---
title: "കെ സി രവിയുടെ വേർപാട്, നാടിന് നഷ്ടമായത് നിസ്വാർഥനായ പൊതു പ്രവർത്തകനെ"
english_title: " KC Ravi death the country has lost a selfless public servant"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/307109/kc-ravi-death-the-country-has-lost-a-selfless-public-servant"
published_at: "2025-08-07T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6894abf1dfddf_kv_ravi.jpg"
keywords: []
---

# കെ സി രവിയുടെ വേർപാട്, നാടിന് നഷ്ടമായത് നിസ്വാർഥനായ പൊതു പ്രവർത്തകനെ

> **Lead Summary:** **തണ്ണീർപന്തൽ: **സി പി ഐ നേതാവ് കെ സി രവിയുടെ വേർപാടിലൂടെ നാടിന് നഷ്ടമായത് നിസ്വാർഥനായ പൊതു പ്രവർത്തകനെയാണ്. മൂന്നു പതിറ്റാണ്ടായി പൊതു രാഷ്ട്രീയ രംഗത്ത് സജീവമായിരുന്ന അദ്ദേഹം നിരവധിയായ ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുകയും പരിഹാരം കാണുന്നതുവരെ കൂടെ നിൽക്കുകയും ചെയ്തിരുന്ന വ്യക്തിയാണ്.

## Article Content

**തണ്ണീർപന്തൽ: **സി പി ഐ നേതാവ് കെ സി രവിയുടെ വേർപാടിലൂടെ നാടിന് നഷ്ടമായത് നിസ്വാർഥനായ പൊതു പ്രവർത്തകനെയാണ്. മൂന്നു പതിറ്റാണ്ടായി പൊതു രാഷ്ട്രീയ രംഗത്ത് സജീവമായിരുന്ന അദ്ദേഹം നിരവധിയായ ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുകയും പരിഹാരം കാണുന്നതുവരെ കൂടെ നിൽക്കുകയും ചെയ്തിരുന്ന വ്യക്തിയാണ്.

രണ്ട് വർഷത്തോളമായി കിഡ്നി രോഗബാധിതനായി ഡയാലിസ് ചെയ്തു വന്നിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചാണ് മരണപ്പെട്ടത്. അസൂഖങ്ങൾക്കിടയിലും പാർട്ടി പ്രവർത്തനങ്ങളിലും പ്രദേശത്തിൻ്റെ വികസന കാര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. വടകര തണലിൽ ഡയാലിസ് ചെയ്തു വന്നിരുന്ന അദ്ദേഹം അവിടെ ഡയാലിസിന് വരുന്ന പാവപ്പെട്ട രോഗികളെ സഹായിക്കാൻ രൂപീകരിച്ച കൂട്ടായ്മയുടെ കൺവീനർ ആയിരുന്നു.

നിരവധി രോഗികൾക്ക് മുഖ്യമന്ത്രിയുടെ ചികിത്സാ സഹായം വാങ്ങിച്ചു കൊടുക്കുന്നതിനും മറ്റു സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കുന്നതിനും അദ്ദേഹം മുൻകൈ എടുത്തു. എന്നും സാധാരണക്കാരുടെ കൂടെ നിൽക്കുകയും അവരുടെ ജീവിത പ്രയാസങ്ങൾ ലഘൂകരിക്കുന്നതിന് മുന്നിട്ടിറങ്ങി പ്രവർത്തിക്കുകയും ചെയ്ത മനുഷ്യസ്നേഹിയായിരുന്നു കെ സി രവി.

കലാ- സാംസ്കാരിക രംഗത്തും അദ്ദേഹത്തിൻ്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരുമായും നല്ല ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.സി പി ഐ തണ്ണീർപന്തൽ ബ്രാഞ്ച് സെക്രട്ടറി, ആയഞ്ചേരി ലോക്കൽ സെക്രട്ടറി, മണ്ഡലം കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ച കെ സി രവിയുടെ മരണവാർത്ത അറിഞ്ഞ് സമൂഹത്തിൻ്റെ നാനാതുറകളിലുള്ള നിരവധി പേരാണ് വീട്ടിലെത്തിയത്.

സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സത്യൻ മൊകേരി, അഡ്വ. പി വസന്തം, ജില്ല സെക്രട്ടറി അഡ്വ. പി ഗവാസ്, സംസ്ഥാന കൗൺസിൽ അംഗം കെ കെ ബാലൻ മാസ്റ്റർ, പാർട്ടി നേതാക്കളായ പി സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, അജയ് ആവള , കെ പി പവിത്രൻ, അഡ്വ. കെ പി ബിനൂപ്, അഭിജിത്ത് കോറോത്ത്,എൻ എം വിമല, ശ്രീജിത്ത് മുടപ്പിലായി, എൻ എം ബിജു, റീന സുരേഷ്,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ വി ടി ബാലൻ, കാട്ടിൽ മൊയ്തു, കെ ഗോവിന്ദൻ, സി എച്ച് ഹമീദ്,മീത്തലെ കാട്ടിൽ നാണു, അഷറഫ് വെള്ളിലാട്ട് എന്നിവർ അന്തിമോപചാരമർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/307109/kc-ravi-death-the-country-has-lost-a-selfless-public-servant)