---
title: " അതി ജീവിതകളുടെ ഉയിര്‍പ്പുകളാണ് ഇനി  സ്ത്രീ ജീവിതങ്ങള്‍ :   കെ.കെ.രമ എം.എല്‍.എ"
english_title: "Women's Day event at Mercy College of Teacher Education"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30555/womens-day-event-at-mercy-college-of-teacher-education"
published_at: "2022-03-08T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622772e3e5784_k k rama mla.jpg"
keywords: []
---

#  അതി ജീവിതകളുടെ ഉയിര്‍പ്പുകളാണ് ഇനി  സ്ത്രീ ജീവിതങ്ങള്‍ :   കെ.കെ.രമ എം.എല്‍.എ

> **Lead Summary:** വടകര: തങ്ങള്‍ക്ക് നേരെയുണ്ടായ കടന്നാക്രമണങ്ങളില്‍ സ്ത്രീകള്‍ പകച്ചു പോവുകയും ഇരകളാക്കി ചിത്രീകരിച്ച് സമൂഹം അവരോട് സഹതപിക്കുകയും ചെയ്യുന്നതാണ് ഒരു പൊതു കാഴ്ചയെന്നും അതില്‍ നിന്നു മാറി അതിജീവിതകളായി സ്ത്രീ കരുത്ത് കാട്ടേണ്ട സമയമായെന്നും ചലചിത്ര നടി ഭാവനയുടെ ധീര നിലപാടിനെ ഉയര്‍ത്തിപ്പിടിച്ച് കെ.കെ. രമ എംഎല്‍എ പറഞ്ഞു.

## Article Content

വടകര: തങ്ങള്‍ക്ക് നേരെയുണ്ടായ കടന്നാക്രമണങ്ങളില്‍ സ്ത്രീകള്‍ പകച്ചു പോവുകയും ഇരകളാക്കി ചിത്രീകരിച്ച് സമൂഹം അവരോട് സഹതപിക്കുകയും ചെയ്യുന്നതാണ് ഒരു പൊതു കാഴ്ചയെന്നും അതില്‍ നിന്നു മാറി അതിജീവിതകളായി സ്ത്രീ കരുത്ത് കാട്ടേണ്ട സമയമായെന്നും ചലചിത്ര നടി ഭാവനയുടെ ധീര നിലപാടിനെ ഉയര്‍ത്തിപ്പിടിച്ച് കെ.കെ. രമ എംഎല്‍എ പറഞ്ഞു.

മേഴ്‌സി കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനില്‍ നടന്ന വനിതാ ദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ മാത്രമായി പരിഹരിക്കേണ്ട ഒന്നല്ലെന്നും പുരുഷന്മാര്‍ കൂടി ഉള്‍പ്പെടുന്ന സമൂഹത്തിന് മാറ്റം വരണമെന്നും ലിംഗസമത്വം എല്ലാ മേഖലയിലും പൂര്‍ത്തിയാവേണ്ടതുണ്ടെന്നും എം.എല്‍ എ പറഞ്ഞു.

മാറ്റം കുടുംബങ്ങളില്‍ നിന്നു തുടങ്ങണം. സ്ത്രീയെ അടിമയായി കാത്തു സൂക്ഷിക്കുന്ന കുടുബഘടനയെ മാറ്റി പണിയേണ്ടതുണ്ട്. പുതിയ തലമുറയില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും തന്റേടമുള്ള സ്വന്തം അഭിപ്രായങ്ങളുള്ള ഇന്നിന്റെ പുതുതലമുറ നാളെയുടെ ലിംഗസമത്വത്തിലേക്കുള്ള കരുത്തുറ്റ ചാലകശക്തിയാണെന്നും കെ.കെ.രമ പറഞ്ഞു. വടകര ബ്ലോക്ക് പഞ്ചായത്ത് കാര്‍ത്തികപ്പള്ളി ഡിവിഷന്‍ അംഗം സൗമ്യ.കെ.പി അധ്യക്ഷയായിരുന്നു.

കോളേജ് അധ്യാപികമാരായ ബിജിന ബി ആര്‍, അനോഷറിന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.പാര്‍വ്വതി, പ്രിറ്റി, ഹര്‍ഷ എന്നിവര്‍ സംസാരിച്ചു. 'സുസ്ഥിരമായ നാളേയ്ക്കായി ഇന്ന് ലിംഗസമത്വം' എന്ന മുദ്രാവാക്യത്തിലൂന്നി പ്രസംഗം ,ഹ്രസ്വ സിനിമ, തെരുവു നാടകം, ദൃശ്യാവിഷ്‌കാരങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30555/womens-day-event-at-mercy-college-of-teacher-education)