---
title: "സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍  അടിയന്തിര ഇടപെടല്‍ നടത്തണം; കെ.കെ.രമ എം.എല്‍.എ"
english_title: " The government should take immediate action to protect the private bus industry; KK Rama MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33470/the-government-should-take-immediate-action-to-protect-the-private-bus-industry-kk-rama-mla"
published_at: "2022-03-23T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623af0a1c226c_kk rema mlajpg.jpg"
keywords: []
---

# സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍  അടിയന്തിര ഇടപെടല്‍ നടത്തണം; കെ.കെ.രമ എം.എല്‍.എ

> **Lead Summary:** വടകര: സ്വകാര്യ ബസ് വ്യവസായം അതീവ പ്രതിസന്ധി നേരിടുന്ന കാലഘട്ടമാണ് ഇതെന്നും ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നും കെ.കെ രമ എം.എൽ.എ. സ്വകാര്യ ബസുകൾ നാളെ നടത്തുന്ന പണിമുടക്കിന് മുന്നോടിയായി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വടകരയിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

## Article Content

വടകര: സ്വകാര്യ ബസ് വ്യവസായം അതീവ പ്രതിസന്ധി നേരിടുന്ന കാലഘട്ടമാണ് ഇതെന്നും ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നും കെ.കെ രമ എം.എൽ.എ. സ്വകാര്യ ബസുകൾ നാളെ നടത്തുന്ന പണിമുടക്കിന് മുന്നോടിയായി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വടകരയിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

കൊവിഡിന്റെ കാലഘട്ടത്തിൽ സമസ്ത മേഖലയിലും പ്രശ്‌നങ്ങൾ രൂക്ഷമാണ്. ബസ് വ്യവസായം സംരക്ഷിക്കപ്പെടണമെന്ന് പറയുമ്പോൾ അത് സാധാരണ ജനങ്ങളുടെമേൽ അമിതഭാരം ഏൽപ്പിച്ചുകൊണ്ടാവരുത്. കൊവിഡ് കാലത്തെ തളർച്ച നേരിടാൻ സ്വകാര്യബസ് വ്യവസായത്തെ സംരക്ഷിക്കാനുള്ള അടിയന്തിര പാക്കേജ് സർക്കാർ പ്രഖ്യാപിക്കണം.

കൊവിഡ് പാശ്ചാത്തലത്തിൽ ഏതാണ്ട് ഒന്നര വർഷത്തോളം പൂർണമായും നിലച്ച പൊതുഗതാഗത വ്യവസായ മേഖലയോട് തികഞ്ഞ അവഗണയാണ് സർക്കാർ കാണിച്ചത്. വാഹനം റോഡിൽ ഇറങ്ങാത്ത കാലത്തുള്ള വാഹന നികുതി ഉൾപ്പെടെയുള്ള ബാധ്യതകൾ ഒഴിവാക്കി കൊടുത്ത് ഈ മേഖലയെ പിടിച്ചു നിർത്താനാവശ്യമായ നടപടികൾ സ്വീകരിക്കാൻ നിയമസഭയിലുൾപെടെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം അനുഭാവപൂർവം പരിഗണിക്കുമെന്നപ്രഖ്യാപനങ്ങളല്ലാതെ ഒരു പ്രായോഗിക നടപടിയുമുണ്ടായില്ല എന്നതാണ് യാഥാർഥ്യം.

തൊഴിലും കൂലിയുമില്ലാതെ കഷ്ടതയനുഭവിക്കുന്ന ജനങ്ങളുടെമേൽ അമിതഭാരം കയറ്റിവച്ച് പ്രശ്‌നത്തിൽ നിന്ന് തലയൂരുകയല്ല സർക്കാർ ചെയ്യേണ്ടത്. ഇന്ധന വില വർധന അടക്കമുള്ള വിഷയങ്ങളിൽ ചാർജ് വർധനവും വിദ്യാർഥികളുടെ യാത്രാസൗജന്യം എടുത്തുകളയലും മാത്രമാണ് പരിഹാരമെന്ന നിലപാടല്ല തങ്ങൾക്കുള്ളതെന്നും എം.എൽ.എ വ്യക്തമാക്കി.

ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് വി.വി പ്രസീത് കുമാർ അധ്യക്ഷനായി. സെക്രട്ടറി കെ.കെ ഗോപാലൻ നമ്പ്യാർ, ഇ.നാരായൺനായർ, കെ.വി രാമചന്ദ്രൻ, കെ.എൻ.എ അമീർ, എം.ബാലകൃഷ്ണൻ, പി.പി.കെ ബാബു, ഉഷസ് ഗോപാലൻ, സെൽവ കുഞ്ഞമ്മദ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33470/the-government-should-take-immediate-action-to-protect-the-private-bus-industry-kk-rama-mla)