---
title: "'കുട്ടികളുടെ ഉല്ലാസ യാത്ര' : വടകരയിൽ നിന്ന്  പെറ്റ് സ്റ്റേഷനിലേക്ക്  ഒരുക്കിയത് മറക്കാനാവാത്ത ഒരു സ്വപ്നയാത്ര "
english_title: "'Children's Fun Trip': An unforgettable dream trip from Vadakara to 'Pet Station'"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/319776/childrens-fun-trip-an-unforgettable-dream-trip-from-vadakara-to-pet-station"
published_at: "2025-10-10T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8b910481e2_SGFXBV.jpg"
keywords: []
---

# 'കുട്ടികളുടെ ഉല്ലാസ യാത്ര' : വടകരയിൽ നിന്ന്  പെറ്റ് സ്റ്റേഷനിലേക്ക്  ഒരുക്കിയത് മറക്കാനാവാത്ത ഒരു സ്വപ്നയാത്ര 

> **Lead Summary:** വടകര:**[**വടകരയിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ണൂരിലെ മാട്ടൂലിലുള്ള 'പെറ്റ് സ്റ്റേഷൻ' ലക്ഷ്യമാക്കി നടത്തിയ ഉല്ലാസ യാത്ര, പങ്കെടുത്തവർക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളും രക്ഷിതാക്കളുമായി നൂറോളം പേർ രണ്ടു ബസുകളിലായാണ് ഈ യാത്രയിൽ അണിനിരന്നത്. വർണ്ണപ്പക്ഷികളും അപൂർവയിനം മത്സ്യങ്ങളുമുള്ള പെറ്റ് സ്റ്റേഷനിലെ അന്തരീക്ഷം കുട്ടികളിൽ നിറഞ്ഞ സന്തോഷം പകർന്നു.

## Article Content

വടകര:**[**വടകരയിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ണൂരിലെ മാട്ടൂലിലുള്ള 'പെറ്റ് സ്റ്റേഷൻ' ലക്ഷ്യമാക്കി നടത്തിയ ഉല്ലാസ യാത്ര, പങ്കെടുത്തവർക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളും രക്ഷിതാക്കളുമായി നൂറോളം പേർ രണ്ടു ബസുകളിലായാണ് ഈ യാത്രയിൽ അണിനിരന്നത്. വർണ്ണപ്പക്ഷികളും അപൂർവയിനം മത്സ്യങ്ങളുമുള്ള പെറ്റ് സ്റ്റേഷനിലെ അന്തരീക്ഷം കുട്ടികളിൽ നിറഞ്ഞ സന്തോഷം പകർന്നു.

അവിടെയെത്തിയ കുട്ടികൾ വർണ്ണപ്പക്ഷികൾക്ക് തീറ്റ നൽകുകയും അവയെ താലോലിക്കുകയും ചെയ്ത നിമിഷങ്ങൾ പുതിയ അനുഭവമായി മാറി. ഭിന്നശേഷിയുള്ളവരെന്ന് തോന്നാത്ത വിധം അവർ പരസ്പരം ഇടപഴകുകയും സന്തോഷിക്കുകയും ചെയ്ത കാഴ്ച, അവർക്കൊപ്പമെത്തിയ രക്ഷിതാക്കളുടെ മനസ്സിൽ വല്ലാത്തൊരു അനുഭൂതി പരത്തി. വടകരയിലെ നാരായണി ജ്വല്ലറി സ്ഥാപകൻ പുത്തൂർ സുധർമന്റെ സ്മരണാർത്ഥം ബന്ധുക്കളും സുഹൃത്തുക്കളും സ്ഥാപന ജീവനക്കാരും ചേർന്നാണ് ഈ യാത്ര സംഘടിപ്പിച്ചത്. ഇവർക്കൊപ്പം വടകര ബ്ലോക്ക് പരിവാർ എന്ന ഭിന്നശേഷിക്കാരുടെ സംഘടനയും പങ്കുചേർന്നു.

വടകര ടൗണിൽ വെച്ച് അനിരുദ്ധൻ.ടി, പി.പി.രാജൻ, സുവിൻ സുധർമൻ, റിയാസ്, അഫ്‌സൽ പികെസി, ഉനൈസ് എന്നിവർ ചേർന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പരിവാർ പ്രസിഡന്റ് സുഗതൻ സി.കെ, സെക്രട്ടറി റസീല ബഷിർ, റീജ പ്രദീപ്, രേഖ, നൂർജഹാൻ, വടകര ആശാഹോസ്പിറ്റൽ ഡോക്ടേഴ്സ്, സ്റ്റാഫ് തുടങ്ങിയവരാണ് യാത്രയ്ക്ക് നേതൃത്വം നൽകിയത്. യാത്ര അവസാനിപ്പിച്ച് മടങ്ങുമ്പോൾ, ഇനിയും വരണമെന്ന നിറഞ്ഞ ആഗ്രഹത്തോടെയാണ് കുട്ടികൾ സന്തോഷം പങ്കുവെച്ചത്. പങ്കെടുത്തെത്തിയ എല്ലാവർക്കും ഇത് ജീവിതത്തിൽ മറക്കാനാവാത്ത ഒരധ്യായമായി മാറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/319776/childrens-fun-trip-an-unforgettable-dream-trip-from-vadakara-to-pet-station)