---
title: "കേന്ദ്രമന്ത്രിക്ക് കത്തയച്ചു; വടകര ബീച്ച് പോസ്റ്റ് ഓഫിസ് നിർത്തലാക്കുന്നതിനെതിരെ കെ.കെ രമ എം.എൽ.എ "
english_title: "K.K. Rama MLA writes to Union Minister against closure of Vadakara Beach Post Office"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/316375/kk-rama-mla-writes-to-union-minister-against-closure-of-vadakara-beach-post-office"
published_at: "2025-09-22T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d11d7c0cb8b_kk.jpg"
keywords: []
---

# കേന്ദ്രമന്ത്രിക്ക് കത്തയച്ചു; വടകര ബീച്ച് പോസ്റ്റ് ഓഫിസ് നിർത്തലാക്കുന്നതിനെതിരെ കെ.കെ രമ എം.എൽ.എ 

> **Lead Summary:** **വടകര: **താഴെ അങ്ങാടിയിലെ തീരദേശ ജനതയുടെ ഏക പോസ്റ്റ് ഓഫിസായ ബീച്ച് പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടുന്നതിനെതിരെ കെ.കെ രമ എം.എൽ.എ കേന്ദ്ര വാർത്താവിനിമയ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിൻഹയ്ക്കും കേരള സർക്കിൾ പോസ്റ്റ് മാസ്റ്റർ ജനറൽ ജ്യോസ്യുല ടി വെങ്കടേശ്വരലുവിനും കത്തയച്ചു.

## Article Content

**വടകര: **താഴെ അങ്ങാടിയിലെ തീരദേശ ജനതയുടെ ഏക പോസ്റ്റ് ഓഫിസായ ബീച്ച് പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടുന്നതിനെതിരെ കെ.കെ രമ എം.എൽ.എ കേന്ദ്ര വാർത്താവിനിമയ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിൻഹയ്ക്കും കേരള സർക്കിൾ പോസ്റ്റ് മാസ്റ്റർ ജനറൽ ജ്യോസ്യുല ടി വെങ്കടേശ്വരലുവിനും കത്തയച്ചു.

ബീച്ച് പോസ്റ്റ് ഓഫിസ് നിർത്തലാക്കിയാൽ തീരദേശത്തെ നൂറുകണക്കിന് ആളുകൾ ഏറെ ബുദ്ധിമുട്ടും. മത്സ്യതൊഴിലാളികൾ, ചെറുകിട വ്യാപാരികൾ, ദിവസവേതനക്കാർ തുടങ്ങി നിരവധി പേരാണ് പോസ്റ്റ് ഓഫിസിനെ ആശ്രയിക്കുന്നത്. തപാൽ ആവശ്യങ്ങൾക്കു പുറമെ ബാങ്കിംഗ്, ഇൻഷുറൻസ്, ആനുകൂല്യങ്ങളുടെ കൈമാറ്റം, സ്കൂൾ, കോളജുകൾ എന്നിവയിൽ നിന്നുള്ള സ്കോളർഷിപ്പുകൾ എന്നിവ പോസ്റ്റ് ഓഫിസ് വഴിയാണ് വിതരണം ചെയ്യുന്നത്.

മുൻപ് വടകര ബസാർ പോസ്റ്റ് ഓഫിസ് ബീച്ച് പോസ്റ്റ് ഓഫിസുമായി ലയിപ്പിച്ചിരുന്നു. വടകരയിലെ ആർ.എം.എസ് ഓഫിസും അടച്ചു പൂട്ടി. ബീച്ച് പോസ്റ്റ് ഓഫിസ് കൂടെ പൂട്ടുന്നതോടെ പ്രദേശത്തെ ജനങ്ങൾ തപാൽ സേവനങ്ങൾക്കായി ഏഴു കിലോമീറ്ററോളം യാത്ര ചെയ്ത് ചോറോടോ, വടകര ഹെഡ് പോസ്റ്റ് ഓഫിസിലേക്കോ പോകേണ്ടിവരും. ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളെയും ദുരിതത്തിലാഴ്ത്തുന്ന നടപടിയിൽ നിന്നും പിൻതിരിയണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/316375/kk-rama-mla-writes-to-union-minister-against-closure-of-vadakara-beach-post-office)