---
title: "തിരുവള്ളൂരില്‍ ബജറ്റ് യോഗം ബഹളത്തില്‍ മുങ്ങി ; എല്‍ഡിഎഫ്   അംഗങ്ങള്‍ ഇറങ്ങിപ്പോയി "
english_title: "From the panchayat budget meeting in Thiruvallur LDF members resigned"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33330/from-the-panchayat-budget-meeting-in-thiruvallur-ldf-members-resigned"
published_at: "2022-03-22T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6239f14a1eddb_thiruvallore panchayath.jpg"
keywords: []
---

# തിരുവള്ളൂരില്‍ ബജറ്റ് യോഗം ബഹളത്തില്‍ മുങ്ങി ; എല്‍ഡിഎഫ്   അംഗങ്ങള്‍ ഇറങ്ങിപ്പോയി 

> **Lead Summary:** തിരുവള്ളൂര്‍ : ചൊവ്വാഴ്ച പഞ്ചായത്ത് ഹാളില്‍ നടന്ന തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക ബജറ്റ് അവതരണ യോഗം ബഹളത്തില്‍ കലാശിച്ചു. വൈസ് പ്രസിഡണ്ട് ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞ ഉടനെ തന്നെ പൊതു ചര്‍ച്ചയിലേക്ക് കടക്കാമെന്ന് ചെയറില്‍ നിന്നും നിര്‍ദ്ദേശം വന്നത് എല്‍ ഡി എഫ് അംഗങ്ങള്‍ ചോദ്യം ചെയ്യുകയായിരുന്നു.

## Article Content

തിരുവള്ളൂര്‍ : ചൊവ്വാഴ്ച പഞ്ചായത്ത് ഹാളില്‍ നടന്ന തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക ബജറ്റ് അവതരണ യോഗം ബഹളത്തില്‍ കലാശിച്ചു. വൈസ് പ്രസിഡണ്ട് ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞ ഉടനെ തന്നെ പൊതു ചര്‍ച്ചയിലേക്ക് കടക്കാമെന്ന് ചെയറില്‍ നിന്നും നിര്‍ദ്ദേശം വന്നത് എല്‍ ഡി എഫ് അംഗങ്ങള്‍ ചോദ്യം ചെയ്യുകയായിരുന്നു.

ഒരു പഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റ് ചര്‍ച്ച ഇങ്ങനെ ത്വരിതഗതിയില്‍ നടത്തി ചടങ്ങ് തീര്‍ക്കേണ്ട ഒന്നല്ലെന്നും എല്ലാ ജനപ്രതിനിധികള്‍ക്കും ബജറ്റ് പൂര്‍ണ്ണമായും ഗൃഹപാഠം ചെയ്യാനുള്ള അവസരം വേണമെന്നും അതിനാല്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച മാറ്റി വെക്കണമെന്നും എല്‍ ഡി എഫ് അംഗങ്ങള്‍ ശക്തിയായി ആവശ്യപ്പെട്ടു.

ബജറ്റിനെ കുറിച്ച് പഠിച്ചു സമയമെടുത്ത് ചര്‍ച്ച ചെയ്യുമ്പോള്‍ അത് പഞ്ചായത്തിന്റെ പൊതുനന്മക്ക് ഉതാകുമെന്ന കാര്യവും അവര്‍ ചൂണ്ടിക്കാണിച്ചു. ബജറ്റ് അവതരണം നടക്കുന്ന ഘട്ടത്തില്‍ അതേ ഹാളിന്റെ മറ്റൊരു വശത്ത് ചെണ്ട വാദ്യ മേളങ്ങള്‍ ഉള്‍പ്പെടെ ശബ്ദയനമായ മറ്റൊരു പരിപാടി നടത്താന്‍ അനുമതി നല്‍കിയ പഞ്ചായത്ത് അധികാരികളുടെ ഉചിതമല്ലാത്ത നടപടിയും എല്‍ഡിഎഫ് അംഗങ്ങള്‍ ഉന്നയിച്ചു.

എല്‍ ഡി എഫ് അംഗങ്ങളുടെ നിരന്തരമായ അഭ്യര്‍ത്ഥന തള്ളിക്കൊണ്ട് പ്രസിഡണ്ട് പൊതുചര്‍ച്ചയിലേക്ക് കടക്കാമെന്ന് അറിയിച്ചപ്പോള്‍ എല്‍ ഡി എഫി ലെ 9 അംഗങ്ങളും എഴുന്നേറ്റു മുദ്രാവാക്യം വിളി തുടങ്ങിയതോടെ ബജറ്റ് യോഗം ബഹളത്തില്‍ മുങ്ങുകയായിരുന്നു. പിന്നീട് അവര്‍ യോഗത്തില്‍ ഇറങ്ങിപ്പോയി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.

ഗോപീനാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഹംസ വായേരി സ്വാഗതം പറഞ്ഞു. പി പി രാജന്‍ അധ്യക്ഷനായി.ടി വി സഫീറ സംസാരിച്ചു. കെ വി ഗോപാലന്‍,സി വി രവീന്ദ്രന്‍, പ്രസീന അരുകുറുങ്ങോട്ട്, ഗീത പനയുള്ളതില്‍, രമ്യ പുലക്കുന്നുമ്മല്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33330/from-the-panchayat-budget-meeting-in-thiruvallur-ldf-members-resigned)