുപാറയില്‍ പോയി പഠനം നടത്തി. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന് അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കല്ലുപാറയുടെ ജൈവ വൈവിധ്യ പ്രാധാന്യം മനസ്സിലാക്കുന്നതിന് ജില്ലാതല ടെക്‌നിക്കല്‍ ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയത് .

കോഴിക്കോട് CMFRI ( സെന്‍ട്രല്‍ മറൈന്‍ ഫിഷറിസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ) ലെ മുഖ്യ ശാസ്ത്രജ്ഞന്‍ ഡോ: പി കെ അശോകന്‍, ഫാറൂഖ് കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ: കിഷോര്‍ കുമാര്‍, മീഞ്ചന്ത ഗവ: ആര്‍ട്‌സ് &കോളേജിലെ സുവോളജി അസിസ്റ്റന്റ് പ്രൊഫസര്‍ അബ്ദുല്‍ റിയാസ്, ജൈവവൈവിധ്യ ബോര്‍ഡ് ജില്ല കോഡിനേറ്റര്‍ കെ പി മഞ്ജു, റിസര്‍ച്ച് ഫെലോ നിഖില്‍ എന്നിവരടങ്ങിയ സംഘമാണ് കടലിലെ കല്ലുപാറയില്‍ നേരിട്ട് പരിശോധന നടത്തിയത്.

അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ്, പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന കമ്മിറ്റി കണ്‍വീനര്‍ പികെ പ്രകാശന്‍, ഒ ടി ബാബു, പഞ്ചായത്ത് പ്രൊജക്റ്റ് അസിസ്റ്റന്റ് കെ കെ സഫീര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. കല്ലുപാറയിലെ 22 ഇനം സാമ്പിളുകള്‍ പഠനത്തിനായി ശേഖരിച്ചു. കടലില്‍ നിന്ന് പൊങ്ങി നില്‍ക്കുന്ന 150 മീറ്റര്‍ സ്‌ക്വയര്‍ വിസ്തീര്‍ണ്ണമുള്ള പാറക്കല്ലില്‍ വിവിധയിനം കടല്‍ പായലുകള്‍ ഉണ്ട്, കടല്‍ ജീവികളുടെ ഒളി താവളമാണ് കല്ലുപ്പാറ. വിവിധയിനം പക്ഷികളുടെ ഇടത്താവളവും ഭക്ഷണം കഴിക്കാനുള്ള ഇടവുമാണ് പാറക്കൂട്ടം, സാധാരണ കണ്ടുവരുന്ന ചെങ്കല്ല് പാറക്ക് പകരം ഗ്രാനൈറ്റ് പാറയാണ് അഴിയൂരിലെ കല്ലുപാറ. അന്യം നിന്ന് പോകുന്ന ധാരാളം സൂക്ഷ്മജീവികളെ പാറയില്‍ കണ്ടെത്തി.

രാവിലെ നടന്ന ഫീല്‍ഡ് പരിശോധക്ക് ശേഷം വിദഗ്ധസംഘം നാട്ടുകാരുമായും കടല്‍ തൊഴിലാളികളുമായും സംസാരികുന്നതിന് കൂടിയിരിപ്പ് പരിപാടി സംഘടിപ്പിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍മാരായ കെ ലീല, പി കെ പ്രീത, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, പി കെ പ്രകാശന്‍, ഒ ടി ബാബു,സിജോ, അമല്‍, അശോകന്‍, സുധീഷ് എന്നിവര്‍ സംസാരിച്ചു.

കല്ല് പാറയിലെ പരിശോധന അനുഭവങ്ങള്‍ ടെക്‌നീക്കല്‍ അംഗങ്ങള്‍ വിവരിച്ചു .അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ കടലില്‍ സ്ഥിതി ചെയ്യുന്ന വലിയ കല്ലു പാറയെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രാദേശിക ടൂറിസം, മത്സ്യത്തൊഴിലാളിയുടെ വരുമാന വര്‍ദ്ധനവിന് വേണ്ടി ഉത്തരവാദിത്ത ടൂറിസം, കുട്ടികള്‍ക്ക് പഠിക്കാന്‍ ആവശ്യമായ ഇന്റര്‍ ടൈഡല്‍ ടൂറിസം പദ്ധതി എന്നിവ ആരംഭിക്കുവാന്‍ യോഗം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു.

കൂടാതെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ബോട്ട് കല്ലുപാറയിലിടിച്ച് അപകടമുണ്ടായത് പോലുള്ള സംഭവം ഒഴിവാക്കുവാന്‍ സോളാര്‍ സിഗ്‌നല്‍ ലൈറ്റുകള്‍ പാറയില്‍ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പഠന റിപ്പോര്‍ട്ട് ഏറ്റവും വേഗത്തില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന് നല്‍കുമെന്ന് ജില്ലാ കോഡിനേറ്റര്‍ കെ പി മഞ്ജു അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29402/chompal-kallupara-on-the-heritage-list-the-process-to-include-began)