---
title: "മനുഷ്യനെ സ്‌നേഹത്തിന്റെ കാണാച്ചരട് കൊണ്ട്  ബന്ധിപ്പിക്കുന്നതാണ് ആത്മീയത : സ്വാമി ഗുരുരത്‌നം"
english_title: "One day satsanga held at Vadakara Villappally Upashram -JYOTHIR DAY"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/32763/one-day-satsanga-held-at-vadakara-villappally-upashram-jyothir-day"
published_at: "2022-03-19T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6236108942053_SWAMI PHOTO.jpg"
keywords: []
---

# മനുഷ്യനെ സ്‌നേഹത്തിന്റെ കാണാച്ചരട് കൊണ്ട്  ബന്ധിപ്പിക്കുന്നതാണ് ആത്മീയത : സ്വാമി ഗുരുരത്‌നം

> **Lead Summary:** **വടകര: **മനുഷ്യരെ തമ്മില്‍ സ്‌നേഹത്തിന്റെ കാണാച്ചരട് കൊണ്ട് ബന്ധിപ്പിക്കുന്നതാണ് ആത്മീയതയെന്നും ആത്മജ്ഞാനത്തിന്റെ വഴികാട്ടിയാണ് ഗുരുവെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിലെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിര്‍ദിനത്തിന്റെ ആഘോഷപരിപാടികളോടനുബന്ധിച്ച് വടകര വില്യാപ്പള്ളി ഉപാശ്രമത്തില്‍ നടന്ന ഏകദിന സത്സംഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.

## Article Content

**വടകര: **മനുഷ്യരെ തമ്മില്‍ സ്‌നേഹത്തിന്റെ കാണാച്ചരട് കൊണ്ട് ബന്ധിപ്പിക്കുന്നതാണ് ആത്മീയതയെന്നും ആത്മജ്ഞാനത്തിന്റെ വഴികാട്ടിയാണ് ഗുരുവെന്നും ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിലെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിര്‍ദിനത്തിന്റെ ആഘോഷപരിപാടികളോടനുബന്ധിച്ച് വടകര വില്യാപ്പള്ളി ഉപാശ്രമത്തില്‍ നടന്ന ഏകദിന സത്സംഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.

ജാതിയുടേയും മതത്തിന്റെയും കൊടിയടയാളങ്ങള്‍ക്കും കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ക്കപ്പുറം സ്‌നേഹത്തിന്റെയും ഒരുമയുടേയും സന്ദേശം പകരുന്ന ഇടമാകണം ആരാധനാകേന്ദ്രങ്ങള്‍. ലോകത്തെ നന്മയിലേക്ക് നയിക്കാന്‍ വന്ന ഗുരുക്കന്‍മാരെ അതേ നിലയില്‍ മാനിക്കാന്‍ കഴിയാത്ത ഒരറിവുകേട് ലോകം മൊത്തം നിഴലിച്ചു കാണുന്നു. ഗുരുപരമ്പരകളുടെ ചരിത്രമെടുത്തു പരിശോധിച്ചാല്‍ ആചാര്യന്മാരെ അപകടപ്പെടുത്തുവാനും അവതാളപ്പെടുത്തുവാനും സമകാലീനരില്‍ നിന്ന് എന്നും ശ്രമങ്ങളുണ്ടായിട്ടുണ്ടെന്ന് മനസിലാക്കാന്‍ കഴിയുമെന്നും സ്വാമി അഭിപ്രായപ്പെട്ടു.

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ച സത്സംഗത്തില്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി സത്സംഗ സന്ദേശം നല്‍കി. ജനനി അഭേദ, സ്വാമി ജനനന്മ , സ്വാമി ചിത്തശുദ്ധന്‍, സ്വാമി ജയപ്രിയന്‍ , സ്വാമി ചന്ദ്രദീപ്തന്‍, സ്വാമി ജനസമ്മതന്‍, ഗിരീഷ്. ഇ, വി.പി. ശ്രീധരന്‍ , വി.പി.രാജന്‍, പുഷ്പ. പി.വി, ബിദു.പി.എം , ദര്‍ശിത.എം. പി എന്നിവര്‍ സത്സംഗത്തില്‍ പ്രസംഗിച്ചു. സ്വാമി സ്‌നേഹാത്മ ജ്ഞാന തപസ്വി, രവീന്ദ്രന്‍. പി.ജി, രമണന്‍.പി.ജി , ജൈഷ്ണ. കെ, അര്‍ജുന്‍. വി. കൃഷ്ണ, ജനചിത് എന്നിവര്‍ അവതരിപ്പിച്ച ഭക്തിഗാനങ്ങള്‍ സത്സംഗത്തിന് മിഴിവേകി.

ആശ്രമത്തിന്റെ സാംസ്‌കാരിക സംഘടനകളായ വിശ്വസാംസ്‌കാരിക നവോത്ഥാനകേന്ദ്രത്തിന്റെയും മാതൃമണ്ഡലത്തിന്റെയും മുതിര്‍ന്ന പ്രവര്‍ത്തകരെ വേദിയില്‍ ആദരിച്ചു. കഴിഞ്ഞ വര്‍ഷം പത്താം ക്ലാസ്,പ്ലസ്ടൂ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും വേദിയില്‍ അനുമോദിച്ചു. ശാന്തിഗിരി വിദ്യാനിധി പദ്ധതിയുടെ ഏരിയതല ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ഗവേണിംഗ് കമ്മിറ്റി അംഗം പ്രകാശന്‍. എം. പി സ്വാഗതവും വടകര ഏരിയ മാനേജര്‍ പ്രശാന്ത്. എന്‍ കൃതജ്ഞതയും പറഞ്ഞു.

രാവിലെ 8 മണിക്ക് തുടങ്ങിയ സത്സംഗം വൈകിട്ട് 6 ന് സമാപിച്ചു. ഏകദിന സത്സംഗത്തില്‍ വടകര ഏരിയകളില്‍ നിന്ന് നൂറുകണക്കിന് ഗുരുഭക്തര്‍ കുടുംബസമേതം സംബന്ധിച്ചു. മെയ് 6 ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും നടക്കുന്ന നവഒലി ജോതിര്‍ദിനം ആഘോഷങ്ങളുടെ ഭാഗമായാണ് ജില്ലാതല സത്സംഗങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കല്‍പത്തില്‍ ലയിച്ചതിന്റെ ( ദേഹവിയോഗം) വാര്‍ഷികമായാണ് ശാന്തിഗിരി പരമ്പര നവഒലി ജ്യോതിര്‍ദിനം ആചരിക്കുന്നത്. ഇന്ന് കക്കോടി ഉപാശ്രമത്തിലും വരുംദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, സംസ്ഥാനത്തെ ജില്ലകളിലും സത്സംഗങ്ങള്‍ നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/32763/one-day-satsanga-held-at-vadakara-villappally-upashram-jyothir-day)