---
title: "ദേശീയ പാത സ്ഥലമെട്ടുപ്പ് ; ചോമ്പാല്‍ മിനി സ്റ്റേഡിയത്തിന്റെ  നഷ്ടപരിഹാര തുകയെ  ചൊല്ലി  തര്‍ക്കം"
english_title: "National Highway Land Acquisition; Dispute over compensation for Chompal Mini Stadium"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/29849/national-highway-land-acquisition-dispute-over-compensation-for-chompal-mini-stadium"
published_at: "2022-03-05T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6222f2faaf22d_CHOMBAL GROUND .jpg"
keywords: []
---

# ദേശീയ പാത സ്ഥലമെട്ടുപ്പ് ; ചോമ്പാല്‍ മിനി സ്റ്റേഡിയത്തിന്റെ  നഷ്ടപരിഹാര തുകയെ  ചൊല്ലി  തര്‍ക്കം

> **Lead Summary:** **അഴിയൂര്‍ :** ചോമ്പാല്‍ മിനി സ്റ്റേഡിയത്തിന്റെ സ്ഥലം ദേശീയ പാതക്ക് അക്യുസിഷന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടു ലഭിച്ച നഷ്ടപരിഹാര തുക വക്കഫ് ബോര്‍ഡിന് നല്‍ക്കണമെന്ന വക്കഫ് സംരക്ഷണ സമിതിയുടെ ആവശ്യത്തെ ചൊല്ലി തര്‍ക്കം. കഴിഞ്ഞ 38 വര്‍ഷമായി അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് കൈവശം വച്ച ചോമ്പാല്‍ മിനി സ്റ്റേഡിയത്തിന്റ്‌റെ നഷ്ടപരിഹാരത്തിനാണ് അവകാശ വാദവുമായി സംരക്ഷണ സമിതി രംഗത്തെത്തിയത്.

## Article Content

**അഴിയൂര്‍ :** ചോമ്പാല്‍ മിനി സ്റ്റേഡിയത്തിന്റെ സ്ഥലം ദേശീയ പാതക്ക് അക്യുസിഷന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടു ലഭിച്ച നഷ്ടപരിഹാര തുക വക്കഫ് ബോര്‍ഡിന് നല്‍ക്കണമെന്ന വക്കഫ് സംരക്ഷണ സമിതിയുടെ ആവശ്യത്തെ ചൊല്ലി തര്‍ക്കം. കഴിഞ്ഞ 38 വര്‍ഷമായി അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് കൈവശം വച്ച ചോമ്പാല്‍ മിനി സ്റ്റേഡിയത്തിന്റ്‌റെ നഷ്ടപരിഹാരത്തിനാണ് അവകാശ വാദവുമായി സംരക്ഷണ സമിതി രംഗത്തെത്തിയത്.

സ്റ്റേഡിയത്തിന്റെ 30 സെന്റ് ഭൂമിയും മതില്‍ കെട്ടിയ ഭാഗവും ദേശീയ പാത വികസനത്തിന് ആവശ്യമാണെന്ന് കാണിച്ചു ലാന്‍ഡ് അക്യുസിഷന്‍ തഹസില്‍ദാറുടെ ഓഫീസില്‍ നിന്നും പഞ്ചായത്തിന് അറിയിപ്പ് ലഭിച്ചിരുന്നു. നഷ്ടപരിഹാര തുക ലഭിക്കുന്നതിന് വേണ്ടി ഇതിനാവശ്യമായ രേഖകള്‍ സമര്‍പ്പിച്ചിരുന്നു. അതിനിടയിലാണ് ഈ തുക ലഭിക്കാനായി പഞ്ചായത്തിനെ കക്ഷിചേര്‍ത്തു വക്കഫ് സംരക്ഷണ സമിതി വക്കഫ് ട്രിബ്യുണനില്‍ കേസ് ഫയല്‍ ചെയ്തത് .ഇതോടെ നഷ്ടപരിഹാരം പഞ്ചായത്തിന് ലഭിക്കുന്നത് തര്‍ക്കത്തില്‍ കുടുങ്ങിയിരിക്കുകയാണ്,.

വര്‍ഷങ്ങളായി പഞ്ചായത്തിന്റെ ഭൂമിയില്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും ഇത് പൊതു കളി സ്ഥലമാണെന്നും പൊതു സ്വത്തായി തുടരണമെന്നതും പഞ്ചായത്ത് ട്രിബ്യുണനില്‍ കൊടുത്ത ഹര്‍ജിയില്‍ പ്രതിപാദിക്കുന്നുണ്ട്.വര്‍ഷങ്ങളോളം കൈവശംവെച്ചിരിക്കുന്ന പഞ്ചായത്തിന്റെ ഭൂമിയില്‍ മറ്റൊരാള്‍ക്കും അവകാശമില്ലെന്നും പഞ്ചായത്ത് . ട്രിബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. കഥകളിലും വാമൊഴിയിലും ചരിത്രങ്ങളിലും നിറഞ്ഞുനിന്ന സ്റ്റേഡിയം വീണ്ടും തര്‍ക്കങ്ങള്‍ കൈവിടാതെ തുടരുകയാണ് .

1975 ല്‍ ഒന്‍പത് ഏക്കറോളം വരുന്ന ചോമ്പാല്‍ മൈതാനത്തിന്റെ ഉടമസ്ഥ അവകാശത്തെ കുറിച്ച് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു . ദീര്‍ഘകാലം കേസുകള്‍ നടന്നെങ്കിലും ഒടുവില്‍ സ്റ്റേഡിയത്തിന്റെ സ്ഥലം മറ്റു ആവശ്യങ്ങളിലേക്ക് പോകുമെന്ന് വന്നതോടെ ഇത് പൊതു സ്വത്തായി മാറണമെന്നു ആവശ്യപ്പെട്ടു ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചു .തുടര്‍ന്ന് ചോമ്പാലിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍ രൂപീകരിച്ച പൗര സമിതി കളി സ്ഥലം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു പ്രക്ഷോഭത്തിലായിരുന്നു .

പി. ബാബു രാജ് സെക്രട്ടറിയും കെ.കെ. ജയചന്ദ്രന്‍ പ്രസിഡന്റ് ,എന്‍. പി. രവീന്ദ്രന്‍ കണ്‍വീനറായും യുവാക്കളുടെ കൂട്ടായ്മ രൂപീകരിച്ചു. പിന്നീട് പരേതനായ കെ.പൈതല്‍ ചെയര്‍മാനായും പി. രാഘവന്‍ കണ്‍വീനറായും മൈതാന സംരക്ഷണ സമിതി രൂപീകരിച്ചു . പ്രക്ഷോഭം ശക്തമായതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ പതാകകള്‍ മിനി സ്റ്റേഡിയത്തില്‍ കുത്തി സമരം ശക്തിപ്പെടുത്തി .1984 ല്‍ പ്രതിഷേധം കുഴപ്പങ്ങളില്ലേക്ക് കടക്കുമെന്ന് വന്നതോടെ മുല്ലപ്പളി രാമചന്ദ്രന്‍ , സി. കെ. പി. ചെറുമമ്മുകേയി , പി. ആര്‍. കുറുപ്പ് എന്നിവരുടെ മധ്യസ്ഥത നടത്തുകയും മൊത്ത ഭൂമിയില്‍ മൂന്നു ഏക്കര്‍ അറുപത്തിയൊന്‍പതേ മുക്കാല്‍ സ്ഥലം കളിസ്ഥലത്തിനായി പഞ്ചായത്തിന് വിട്ടുകൊടുക്കാന്‍ ധാരണയായി .സ്ഥലം പഞ്ചായത്തിലേക്ക് രജിസ്റ്റര്‍ ചെയ്തു നല്‍കി . പിന്നീട് മിനി സ്റ്റേഡിയത്തില്‍ ജനപ്രതിനിധികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെയും ഫണ്ടുകള്‍ ഉപയോഗിച്ച് ചുറ്റുമതില്‍ ,സ്റ്റേജ് എന്നിവയും നിര്‍മിച്ചിരുന്നു.

സ്റ്റേഡിയം വാടകക്ക് നല്‍കിയും മറ്റും പഞ്ചായത്തിന് വരുമാനം ലഭിച്ചിരുന്നു സ്‌റേഡിയത്തിനായി ലഭിച്ച നഷ്ടപരിഹാര തുകയില്‍ നിന്നും സിന്തറ്റിക് ട്രാക്കും ഫുട്‌ബോള്‍ , ക്രിക്കറ്റ് കളികള്‍ക്കായി ആധുനിക സ്റ്റേഡിയം പണിയാം എന്ന് കരുതിയ കായിക പ്രേമികള്‍ക്ക് ഇത് വന്‍ തിരിച്ചടിയായി മാറി.പ്രസ്തുത മൈതാനത്തിന്റെ മുപ്പത് സെന്റ് ഭൂമി മതില്‍ കെട്ടിയഭാഗം ദേശീയപാത വികസനത്തിന് ആവശ്യമാണെന്ന അറിയിപ്പ് ലഭിച്ചതിനെതുടര്‍ന്ന് പഞ്ചായത്ത് നഷ്ടപരിഹാരത്തുക ലഭിക്കുന്നതിനുവേണ്ടി എല്ലാവിധ അസ്സല്‍രേഖകളും എല്‍.എ. തഹസില്‍ദാര്‍ക്ക് സമര്‍പ്പിച്ചതായി അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് ആയിഷ ഉമ്മര്‍ അറിയിച്ചു.

38 വര്‍ഷമായി പഞ്ചായത്ത് കൈവശംവെച്ചുവരുന്ന നാടിന്റെ പൊതുസ്വത്തായ മൈതാനം അന്യാധീനപ്പെടാതെ സംരക്ഷിക്കണമെന്ന് അഴിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പി.ബാബുരാജ്, താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല എന്നിവര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/29849/national-highway-land-acquisition-dispute-over-compensation-for-chompal-mini-stadium)