---
title: "അഴിയൂരില്‍ സേവന മേഖലക്ക് മുന്‍ഗണന നല്‍കി  പഞ്ചായത്ത് ബഡ്ജറ്റ്"
english_title: " Priority was given to the service sector in Azhiyur Panchayat Budget"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33642/priority-was-given-to-the-service-sector-in-azhiyur-panchayat-budget"
published_at: "2022-03-24T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c279c3f973_AYISHA UMMER .jpg"
keywords: []
---

# അഴിയൂരില്‍ സേവന മേഖലക്ക് മുന്‍ഗണന നല്‍കി  പഞ്ചായത്ത് ബഡ്ജറ്റ്

> **Lead Summary:** അഴിയൂര്‍: നിര്‍മ്മാണം ആരംഭിക്കുന്ന പൊതുശ്മശാനം പൂര്‍ത്തിയാക്കുവാന്‍ 50 ലക്ഷം രൂപ വകയിരുത്തിയും അതി ദരിദ്രരായി കണ്ടെത്തിയ 50 പേരുടെ സമഗ്രവികസനത്തിന് 35 ലക്ഷം രൂപയും പുഴയോര ടൂറിസം പദ്ധതിക്കുവേണ്ടി സര്‍ക്കാറിലേക്ക് പദ്ധതി തയ്യാറാക്കുവാന്‍ തുക വകയിരുത്തിയും അഴിയൂര്‍ ഗ്രാമപഞ്ചായത്ത് 202223 വര്‍ഷത്തെ ബഡ്ജറ്റ് പഞ്ചായത്ത് അംഗീകരിച്ചു.

## Article Content

അഴിയൂര്‍: നിര്‍മ്മാണം ആരംഭിക്കുന്ന പൊതുശ്മശാനം പൂര്‍ത്തിയാക്കുവാന്‍ 50 ലക്ഷം രൂപ വകയിരുത്തിയും അതി ദരിദ്രരായി കണ്ടെത്തിയ 50 പേരുടെ സമഗ്രവികസനത്തിന് 35 ലക്ഷം രൂപയും പുഴയോര ടൂറിസം പദ്ധതിക്കുവേണ്ടി സര്‍ക്കാറിലേക്ക് പദ്ധതി തയ്യാറാക്കുവാന്‍ തുക വകയിരുത്തിയും അഴിയൂര്‍ ഗ്രാമപഞ്ചായത്ത് 202223 വര്‍ഷത്തെ ബഡ്ജറ്റ് പഞ്ചായത്ത് അംഗീകരിച്ചു.

ആകെ 202357517( ഇരുപത് കോടി ഇരുപത്തി മൂന്ന് ലക്ഷത്തി അന്‍പത്തി ഏഴായിരത്തി അഞ്ഞൂറ്റി പതിനേഴ് രൂപ )വരവും 200349000(ഇരുപത് കോടി മൂന്ന് ലക്ഷത്തി നാല്‍പ്പത്തൊന്‍പതിനായിരം രൂപ)) ചിലവും 2008517 (ഇരുപത് ലക്ഷത്തി എട്ടായിരത്തി അഞ്ഞൂറ്റി പതിനേഴു രൂപ ) മിച്ചവും വരുന്ന ബഡ്ജറ്റ് ആണ് വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തില്‍ അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു.

ജന പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് വിശദീകരണം നല്‍കി. ആയിരം പേര്‍ക്ക് അഞ്ച് എന്ന നിലയില്‍ തൊഴില്‍ നല്‍കുവാന്‍ പഞ്ചായത്ത് രാജ് നിയമം 166(3) വകുപ്പുപ്രകാരം മാന്‍ പവര്‍ ബാങ്ക് ഉണ്ടാക്കുവാന്‍ ബഡ്ജറ്റില്‍ നിര്‍ദേശമുണ്ട്. കാക്കാച്ചിക്കുന്ന് കുടിവെള്ള പദ്ധതിക്ക് സ്ഥലമെടുപ്പ്, മൃഗാശുപത്രി കെട്ടിട നിര്‍മ്മാണം, തീരപ്രദേശത്ത് ജൈവവേലി, ബയോഡൈവേഴ്‌സിറ്റി രജിസ്റ്റര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് റിവോള്‍വിംഗ് ഫണ്ട്, പൊതു ആസ്തികള്‍, കെട്ടിടങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ച് വിവരശേഖരണം, വനിത, ശിശു, ഹരിത കര്‍മ്മ സേന എന്നിവര്‍ക്കുള്ള പ്രത്യേക പദ്ധതികള്‍ എന്നിവക്കായി പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.

റോഡുകള്‍ക്കായി 14100000 രൂപ വകയിരുത്തി. ചര്‍ച്ചയില്‍ മെമ്പര്‍മാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മരുന്ന് വാങ്ങല്‍ , അംഗന്‍വാടി സ്ഥലമെടുപ്പിന് ഫണ്ട് നീക്കി വെക്കല്‍, ദുരന്ത നിവാരണ പദ്ധതി, ബാലസഭ പ്രവര്‍ത്തനം, ലൈബ്രറിക്ക് പുസ്തകം വാങ്ങല്‍, തീരപ്രദേശത്ത് റിവോള്‍വിംഗ് ഫണ്ട്, തീര ഫെസ്റ്റ്, തോടുകള്‍ക്ക് പാലം നിര്‍മ്മാണം, കെഎസ്ഇബി ലൈന്‍ വലിക്കല്‍, ഉപ്പുവെള്ളം കയറുന്നത് തടയാന്‍ പാത്തി നിര്‍മ്മാണം, പകല്‍വീട്, എഫ് എച്ച് സി യില്‍ ഫിസിയോതെറാപ്പിസ്റ്റ് സേവനം, ഹാര്‍ബറില്‍ ആരോഗ്യം കേന്ദ്രം സ്ഥാപിക്കല്‍ എന്നീ പദ്ധതികള്‍ക്ക് ഫണ്ട് നീക്കിവെക്കണമെന്ന് ആവശ്യപ്പെടുകയും അതിന് ഫണ്ട് വകയിരുത്തി ചര്‍ച്ചയ്ക്കുശേഷം ബഡ്ജറ്റ് ഐക്യകണ്‌ഠേന പാസാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33642/priority-was-given-to-the-service-sector-in-azhiyur-panchayat-budget)