---
title: "ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം കുഞ്ഞിപ്പള്ളിയിൽ വഴി അടഞ്ഞു; അടിപ്പാത നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മനുഷ്യപാത തീർക്കും"
english_title: "Road blocked in Kunjippally due to unscientific construction of national highway; SDPI will build a human path in protest against non-construction of underpass"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/320232/road-blocked-in-kunjippally-due-to-unscientific-construction-of-national-highway-sdpi-will-build-a-human-path-in-protest-against-non-construction-of-underpass"
published_at: "2025-10-12T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ebc15da3be9_sdpi.jpg"
keywords: []
---

# ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം കുഞ്ഞിപ്പള്ളിയിൽ വഴി അടഞ്ഞു; അടിപ്പാത നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മനുഷ്യപാത തീർക്കും

> **Lead Summary:** അഴിയൂർ: ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെട്ട കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാത നിർമിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതീകാത്മകമായി മനുഷ്യപാത തീർത്ത് സമരം ചെയ്യുമെന്ന് എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു.

## Article Content

അഴിയൂർ: ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെട്ട കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാത നിർമിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതീകാത്മകമായി മനുഷ്യപാത തീർത്ത് സമരം ചെയ്യുമെന്ന് എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു.

ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണത്തോടെ ആയിരക്കണക്കിന് ആളുകൾ ദിനേന ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വഴി അടഞ്ഞിരിക്കുകയാണ്. റോഡിൻ്റെ കിഴക്ക് ഭാഗത്ത് പോലീസ് സ്റ്റേഷൻ,കൃഷി ഓഫീസ്,ഹെൽത്ത് സെന്റെർ,വ്യാപാര സ്ഥാപനങ്ങളും പടിഞ്ഞാറ് ഭാഗത്ത് സ്കൂൾ,മദ്രസ,കോളേജ്,ചരിത്രപ്രസിദ്ധമായ കുഞ്ഞിപ്പള്ളിയും, ബസ്റ്റോപ്പും,ടൗണിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ജനങ്ങളും അധിവസിക്കുന്നു,പാനൂർ,പെരിങ്ങത്തൂർ, ഓർക്കാട്ടേരി തുടങ്ങിയ കിഴക്കൻ മേഖലകളിലേക്ക് പോകുന്ന പ്രധാന ടൗണും കൂടിയാണിത്.

ദേശീയപാത നിർമ്മാണത്തോടെ വഴി അടയുകയും കാൽനടയാത്ര പോലും സാധിക്കാതെ ഇരുവശത്തെയും ജനങ്ങൾ ഏറെ ദുരിതമനുഭവിക്കുകയുമാണിവിടെ. തൊട്ടടുത്ത് മുക്കാളിയിൽ ജനങ്ങളുടെ ആവശ്യം പരിഗണിച്ച് അടുത്തടുത്തായി മൂന്നോളം അടിപ്പാതകൾ ഉണ്ട്.

പണിപൂർത്തീകരിച്ച അഴിയൂർ മുഴപ്പിലങ്ങാട് ബൈപ്പാസിൽ നിരവധി സ്ഥലങ്ങളിൽ അടുത്തടുത്തായി അടിപ്പാത ഉണ്ടെന്ന് മാത്രമല്ല ജനങ്ങളുടെ ആവശ്യം പരിഗണിച്ച് പണിപൂർത്തീകരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടുള്ള കവിയൂരിൽ സിഗ്നൽ ഭാഗത്ത് അടിപ്പാതയുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

സമീപപ്രദേശങ്ങളിൽ ജനങ്ങളുടെ ആവശ്യം പരിഗണിച്ച് അധികാരികൾ അടിപ്പാതകൾ അനുവദിക്കുമ്പോൾ കുഞ്ഞിപ്പള്ളി ടൗണിനോട് മാത്രം കാണിക്കുന്ന ഈ വിവേചനം പ്രതിഷേധാർഹമാണെന്ന് യോഗം വിലയിരുത്തി. ഈ ആവശ്യം ഉന്നയിച്ച് പാർട്ടി നിരവധി തവണ നിവേദനം നൽകുകയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജനദുരിതം കണ്ടില്ലെന്ന് നടിക്കുന്ന അധികാരികൾക്കെതിരെ എസ്ഡിപിഐ ശക്തമായ സമരത്തിനൊരുങ്ങുകയാണ്.

> ഇതിന്റെ ഭാഗമായി ഒക്ടോബർ 15 വൈകിട്ട് 4:30 ന് കുഞ്ഞിപ്പള്ളി ടൗണിൽ ദേശീയപാത നിർമ്മാണ സ്ഥലത്ത് പ്രതീകാത്മകമായി "മനുഷ്യപാത" തീർക്കുമെന്നും മുഴുവൻ ജനാധിപത്യ വിശ്വാസികളും സമരത്തിൽ അണിചേരണമെന്നും പ്രസ്താവനയിൽ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സവാദ് വി പി അധ്യക്ഷത വഹിച്ച യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡൻ്റ് ഷംസീർ ചോമ്പാല,മണ്ഡലം ജോ സെക്രട്ടറി അൻസാർ യാസർ,സെക്രട്ടറി മനാഫ് കുഞ്ഞിപ്പള്ളി,സനൂജ് ബാബരി,സാഹിർ പുനത്തിൽ എന്നിവർ സംസാരിച്ചു. നസീർ കൂടാളി,റഹീസ് ബാബരി,റമീസ് വിപി,റഫീക്ക് തങ്ങൾ,റഹീസ് വിപി,അർഷാദ് എകെ,ഇർഷാദ് പള്ളിയത്ത് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/320232/road-blocked-in-kunjippally-due-to-unscientific-construction-of-national-highway-sdpi-will-build-a-human-path-in-protest-against-non-construction-of-underpass)