---
title: "എം.എല്‍.എയുടെ ഇടപെടല്‍ ഫലം കണ്ടു;  കോടതി ഗുമസ്തന്‍മാരുടെ കെട്ടിടത്തിന് ഫണ്ട് ലഭിച്ചു"
english_title: "The intervention of the MLA saw results; The building for the court clerks' fund was received"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33084/the-intervention-of-the-mla-saw-results-the-building-for-the-court-clerks-fund-was-received"
published_at: "2022-03-21T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62388c0bab947_kk rama mla.jpg"
keywords: []
---

# എം.എല്‍.എയുടെ ഇടപെടല്‍ ഫലം കണ്ടു;  കോടതി ഗുമസ്തന്‍മാരുടെ കെട്ടിടത്തിന് ഫണ്ട് ലഭിച്ചു

> **Lead Summary:** **വടകര: **കോടതി സമുച്ചയത്തിലെ അഡ്വക്കറ്റ് ഗുമസ്തന്‍മാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. ഗുമസ്തന്‍മാരുടെ കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തികള്‍ക്കായി 3.82 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.കെ.രമ.എം.എല്‍.എ അറിയിച്ചു.

## Article Content

**വടകര: **കോടതി സമുച്ചയത്തിലെ അഡ്വക്കറ്റ് ഗുമസ്തന്‍മാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. ഗുമസ്തന്‍മാരുടെ കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തികള്‍ക്കായി 3.82 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.കെ.രമ.എം.എല്‍.എ അറിയിച്ചു.

പൊതുമരാമത്ത് വകുപ്പാണ് ഇതിനായി തുക അനുവദിച്ചത്. കുടുംബകോടതി നിര്‍മാണത്തിന്റെ ഭാഗമായി വക്കീല്‍ ഗുമസ്ഥര്‍ ജോലിചെയ്തിരുന്ന പഴയകെട്ടിടം പൊളിച്ചു മാറ്റുകയും, എതിര്‍വശത്തുള്ള കെട്ടിടത്തിലേക്ക് മാറ്റുകയുമായിരുന്നു. സ്ഥല പരിമിതിമൂലം ചെറിയ കെട്ടിടത്തിനകത്തു ഞെരുങ്ങിയാണ് ഗുമസ്ഥര്‍ ജോലി ചെയ്തു വരുന്നത്. തകരഷീറ്റ് മേല്‍ക്കൂരയായതിനാല്‍ വേനല്‍ക്കാലത്ത് ചുട്ടുപൊള്ളുന്ന മുറിയിലിരുന്നു ജോലിചെയ്യുന്നതിന്റെ ദുരിതം ഇവര്‍ എം.എല്‍.എയെ ധരിപ്പിച്ചിരുന്നു.

നേരത്തെ ഈ കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തിക്കും മറ്റുമായി പൊതുമരാമത്തു വകുപ്പ് സമര്‍പ്പിച്ച പ്രപ്പോസലില്‍ തുടര്‍ നടപടികളൊന്നുമുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് അഡ്വക്കറ്റ് ക്ലര്‍ക്ക് അസോസിയേഷന്‍ ഭാരവാഹികള്‍ എം.എല്‍.എയെ സമീപിക്കുകയും വിഷയം ശ്രദ്ധയില്‍ പെടുത്തുകയുമായിരുന്നു. എം.എല്‍.എയുടെ നിര്‍ദേശ പ്രകാരം പൊതുമരാമത്തു വകുപ്പ് പഴയ പ്രപ്പോസല്‍ റിവൈസ് ചെയ്ത് പുതിയ എസ്റ്റിമേറ്റ് തയാറാക്കുകയും സമര്‍പ്പിക്കുകയുമായിരുന്നു.

ഇതിലാണ് ഇപ്പോള്‍ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33084/the-intervention-of-the-mla-saw-results-the-building-for-the-court-clerks-fund-was-received)