---
title: "മുഖ്യമന്ത്രി നാളെയെത്തും; വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് നാളെ നാടിന് സമർപ്പിക്കും "
english_title: "Vadakara Municipality Office cum Shopping Complex dedicated tomorrow cheif minister pinarayi vijayan "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/299272/vadakara-municipality-office-cum-shopping-complex-dedicated-tomorrow-cheif-minster-pinarayi-vijayan"
published_at: "2025-06-29T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6860e38e18235_WhatsApp_Image_2025-06-29_at_12.26.05_PM.jpeg"
keywords: []
---

# മുഖ്യമന്ത്രി നാളെയെത്തും; വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് നാളെ നാടിന് സമർപ്പിക്കും 

> **Lead Summary:** **വടകര: **വടകര നഗരസഭക്ക് പുതുതായി നിർമിച്ച ഓഫീസ് കം ഷോപ്പിങ് കോംപ്ലക്സിന്റെ ‌ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

## Article Content

**വടകര: **വടകര നഗരസഭക്ക് പുതുതായി നിർമിച്ച ഓഫീസ് കം ഷോപ്പിങ് കോംപ്ലക്സിന്റെ ‌ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, എംഎൽഎമാരായ കെ കെ രമ, ഇ കെ വിജയൻ, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ഷാഫി പറമ്പിൽ എം പി, ചെയർപേഴ്സൺ കെ പി ബിന്ദു എന്നിവർ പങ്കെടുക്കും.

പഴയ ബസ്‌സ്റ്റാന്‍ഡിന് സമീപത്തെ ഭഗവതി കോട്ടക്കല്‍ ക്ഷേത്രത്തിന് എതിര്‍വശത്തുള്ള കേളുവേട്ടന്‍ സ്മാരക മന്ദിരത്തിലേക്ക് പോകുന്ന റോഡിന് വടക്കാണ് നഗരസഭ ഓഫീസും ഷോപ്പിങ് കോംപ്ലക്സും അടങ്ങിയ നാലുനില കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.

15 കോടി രൂപ ചെലവില്‍ 6,500 സ്‌ക്വയര്‍ ഫീറ്റിലായി നിര്‍മിച്ച കെട്ടിടത്തില്‍ 53 മുറികളാണുള്ളത്. മുറികള്‍ കച്ചവട ആവശ്യത്തിന് വാടകക്ക് നല്‍കാനാണ് തീരുമാനം. മുനിസിപ്പല്‍ ഓഫീസിന് പുറമെ കൗണ്‍സില്‍ ഹാള്‍, ലിഫ്റ്റുകള്‍, അഗ്‌നി നിയന്ത്രണ സംവിധാനം, പാര്‍ക്കിങ് സൗകര്യം, വിവിധ വകുപ്പുകള്‍ക്ക് പ്രത്യേകം മുറികള്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തിലുണ്ട്.

ഹരിത, നെറ്റ് കാര്‍ബണ്‍ മാനദണ്ഡം പാലിച്ചാണ് കെട്ടിടം പരിപാലിക്കുക. വിശാലമായ സൗകര്യങ്ങളോടെയുള്ള ഓഫീസ് കെട്ടിടം വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്കും ഉപകാരപ്രദമാകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/299272/vadakara-municipality-office-cum-shopping-complex-dedicated-tomorrow-cheif-minster-pinarayi-vijayan)