---
title: "കൊയിലാണ്ടി വളപ്പിലെ കടല്‍ഭിത്തി നിര്‍മാണം  ഉടന്‍ ആരംഭിക്കുമെന്ന് കെ.കെ.രമ എം.എല്‍.എ"
english_title: "k k rema vatakara mla office press release "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/30935/k-k-rema-vatakara-mla-office-press-release"
published_at: "2022-03-10T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622a07c9373d0_beach vatakara.jpg"
keywords: []
---

# കൊയിലാണ്ടി വളപ്പിലെ കടല്‍ഭിത്തി നിര്‍മാണം  ഉടന്‍ ആരംഭിക്കുമെന്ന് കെ.കെ.രമ എം.എല്‍.എ

> **Lead Summary:** **വടകര:** താഴെ അങ്ങാടി കൊയിലാണ്ടിവളപ്പ് തീരദേശവാസികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പ് സഫലമാകുന്നു. കൊയിലാണ്ടിവളപ്പ് ആനാട് ഭാഗത്തെ കടല്‍ഭിത്തിക്കായി ജലവിഭവവകുപ്പിന്റെ ഫണ്ടില്‍നിന്നും ഒരുകോടി 12 ലക്ഷം രൂപ ഭരണാനുമതിയായതായി കെ.കെ രമ എം.എല്‍.എ അറിയിച്ചു.

## Article Content

**വടകര:** താഴെ അങ്ങാടി കൊയിലാണ്ടിവളപ്പ് തീരദേശവാസികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പ് സഫലമാകുന്നു. കൊയിലാണ്ടിവളപ്പ് ആനാട് ഭാഗത്തെ കടല്‍ഭിത്തിക്കായി ജലവിഭവവകുപ്പിന്റെ ഫണ്ടില്‍നിന്നും ഒരുകോടി 12 ലക്ഷം രൂപ ഭരണാനുമതിയായതായി കെ.കെ രമ എം.എല്‍.എ അറിയിച്ചു.

കടല്‍ക്ഷോഭം നിമിത്തം നിരന്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന തീരപ്രദേശമാണ് ഇത്. കടലിനോടു ഏറെ ചേര്‍ന്ന് അതിജീവനം നടത്തുന്ന നിരവധി കുടുംബങ്ങള്‍ ഇവിടെയുണ്ട്. കടല്‍ ഭിത്തി തകര്‍ന്നു കിടക്കുന്നതിനാല്‍ ഓരോ കാലവര്‍ഷക്കാലത്തും ഇവര്‍ വീടൊഴിഞ്ഞു കുടുംബവീടുകളിലേക്കോ, ദുരിതാശ്വാസ ക്യാംപുകളിലേക്കോ പോകേണ്ട അവസ്ഥയാണ്. പ്രദേശവാസികള്‍ നിരന്തരം അധികാരികളോട് പ്രശ്‌നങ്ങള്‍ പറഞ്ഞെങ്കിലും പര്യാപ്തമായ ഫണ്ടുകളോ, ശാശ്വതപരിഹാരമോ ഇതുവരെ കണ്ടിരുന്നില്ല.

കഴിഞ്ഞ മഴക്കാലത്തും ഇവിടെ കടലെടുത്ത് ദുരിതം വിതച്ചിരുന്നു. കെ.കെ രമ എം.എല്‍.എയോട് വാര്‍ഡ് കൗണ്‍സിലര്‍ വി.വി നിശാബിയും നാട്ടുകാരും ദുരിതാവസ്ഥ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജലവിഭവ വകുപ്പിന് നല്‍കിയ പ്രൊപ്പോസലിലാണ് ഫണ്ട് ലഭിച്ചിരിക്കുന്നത്.

ആദ്യ 100 മീറ്ററില്‍ കടല്‍ഭിത്തിക്കായി 72,44,824 രൂപയുടെ നിര്‍മാണത്തിന് ടെണ്ടറായിരുന്നു. ഇതിനു പുറമെയാണ് ശേഷിക്കുന്ന 100 മീറ്ററിനായി 40ലക്ഷം കൂടെ നേടിയെടുക്കാന്‍ കഴിഞ്ഞത്. ഒട്ടും വൈകാതെ തന്നെ കടല്‍ഭിത്തിയുടെ പ്രവൃത്തി തുടങ്ങുമെന്ന് കെ.കെ രമ എം.എല്‍.എ അറിയിച്ചു.

സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ വരാനിരിക്കുന്ന മഴക്കാലത്ത് ആശങ്കകളില്ലാതെ പ്രദേശവാസികള്‍ക്ക് സ്വന്തം വീടുകളില്‍ താമസിക്കാന്‍ കഴിയുമെന്നും എം.എല്‍.എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/30935/k-k-rema-vatakara-mla-office-press-release)