---
title: "വനിതാ ദിനത്തില്‍  ആനവണ്ടിയില്‍  സ്ത്രീകള്‍ക്ക് ഉല്ലാസയാത്ര"
english_title: "KSRTC Woman Travel Week  start  on Women's Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29753/ksrtc-woman-travel-week-start-on-womens-day"
published_at: "2022-03-04T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62220e0c41607_ullasa yathra .jpg"
keywords: []
---

# വനിതാ ദിനത്തില്‍  ആനവണ്ടിയില്‍  സ്ത്രീകള്‍ക്ക് ഉല്ലാസയാത്ര

> **Lead Summary:** **വടകര: ** വനിതാദിനത്തില്‍ (മാര്‍ച്ച് 8) സ്ത്രീകള്‍ക്ക് സഞ്ചരിക്കാനായി താമരശേരി ഡിപ്പോ ഒരുക്കുന്ന വുമണ്‍ ട്രാവല്‍ വീക്കിന് പിന്തുണയേറുന്നു. മൂന്നാര്‍, നെല്ലിയാമ്പതി, മലക്കപ്പാറ, വയനാട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് കുടുംബശ്രീക്കാരും തൊഴിലുറപ്പുകാരും ഉള്‍പ്പെടെയുള്ളവരാണ് ബുക്കിങ്ങിനായി എത്തുന്നത്.

## Article Content

**വടകര: ** വനിതാദിനത്തില്‍ (മാര്‍ച്ച് 8) സ്ത്രീകള്‍ക്ക് സഞ്ചരിക്കാനായി താമരശേരി ഡിപ്പോ ഒരുക്കുന്ന വുമണ്‍ ട്രാവല്‍ വീക്കിന് പിന്തുണയേറുന്നു. മൂന്നാര്‍, നെല്ലിയാമ്പതി, മലക്കപ്പാറ, വയനാട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് കുടുംബശ്രീക്കാരും തൊഴിലുറപ്പുകാരും ഉള്‍പ്പെടെയുള്ളവരാണ് ബുക്കിങ്ങിനായി എത്തുന്നത്.

കുടുംബമായി ആനവണ്ടിയില്‍ സഞ്ചാരത്തിനൊരുങ്ങുന്നവരുമുണ്ട്. എട്ടിന് രാവിലെ ആറരയ്ക്ക് വയനാട്ടിലേക്ക് പെണ്ണകം വനിതാ കൂട്ടായ്മയുടേതാണ് ആദ്യ യാത്ര. പൊതുജനങ്ങളെ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാനും ഒപ്പം വരുമാനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഉല്ലാസയാത്ര ഒരുക്കുന്നത്. വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്ക് മാത്രമാണ് യാത്ര. എല്ലാ ദിവസങ്ങളിലേക്കും ബുക്കിങ് ഉറപ്പായതായി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി കെ ബിന്ദു പറഞ്ഞു.

സ്ത്രീകള്‍ക്ക് ഒറ്റയ്ക്കും കൂട്ടമായും ബുക്ക് ചെയ്യാം. എല്ലാ സംഘത്തിനൊപ്പവും ഒരു വനിതാ കോ ഓര്‍ഡിനേറ്ററും ഉണ്ടാകും.. വനിതാദിനത്തിലെ യാത്രയില്‍ ഓരോ ബസ്സിലും അഭിഭാഷക, ഡോക്ടര്‍, അധ്യാപിക എന്നിവരുടെ സേവനമുണ്ടാകും. ഇവരുമായി യാത്രക്കാര്‍ക്ക് സംവദിക്കാം. വയനാട്ടിലേക്ക് 50 പേര്‍ക്ക് ബസ്സില്‍ യാത്രചെയ്യാം. ഒരാള്‍ക്ക് ഭക്ഷണമടക്കം 650 രൂപയാണ് ചെലവ്. രാത്രി തിരിച്ചെത്തും. മൂന്നാറിലേക്ക് എയര്‍ബസ് സര്‍വീസാണ്.

39 പേര്‍ക്ക് ഒറ്റത്തവണ പോകാം. ഒരാള്‍ക്ക് 1750 രൂപ. ഫിലിം ഷൂട്ടിങ് പോയന്റ്, ടാറ്റാ ടീ മ്യൂസിയം, ഇക്കോ പോയന്റ്, ടോപ്പ് സ്റ്റേഷന്‍, കുണ്ടള ഡാം, മാട്ടുപെട്ടി ഡാം, ടീ ഫോറസ്റ്റ് ഫ്‌ലവര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.

അഞ്ച് കേന്ദ്രങ്ങളിലെയും ടിക്കറ്റിന്റെയും ഭക്ഷണത്തിന്റെയും ചെലവ് യാത്രക്കാര്‍ വഹിക്കണം. നെല്ലിയാമ്പതിക്ക് 36 പേര്‍ക്കാണ് അവസരം. നാലുനേരത്തെ ഭക്ഷണമുള്‍പ്പെടെ 1050 രൂപ ഈടാക്കും. മലക്കപ്പാറയിലേക്കും വണ്ടര്‍ലായിലേക്കും യാത്രയുണ്ട്. വനിതാദിനത്തില്‍ വണ്ടര്‍ലായിലെ ടിക്കറ്റുകള്‍ സൗജന്യമാണ്. കൊച്ചി മെട്രോയിലും പോകാം. 1450 രൂപയാണ് നിരക്ക്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29753/ksrtc-woman-travel-week-start-on-womens-day)