---
title: "അധികാരം തന്നെ.. ! അധികാര ദുർവിനിയോഗം നടത്തുന്നുവെന്ന ഹോട്ടൽ ഉടമകളുടെ ആരോപണത്തിന് സപ്ലൈ ഓഫീസറുടെ മറുപടി"
english_title: "Supply officer responds to hoteliers' allegations of abuse of power"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31221/supply-officer-responds-to-hoteliers-allegations-of-abuse-of-power"
published_at: "2022-03-12T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622c10cb4065b_Untitled-1.jpg"
keywords: []
---

# അധികാരം തന്നെ.. ! അധികാര ദുർവിനിയോഗം നടത്തുന്നുവെന്ന ഹോട്ടൽ ഉടമകളുടെ ആരോപണത്തിന് സപ്ലൈ ഓഫീസറുടെ മറുപടി

> **Lead Summary:** **വടകര : **ഹോട്ടലുകളിലും ചായക്കടകളിലും ബേക്കറികളിലും പരിശോധന നടത്തി നോട്ടീസ് നൽകിയ വടകര സപ്ലൈ ഓഫീസറുടെ നടപടി അധികാര ദുർവിനിയോഗമാണെന്ന കുറ്റ്യാടി കെ.എച്ച് ആർ എ യുടെ (ഹോട്ടൽ ഉടമകളുടെ) ആരോപണത്തിന് സപ്ലൈ ഓഫീസറുടെ മറുപടി.

## Article Content

**വടകര : **ഹോട്ടലുകളിലും ചായക്കടകളിലും ബേക്കറികളിലും പരിശോധന നടത്തി നോട്ടീസ് നൽകിയ വടകര സപ്ലൈ ഓഫീസറുടെ നടപടി അധികാര ദുർവിനിയോഗമാണെന്ന കുറ്റ്യാടി കെ.എച്ച് ആർ എ യുടെ (ഹോട്ടൽ ഉടമകളുടെ) ആരോപണത്തിന് സപ്ലൈ ഓഫീസറുടെ മറുപടി.

അധികാര ദുർവിനിയോഗ മല്ല, ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമാണ് നിർവ്വഹിക്കുന്നതെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസർ ടി.സി സജീവൻ പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫീസ് നൽകുന്ന വിശദീകരണം ഇങ്ങനെ.....

പൊതുവിപണി നിരീക്ഷിക്കുക, നിയന്ത്രിക്കുക, അമിതവില , കരിഞ്ചന്ത എന്നിവ തടയുക, വില വിവരപ്പട്ടിക പ്രദർശിപ്പിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുക എന്നീ കാര്യങ്ങൾ നിർവ്വഹിക്കുക എന്നത് ഭക്ഷ്യ -പൊതു വിതരണഉപഭോക്തൃ വകുപ്പിൻ്റെ ഉത്തരവാദിത്തമാണ്. .

ആയതിൻ്റെ അടിസ്ഥാനത്തിൽ തട്ടുകടകൾ , അനാദി കടകൾ, പച്ചക്കറി കടകൾ, ഹോട്ടലുകൾ , മത്സ്യ മാംസ മാർക്കറ്റുകൾ , എൽ പി ജി ഔട്ട്ലെട്ടുകൾ പെട്രോൾ പമ്പ് തുടങ്ങി എവിടെ ഒരു ഉപഭോക്താവ് ഉണ്ടോ അവിടെയൊക്കെ ഉപഭോക്‌താവിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ട് എന്ന് ഈ വക സ്ഥാപനങ്ങൾ പരിശോധിച്ച് ഉറപ്പാക്കേണ്ടതും ആവശ്യമായ റിപ്പോർട്ടുകൾ നൽകേണ്ടതും താലൂക്ക് സപ്ലൈ ഓഫീസിന്റെ ചുമതലയിൽ പെട്ടതാണ്.

കുറ്റ്യാടിയിലെ ഹോട്ടലുകൾ ചായക്കും എണ്ണ പലഹരങ്ങൾക്കും അമിത വില ഈടാക്കുന്നതായി കുറ്റ്യാടിയിൽ തന്നെയുള്ള പൊതു പ്രവർത്തകരുടെയും ഉപഭോക്താക്കളുടെയും രേഖാമൂലമുള്ളതും ഫോൺ വഴിയുമുള്ള നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

പരിശോധനയിൽ ഒരു സാധാരണ ചായയ്ക്ക് 13 രൂപ വരെ - (അമിത വില ) ഈടാക്കുന്ന ഒരു ഹോട്ടൽ ഇവിടെയുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്.. കൂടാതെ എണ്ണ പലഹാരങ്ങൽക്ക് സമീപത്തെ താലൂക്കുകളിലും മുൻസിപ്പാലിറ്റികളിലും ഉള്ളതിനേക്കാൾ അധിക വില ഈടാക്കുന്നതായും കണ്ടെത്താൻ കഴിഞ്ഞു.

കൂടാതെ ചില ഹോട്ടലുകളോട് ചേർന്നുള്ള ബേക്കറികളിൽ പാക്കേജ്ഡ് കമ്മോടിട്ടി ആക്റ്റ് പ്രകാരമുള്ള ലൈസൻസ് ഇല്ലാതെ സ്വന്തം ഇഷ്ട പ്രകാരം സാധനങ്ങൾ പാക്ക് ചെയ്ത മാനദണ്ഡപ്രകാരമല്ലാഞ്ഞ ലേബലൊട്ടിച്ച് വിതരണം നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.. ഇത് നിയമവിരുദ്ധമാണ്.

ഒരു ഹോട്ടലിൽ ഹോട്ടലിനോട്ചേർന്നു ള്ള അനധികൃതമായ സ്ഥലത്ത് പ്രവർത്തനങ്ങൾ നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ ലൈസൻസ് നേടാത്ത ഒരു ഹോട്ടലും പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത നിരവധി ഹോട്ടലുകളം, വില വിവര പട്ടിക പ്രദർശിപ്പിക്കാത്ത ഹോട്ടലുകളും ഇവിടെ പ്രവർത്തിക്കുന്നുതായി കണ്ടെത്തിയിട്ടുണ്ട് - മലിന ജലം ശാസ്ത്രീയമായ രീതിയിൽ ഒഴിവാക്കുന്നതിനുള്ള നടപടിയും പല ഹോട്ടലുകളിലുമില്ല - മേൽ പറഞ്ഞ നിയമ ലംഘനങ്ങൾക്കു കാരണം കാണിക്കാനും അമിത വില ഈടാക്കുന്നത് തടയാനും നോട്ടീസ് നൽകിയത് പൂർണ്ണമായും നിയമവിധേയമായ ഉത്തരവാദിത്തത്തിൽ നിന്നുകൊണ്ടാണെന്ന് അറിയിക്കുന്നു. ഉപഭോക്തൃ കാര്യ വകുപ്പ് എന്ന നിലയിൽ പരിശോധനകൾ ഇനിയും തുടരുന്നതാണ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31221/supply-officer-responds-to-hoteliers-allegations-of-abuse-of-power)