മടപ്പള്ളി: (vatakara.truevisionnews.com)മടപ്പള്ളി ഗവ:കോളേജ് അലുംനി അസോസിയേഷൻ ഒരുമയുടെ രണ്ടാം വാർഷികം വിവിധ പരിപാടികളോടെ വടകര നടന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സ്റ്റേറ്റ് പ്രസിഡന്റും മുൻ മടപ്പള്ളി കോളേജ് അധ്യാപകനുമായ പ്രൊഫ. കെ പാപ്പുട്ടി ഉദ്ഘാടനം ചെയ്തു.
കാലത്ത് നടന്ന ഗുരുവന്ദന ചടങ്ങിൽ ഒരുമ പ്രസിഡന്റ് ഡോ:ബിന്ദു അരവിന്ദ് അധ്യക്ഷത വഹിച്ചു. തുടർന്ന് കോളജിലെ വിവിധ വകുപ്പുകളിലെ മുൻ അധ്യാപകരെ ആദരിച്ചു. ചന്ദ്രൻ ഒ.കെ സ്വാഗതവും ശ്യാമള കൃഷ്ണാർപ്പിതം നന്ദിയും പറഞ്ഞു. ഒരുമയിലെ കുടുംബാംഗങ്ങൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, കരോക്കെ ഗാനമേള ഉൾപ്പെടെയുള്ള വിവിധ കലാ പരിപാടികളും നടന്നു.
വൈകിട്ട് നടന്ന “ആദരിക്കലും അനുമോദിക്കലും ”എന്ന ചടങ്ങിൽ ഒരുമ സെക്രട്ടറി വിനീത്കുമാർ. ജി .കെ സ്വാഗതം പറഞ്ഞു. ഡോ. ബിന്ദു അരവിന്ദ് അധ്യക്ഷയായ ചടങ്ങിൽ ശ്രീകുമാരൻ തമ്പിയെ വി.ടി മുരളി പൊന്നാടയണിച്ചു ആദരിച്ചു. ഇതോടൊപ്പം കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും വ്യവസായ പ്രമുഖനുമായ ഗോകുലം ഗോപാലനെയും പൂർവ്വ വിദ്യാർത്ഥിയും ഏഷ്യാനെറ്റ് മുൻ എം ഡി യും വാട്സ് ഡിസ്‌നി മേധാവിയുമായ കെ മാധവനെയും പൂർവ്വ വിദ്യാർത്ഥി കൂടിയായ എം.ടി രമേഷ് പൊന്നാടയണിയിച്ചു ആദരിച്ചു.
പൂർവ്വ വിദ്യാർഥിയായ എം ശ്രീനാഥ് വരച്ച ഛായചിത്രവും അദ്ദേഹത്തിന് സമ്മാനിച്ചു. ഇതോടൊപ്പം കോഴിക്കോട് ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള അവാർഡ് നേടിയ മണിയൂർ പഞ്ചായത്ത് പ്രസിഡന്റും പൂർവ്വ വിദ്യാർഥി ടി.കെ അഷ്‌റഫിനേയും പൊതുജന ആരോഗ്യപരിപാലന രംഗത്ത് കാഴ്ച വെച്ച സേവനത്തിനു കേരള മാപ്പിള സംഗീത അക്കാദമിയുടെ ഗോൾഡൻ എക്സെലൻസി അവാർഡ് നേടിയ ഡോ. പി.പി പ്രമോദ് കുമാറിനെയും അനുമോദിച്ചു.
കേരള സർക്കാരിന്റെ സാമൂഹ്യ സേവന രംഗത്തെ മികച്ച പ്രവർത്തകക്കായുള്ള നാരീ പുരസ്‌കാരം നേടിയ, ഒരുമയുടെ പ്രസിഡന്റായ ഡോ:ബിന്ദു അരവിന്ദിനെയും ശ്രീകുമാരൻ തമ്പി പൊന്നാടയണിയിച്ചു അനുമോദിച്ചു. ചടങ്ങിൽ ആർ.ടി ശശി, മാതൃഭൂമി ചീഫ് സബ് എഡിറ്റർ ദിനേശൻ കരിപ്പള്ളി, രമേശൻ വിലങ്ങിൽ എന്നിവർ സംസാരിച്ചു.
മലയാള സിനിമാമേഖലയിലെ ബഹുമുഖ പ്രതിഭയായ ശ്രീകുമാരൻ തമ്പിക്ക് കടത്താനാടിന്റെ ആദരം എന്ന നിലയിൽ അദ്ദേഹത്തിന്റെ സിനിമാഗാനങ്ങളിലൂടെയുള്ള ഒരു സംഗീത യാത്ര “ഹൃദയ സരസ്സിലെ ”എന്ന മ്യൂസിക്കൽ പ്രോഗ്രാമും വൈകിട്ട് അരങ്ങേറി. ചലച്ചിത്ര പിന്നണി ഗായകരായ രൂപേഷ്, സിന്ധു പ്രേം കുമാർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഒപ്പം ഒരുമയിലെ ഗായകരും പങ്കു ചേർന്നു.
Honors and felicitations at Madappally Government College