---
title: "കാലം സാക്ഷി ; കടമേരിയിലെ സുഭാഷ് ഗ്രന്ഥശാല സുവർണജൂബിലി നിറവിൽ "
english_title: "Subhash Library in Kadameri is celebrating its golden jubilee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/338/subhash-library-in-kadameri-is-celebrating-its-golden-jubilee"
published_at: "2021-09-28T07:20:00+05:30"
category: "Vatakara"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61527573c008a_subhash library.jpg"
keywords: []
---

# കാലം സാക്ഷി ; കടമേരിയിലെ സുഭാഷ് ഗ്രന്ഥശാല സുവർണജൂബിലി നിറവിൽ 

> **Lead Summary:** **വടകര: **ആയിരക്കണക്കിന് പുസ്തകങ്ങളുമായി ഒരു നാടിൻ്റെ അക്ഷരപ്പുര കാലം സാക്ഷിയായി ചരിത്രം സാക്ഷിയായി പിന്നിട്ട അരനൂറ്റാണ്ട് ആഘോഷമാക്കുകയാണ്. കടമേരിയിലെ സുഭാഷ് ഗ്രന്ഥശാല സുവർണജൂബിലി ആഘോഷങ്ങൾ ഗാന്ധിജയന്തിദിനത്തിൽ തുടങ്ങും.

## Article Content

**വടകര: **ആയിരക്കണക്കിന് പുസ്തകങ്ങളുമായി ഒരു നാടിൻ്റെ അക്ഷരപ്പുര കാലം സാക്ഷിയായി ചരിത്രം സാക്ഷിയായി പിന്നിട്ട അരനൂറ്റാണ്ട് ആഘോഷമാക്കുകയാണ്. കടമേരിയിലെ സുഭാഷ് ഗ്രന്ഥശാല സുവർണജൂബിലി ആഘോഷങ്ങൾ ഗാന്ധിജയന്തിദിനത്തിൽ തുടങ്ങും.

കടമേരിയിലെ ഏതാനും യുവാക്കൾചേർന്ന് 1965- ൽ തുടക്കം കുറിച്ച സുഭാഷ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ് പിന്നീട് ഗ്രന്ഥശാലയായി മാറിയത്. കീഴന ഗോപാലൻനമ്പ്യാർ സംഭാവനചെയ്ത സ്ഥലത്ത് നിർമിച്ച കെട്ടിടത്തിൽ ആരംഭിച്ച ഗ്രന്ഥശാലയുടെ ഉദ്ഘാടനം 1971 സെപ്റ്റംബർ മൂന്നിന് കവിയും സാംസ്കാരികപ്രവർത്തകനും ആയിരുന്ന കടമേരി ബാലകൃഷ്ണൻ ആണ് നിർവഹിച്ചത്.

1972 മാർച്ച്‌ 24-ന് കേരള ഗ്രന്ഥശാലാസംഘത്തിന്റെ അംഗീകാരം ലഭിച്ചു. പി.എസ്. വാരിയർ പ്രസിഡന്റും കെ. ബാലൻ സെക്രട്ടറിയുമായി പതിനൊന്ന് അംഗങ്ങൾ ഉൾപ്പെട്ട പ്രവർത്തകസമിതി ചുമതലയേറ്റ് പ്രവർത്തനം ആരംഭിച്ചു. തുടക്കത്തിൽ പത്തുവർഷം ഗ്രന്ഥശാലയുടെ സുവർണകാലഘട്ടമായിരുന്നു. സ്വന്തമായി ഒരു നാടകട്രൂപ്പും, നൃത്തകലാവിഭാഗവും ഈ കാലഘട്ടത്തിൽ ഗ്രന്ഥശാലയ്ക്ക് ഉണ്ടായിരുന്നു. 600 പുസ്തകങ്ങളുമായി ആരംഭിച്ച ഗ്രന്ഥശാലയിൽ ഇപ്പോൾ ഏഴായിരത്തിൽ അധികം പുസ്തകങ്ങൾ ഉണ്ട്.

ഒക്ടോബർ 2 മുതൽ 2022 സെപ്റ്റംബർ 3 വരെയാണ് സുവർണജൂബിലി വർഷമായി ആഘോഷിക്കുന്നത്. ഓരോ മാസവും വ്യത്യസ്ത പരിപാടികളായി പുസ്തകപരിചയം, സ്ഥാപക അംഗങ്ങളെ ആദരിക്കൽ, വനിതാസംഗമം, കവിസമ്മേളനം, നാടകക്യാമ്പ്, ചലച്ചിത്രപ്രദർശനം, കർഷകക്കൂട്ടായ്മ, സേവനപ്രവർത്തനങ്ങൾ, കുട്ടികളുടെ കലാ-കായിക പരിപാടികൾ, കലാ-സാംസ്‌കാരികപരിപാടികളോടെയുള്ള സമാപനം എന്നിങ്ങനെ നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

പരിപാടിയുടെ ഉദ്ഘാടനം ഗാന്ധിജയന്തിദിനത്തിൽ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് ഓൺലൈനായി നിർവഹിക്കും. കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ. മുരളീധരൻ എം.പി. മുഖ്യാതിഥിയാകും. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ലൈബ്രറി കൗൺസിൽ പ്രതിനിധികൾ, സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കെ. മോഹനൻ (പ്രസി.), ഗിരീഷ് നവനീതം (സെക്ര.), സി. ശശിധരൻ (ട്രഷ.) എന്നിവരടങ്ങുന്ന പതിനൊന്നംഗ പ്രവർത്തകസമിതി സുവർണ ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/338/subhash-library-in-kadameri-is-celebrating-its-golden-jubilee)