---
title: "വടകരയില്‍  ദേശീയപാത കോണ്‍ക്രീറ്റ് തൂണുകളിലായാല്‍  1250 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം "
english_title: " National Highway in Vadakara is on concrete pillars 1250 vehicles can be parked"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/33820/national-highway-in-vadakara-is-on-concrete-pillars-1250-vehicles-can-be-parked"
published_at: "2022-03-25T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d5563ba8bc_nh bypass.jpg"
keywords: []
---

# വടകരയില്‍  ദേശീയപാത കോണ്‍ക്രീറ്റ് തൂണുകളിലായാല്‍  1250 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം 

> **Lead Summary:** **വടകര : **വടകരയിലൂടെയുള്ള നിര്‍ദിഷ്ട ദേശീയപാത ആറുവരിപ്പാത 3.6 കിലോമീറ്ററില്‍ നീളത്തില്‍ 2 മുതല്‍ 9 മീറ്റര്‍ വരെ മണ്ണിട്ട് ഉയര്‍ത്തി എംബാങ്ക് മെന്റ് നിര്‍മ്മിച്ചുള്ള ആറുവരിപ്പാതക്ക് പകരം കരിമ്പനപാലം മുതല്‍ മുതല്‍ അടക്കാത്തെരു വരെ ഒന്നര കിലോമീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് തൂണുകളില്‍ നിര്‍മിച്ചാല്‍ 1250 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റുമെന്ന് എന്‍ജിനീയര്‍മാര്‍ അടങ്ങുന്ന പൗരസമൂഹ കൂട്ടായ്മ.

## Article Content

**വടകര : **വടകരയിലൂടെയുള്ള നിര്‍ദിഷ്ട ദേശീയപാത ആറുവരിപ്പാത 3.6 കിലോമീറ്ററില്‍ നീളത്തില്‍ 2 മുതല്‍ 9 മീറ്റര്‍ വരെ മണ്ണിട്ട് ഉയര്‍ത്തി എംബാങ്ക് മെന്റ് നിര്‍മ്മിച്ചുള്ള ആറുവരിപ്പാതക്ക് പകരം കരിമ്പനപാലം മുതല്‍ മുതല്‍ അടക്കാത്തെരു വരെ ഒന്നര കിലോമീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് തൂണുകളില്‍ നിര്‍മിച്ചാല്‍ 1250 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റുമെന്ന് എന്‍ജിനീയര്‍മാര്‍ അടങ്ങുന്ന പൗരസമൂഹ കൂട്ടായ്മ.

മണ്ണിട്ട് ഉയര്‍ത്തുമ്പോള്‍ 230 കോടിയുടെ 16.9 ഏക്കര്‍ ഭൂമി നഷ്ടമാകുമെന്നും ഇതൊഴിവാക്കാന്‍ വയഡക്ട് നിര്‍മ്മിച്ചാല്‍ സ്ഥലം പാര്‍ക്കിംഗിനും മറ്റു ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. പൗരസമൂഹ കൂട്ടായ്മ നേരത്തെ നഗരസഭ ചെയര്‍മാന്‍ കെ. പി. ബിന്ദു മുഖേന ഉപരിതല ഗതാഗത മന്ത്രിക്ക് നല്‍കിയ വിശദമായ റിപ്പോര്‍ട്ടിലും ഇത് പറമര്ശിച്ചിട്ടുണ്ട്.

നഗരസഭയിലൂടെ പോകുന്ന 6 കിലോമീറ്റര്‍ റോഡ് മണ്ണിട്ട് ഉയര്‍ത്തി നിര്‍മ്മിക്കാന്‍ 8,25,000 ക്യൂബിക് മീറ്റര്‍ മണ്ണ് ആവശ്യമാണ്. ഇതിനായി വലിയ കുന്നുകള്‍ ഇടിച്ചു നിരത്തേണ്ടി വരും. ദേശീയപാതയുടെ ഇരുഭാഗങ്ങളിലും 35 സൈഡ് റോഡുകളാണ് വടകരയിലെ 74 ശതമാനം വാഹനങ്ങളും പ്രധാനമായും ഉപയോഗിക്കുന്നത്. ബാക്കി 26% വാഹനങ്ങള്‍ മാത്രമേ ദേശീയപാത ഉപയോഗിക്കുന്നുള്ളൂ എന്നും പൗരസമൂഹ കൂട്ടായ്മ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.

അതായത് മണ്ണിട്ട് ആറു ഉയര്‍ത്തി ആറു വരിപ്പാത വടകരയില്‍ വലിയ വാഹന കുരുക്കളുടെ പ്രതിസന്ധി സൃഷ്ടിക്കുകയും നഗരത്തെ രണ്ടായി മുറിക്കുകയും ചെയ്യുമെന്ന് കാണിച്ച് വീണ്ടും ഇവര്‍ കേന്ദ്ര ഉപരിതല മന്ത്രാലയത്തിന് റിമൈയിന്‍ഡര്‍ നല്‍കിയിരിക്കുകയാണ്.

ഗോവയിലെ എന്‍ജിനീയറായ പി. കെ.ബാലകൃഷ്ണന്‍, ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം. എ .ചന്ദ്രശേഖരന്‍, റിട്ടേഡ് പി.ഡബ്ല്യു.ഡി സൂപ്രണ്ടിങ് എഞ്ചിനീയര്‍ വിജയന്‍. കെ.കെ, പൗരസമൂഹ കൂട്ടായ്മയുടെ കണ്‍വീനറും എഞ്ചിനീയറും മുന്‍ സ്റ്റഡ് ഡയറക്ടറുമായ മണലില്‍ മോഹനന്‍ എന്നിവരടങ്ങുന്ന സംഘമാണ് 50അംഗ കൂട്ടായ്മക്ക് വേണ്ടി വീണ്ടും നിവേദനം നല്‍കിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/33820/national-highway-in-vadakara-is-on-concrete-pillars-1250-vehicles-can-be-parked)