---
title: "ഉക്രെയിനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക്  സഹായവുമായി കെ.കെ.രമ എം.എല്‍.എ"
english_title: "For students returning from Ukraine KK Rama MLA with help"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/31360/for-students-returning-from-ukraine-kk-rama-mla-with-help"
published_at: "2022-03-12T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622ca83d6d985_ukraine student meeting.jpg"
keywords: []
---

# ഉക്രെയിനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക്  സഹായവുമായി കെ.കെ.രമ എം.എല്‍.എ

> **Lead Summary:** **വടകര : **റഷ്യന്‍ കടന്നാക്രമണത്തെ തുടര്‍ന്ന് ഉക്രെയിനില്‍ നിന്ന് മടങ്ങിയെത്തിയ വടകര നിയമസഭാ മണ്ഡലത്തിലെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സംഗമം കെ.കെ.രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. പഠനവും തൊഴിലുമടക്കം ഭാവി അനിശ്ചിതത്വത്തിലായ മുപ്പതിലേറെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് യോഗത്തിന് എത്തിയത്.

## Article Content

**വടകര : **റഷ്യന്‍ കടന്നാക്രമണത്തെ തുടര്‍ന്ന് ഉക്രെയിനില്‍ നിന്ന് മടങ്ങിയെത്തിയ വടകര നിയമസഭാ മണ്ഡലത്തിലെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സംഗമം കെ.കെ.രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. പഠനവും തൊഴിലുമടക്കം ഭാവി അനിശ്ചിതത്വത്തിലായ മുപ്പതിലേറെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് യോഗത്തിന് എത്തിയത്.

എം.എല്‍.എയ്ക്ക് പുറമെ വടകര ആര്‍.ഡി.ഒ ബിജു, ഡോ.ശശികുമാര്‍ പുറമേരി ,ഇസ്മയില്‍.പി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അടിയന്തിര സാഹചര്യത്തില്‍ മടങ്ങിവരുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകളടക്കം പ്രധാന രേഖകള്‍ ഇപ്പോഴും ഉക്രെയിനില്‍ കുരുങ്ങിക്കിടക്കുന്ന നിരവധി വിദ്യാര്‍ത്ഥികളുണ്ട്.

വലിയ സാമ്പത്തിക ബാദ്ധ്യതയും വര്‍ഷങ്ങളുടെ കഠിനാദ്ധ്വാനവും വെറുതെയാവുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. ഉക്രെയിനില്‍ നേരിട്ടു കണ്ട യുദ്ധക്കെടുതികളും തിരിച്ചു വരവിന് നേരിടേണ്ടി വന്ന പ്രയാസങ്ങളും പല വിദ്യാര്‍ത്ഥികളെയും മാനസിക സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഇവരുടെ തുടര്‍പഠന സാധ്യതകള്‍ എന്തെന്നുള്ള കാര്യത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഒരുപോലെ ആശങ്കയിലാണ്. അടിയന്തിര പ്രാധാന്യത്തോടെ ഈ വിദ്യാര്‍ത്ഥികളുടെ പ്രശ്‌ന പരിഹാരത്തിനും സുരക്ഷിതഭാവി ഉറപ്പു വരുത്താനുംകേന്ദ്ര കേരള സര്‍ക്കാരുകളില്‍ ഇടപെടണമെന്ന് എം.എല്‍.എ ആവശ്യപെട്ടു. അതിനായി അധികാരികളുമായി ബന്ധപ്പെടുമെന്നും അവര്‍ അറിയിച്ചു.

നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഇന്ത്യയില്‍ തന്നെ തുടര്‍ന്ന് പഠിക്കാനുള്ള സാധ്യതകള്‍ ആരായും. എം.എല്‍.എ ഓഫീസ് ഈ വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായ കേന്ദ്രമായി പ്രവര്‍ത്തിക്കും. ഏതു സന്ദര്‍ഭത്തിലും ഈ ആവശ്യത്തിന് വിദ്യാര്‍ത്ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ എം.എല്‍.എയോ ഓഫീസിലോ ബന്ധപ്പെടാവുന്നതാണെന്നും, നിയമസഭയില്‍ ഈ പ്രശ്‌നം അര്‍ഹിക്കുന്ന ഗൗരവത്തില്‍ ഉന്നയി ക്കുമെന്നും എം.എല്‍.എ ഉറപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/31360/for-students-returning-from-ukraine-kk-rama-mla-with-help)