---
title: "കെ.റെയില്‍  മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന്  തെളിഞ്ഞു : കുമ്മനം രാജശേഖരന്‍"
english_title: " Kummanam Rajasekharan SAYS  K Rail CM's argument is FAKE "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33758/kummanam-rajasekharan-says-k-rail-cms-argument-is-fake"
published_at: "2022-03-24T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623c9c88877e5_BJP -KUMMANAM .jpg"
keywords: []
---

# കെ.റെയില്‍  മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന്  തെളിഞ്ഞു : കുമ്മനം രാജശേഖരന്‍

> **Lead Summary:** **വടകര:** കെ.റെയില്‍ പദ്ധതി കേന്ദ്രാനുമതിയോടെയാണെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവന്‍ നയിച്ച ത്രിദിന കെ റെയില്‍ വിരുദ്ധ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**വടകര:** കെ.റെയില്‍ പദ്ധതി കേന്ദ്രാനുമതിയോടെയാണെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവന്‍ നയിച്ച ത്രിദിന കെ റെയില്‍ വിരുദ്ധ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ. റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പരസ്പര വിരുദ്ധ സമീപനമാണ് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമായിരിക്കുന്നത്. ബഫര്‍ സോണിന് നഷ്ടപരിഹാരം നല്‍കില്ലെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്. ഇത് നേരത്തെ പറഞ്ഞതില്‍ നിന്ന് കടകവിരുദ്ധമാണ്. ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നല്‍കില്ലെന്ന് പറയുന്നത് ജനദ്രോഹമാണ്.

പച്ച നുണയുടെ കല്ലിടലാണ് കെ റെയിലിന്റെ പേരില്‍ നടക്കുന്നത്. ആരോഗ്യകരമായ ചര്‍ച്ചയാണ് പ്രധാനമന്ത്രിയുമായി നടന്നതെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്ന് തെളിയുന്നത് അനുകൂലമായ ഒരുറപ്പും കിട്ടിയില്ലെന്നതിന്റെ തെളിവാണ്. സ്വന്തം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകനായ മന്ത്രിയെ പോലും വസ്തുതകള്‍ ധരിപ്പിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് പ്രധാനമന്ത്രിയുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയെന്ന് അവകാശപ്പെടുന്നത്. കെ റെയില്‍ സംബന്ധിച്ച് ഇടതു മുന്നണി ആശയക്കുഴപ്പത്തിലാണ്.

മുഖ്യമണ്ടിയും മന്ത്രിയും കെ.റെയില്‍ എംഡിയുംപറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. റെയില്‍വേ മന്ത്രാലയം ഉന്നയിച്ച ഒരു ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. സമരക്കാരെ തീവ്രവാദികളെന്ന് വിളിച്ച് ജനങ്ങളെ അധിക്ഷേപിക്കുകയാണ്. സമരക്കാരുടെ മനോധൈര്യം തകര്‍ത്ത് പ്രക്ഷോഭത്തെ അടിച്ചമര്‍ത്താമെന്ന് മുഖ്യമന്ത്രി സ്വപ്‌നം കാണേണ്ടതില്ല. കെ. റെയില്‍ വിരുദ്ധ ജനകീയ സമരത്തെ അധികാര ബലം ഉപയോഗിച്ച് തകര്‍ക്കാന്‍ ബിജെപി അനുവദിക്കില്ല.

വികസനത്തിന്റെ മറവില്‍ കോടികള്‍ തട്ടിയെടുക്കാനുള്ള ശ്രമത്തെ തുറന്ന് കാണിക്കും അദ്ദേഹം പറഞ്ഞു. ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് ടി.പി. വിനീഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജന്‍, സംസ്ഥാന സെക്രട്ടറിമാരായ പി.രഘുനാഥ്, അഡ്വ.കെ ശ്രീകാന്ത്, ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33758/kummanam-rajasekharan-says-k-rail-cms-argument-is-fake)