---
title: "വടകര മണ്ഡലത്തിന് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുമായി  കെ.കെ രമ എം.എല്‍.എ"
english_title: "KK Rema MLA for schools in Vadakara assembly constituency A comprehensive education plan is being prepared under the leadership of."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29509/kk-rema-mla-for-schools-in-vadakara-assembly-constituency-a-comprehensive-education-plan-is-being-prepared-under-the-leadership-of"
published_at: "2022-03-03T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6220734f5023e_k k rama mla.jpg"
keywords: []
---

# വടകര മണ്ഡലത്തിന് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുമായി  കെ.കെ രമ എം.എല്‍.എ

> **Lead Summary:** **വടകര: **വടകര നിയമസഭാ മണ്ഡലം പരിധിയിലെ വിദ്യാലയങ്ങള്‍ക്ക് കെ.കെ.രമ എം.എല്‍.എ. യുടെ നേതൃത്വത്തില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി ഒരുങ്ങുന്നു.

## Article Content

**വടകര: **വടകര നിയമസഭാ മണ്ഡലം പരിധിയിലെ വിദ്യാലയങ്ങള്‍ക്ക് കെ.കെ.രമ എം.എല്‍.എ. യുടെ നേതൃത്വത്തില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി ഒരുങ്ങുന്നു.

പദ്ധതിയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. എന്‍.എം.എം.എസ്, എന്‍.ടി.എസ്.ഇ, കെ.വി.പി.വൈ, എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് തുടങ്ങിയ പരീക്ഷകള്‍ക്കായി കുട്ടികളെ ഒരുക്കുക, എസ്.എസ്.എല്‍.സി പരീക്ഷയ്ക്കായി വിദഗ്ധരായ അധ്യാപകരുടെ ക്ലാസുകള്‍, മോട്ടിവേഷന്‍ ക്ലാസുകള്‍, പഞ്ചായത്ത് തലത്തില്‍ അധ്യാപക സംഗമങ്ങള്‍, പി.ടി.എ, എം.പി.ടി.എ, എസ്.എം.സി, എസ്.എസ്.ജി ഭാരവാഹികള്‍ക്കുള്ള ശില്‍പശാലകള്‍, രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണം, പഠനോപകരണ നിര്‍മാണം, വായനാ സാമഗ്രികള്‍ ഒരുക്കല്‍, ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പിന്തുണ സംവിധാനങ്ങള്‍, പഠന സാമഗ്രികളായി വര്‍ക്കിഷീറ്റ്, വര്‍ക്ക് ബുക്കുകള്‍ ഒരുക്കല്‍, പഞ്ചായത്ത് തലത്തില്‍ അംഗന്‍ വാടി, നഴ്‌സറി അധ്യാപകരുടെ സംഗമങ്ങള്‍, യോഗ, മാര്‍ഷ്യല്‍ ആര്‍ട്‌സ്, കലാ പരിശീലനങ്ങള്‍, ദേശീയതലത്തില്‍ പ്രശസ്തരായ കരിയര്‍ വിദഗ്ധരെ ഉള്‍പെടുത്തിയുള്ള കരിയര്‍ ഗൈഡന്‍സ് സെല്‍, സിവില്‍ സര്‍വീസ് പരിശീലനം, പ്രതിഭകളെയും, സാമൂഹ്യ, സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള വിദ്യാര്‍ഥികളെയും കണ്ടെത്തി പഠന പിന്തുണ ഉറപ്പാക്കല്‍ എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഔദ്യോഗക ഉദ്ഘാടനം മെയ് രണ്ടാംവാരത്തില്‍ നടക്കും. അതിനു മുന്‍പുതന്നെ കുട്ടികള്‍ക്ക് ഈ വര്‍ഷത്തെ പരീക്ഷാ പരിശീലനങ്ങള്‍ ആരംഭിക്കുമെന്ന് കെ.കെ രമ പറഞ്ഞു. പല വിദ്യാര്‍ഥികളും വിദ്യാഭ്യാസ മേഖലയിലെ പരീക്ഷകളെയും ഭാവി കരുപ്പിടിപ്പിക്കാന്‍ ആവശ്യമായ കോഴ്‌സുകളെയും കുറിച്ച് അജ്ഞരാണ്.

ഇത്തരം അറിവുകള്‍ ചെറിയ ക്ലാസുകളില്‍തന്നെ കുട്ടികളിലെത്തിക്കുകയും അവരവരുടെ മേഖലകള്‍ കണ്ടെത്താനും അതിന് പ്രോത്സാഹനവും പിന്തുണയും ആവശ്യമായ സാഹചര്യങ്ങളും ഏര്‍പ്പെടുത്തുകയുമാണ് ലക്ഷ്യമിടുന്നതെന്നും എം.എല്‍.എ അറിയിച്ചു.

ബി.ഇ.എം ഹയര്‍സെക്കന്‍ഡറിയില്‍ നടന്ന സംഘാടക സമിതി രൂപീകരണയോഗത്തില്‍ കെ.കെ രമ എം.എല്‍.എ അധ്യക്ഷയായി.

പദ്ധതി രൂപരേഖ ഡോ. ശശികുമാര്‍ പുറമേരി അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി ചന്ദ്രശേഖരന്‍(ചോറോട്), പി.ശ്രീജിത്ത്(ഒഞ്ചിയം), ആയിഷ ഉമ്മര്‍(അഴിയൂര്‍), ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ദീപുരാജ്, നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സിന്ധു പ്രേമന്‍, ഡി.ഇ.ഒ കെ.വാസു, ചോമ്പാല എ.ഇ.ഒ വിജയന്‍, വടകര എ.ഇ.ഒ കെ.സതീശന്‍, തോടന്നൂര്‍ എ.ഇ.ഒ സി.കെ ആനന്ദകുമാര്‍, എം.സി പ്രമോദ്, ആര്‍.ഷിജു സംസാരിച്ചു.

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, കെ.കെ രമ എം.എല്‍.എ, നഗരസഭ അധ്യക്ഷ കെ.പി ബിന്ദു, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷക്കീല ഈങ്ങോളി, ആയിഷ ഉമ്മര്‍,പി.പി ചന്ദ്രശേഖരന്‍, പി.ശ്രീജിത്ത്, റിട്ട. ഡി.ഡി.ഇമാരായ പി.പി ദാമോദരന്‍, ശ്രീധരന്‍, ഗൗരി, കമല(രക്ഷാധികാരികള്‍), ഡി.ഇ.ഒ കെ.വാസു(ചെയര്‍മാന്‍), എ.ഇ.ഒമാരായ വിജയന്‍, കെ.സതീശന്‍, സി.കെ ആനന്ദ്കുമാര്‍, വടകര ബി.ആര്‍.സി ബി.പി.സി വിനോദ് (വൈസ് ചെയര്‍മാന്‍), ഡോ.ശശികുമാര്‍ പുറമേരി(ജന.കണ്‍വീനര്‍), ചോറോട് ഹയര്‍സെക്കന്‍ഡറി പ്രധാനാധ്യാപിക സബിത, നഗരസഭ പ്രതിപക്ഷനേതാവ് കെ.അസീസ്, കെ.ദീപുരാജ്(ജോ. കണ്‍വീനര്‍), എം.എന്‍ പ്രമോദ്(കോഓഡിനേറ്റര്‍) എന്നിവരടങ്ങുന്ന വിപുലമായ സംഘാടക സമിതി രൂപീകരണവും നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29509/kk-rema-mla-for-schools-in-vadakara-assembly-constituency-a-comprehensive-education-plan-is-being-prepared-under-the-leadership-of)