---
title: "പാളം തെറ്റി ജീവിതം ; സാദാ ടിക്കറ്റും സീസൺ ടിക്കറ്റും പുന:സ്ഥാപിക്കാതെ റെയിൽവേ "
english_title: "Railways without replacing regular tickets and season tickets"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/340/railways-without-replacing-regular-tickets-and-season-tickets"
published_at: "2021-09-28T07:58:00+05:30"
category: "Vatakara"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61527df4a232d_train.jpg"
keywords: []
---

# പാളം തെറ്റി ജീവിതം ; സാദാ ടിക്കറ്റും സീസൺ ടിക്കറ്റും പുന:സ്ഥാപിക്കാതെ റെയിൽവേ 

> **Lead Summary:** **വടകര : ** യാത്രാ ഇളവുകൾ പുന:സ്ഥാപിക്കാതെ റെയിൽവേ. യാത്രക്കാരുടെ ജീവത കണക്കുകൂട്ടലുകൾ പാളം തെറ്റുന്നു. കോവിഡിന്‍റെ പേരിൽ നിർത്തലാക്കിയ റെയിൽവേ സീസൺ ടിക്കറ്റ് പുന: സ്ഥാപിക്കാത്തത് കാരണം.

## Article Content

**വടകര : ** യാത്രാ ഇളവുകൾ പുന:സ്ഥാപിക്കാതെ റെയിൽവേ. യാത്രക്കാരുടെ ജീവത കണക്കുകൂട്ടലുകൾ പാളം തെറ്റുന്നു. കോവിഡിന്‍റെ പേരിൽ നിർത്തലാക്കിയ റെയിൽവേ സീസൺ ടിക്കറ്റ് പുന: സ്ഥാപിക്കാത്തത് കാരണം.

സ്ഥിരംയാത്രക്കാർ ദുരിതത്തിൽ. സാദാ ടിക്കറ്റും സീസൺ ടിക്കറ്റും നിർത്തിയതോടെ ഒട്ടേറെ ഓഫീസ്ജീവനക്കാരും അധ്യാപകരുമുൾപ്പെടെയുള്ളവർ ടിക്കറ്റ് റിസർവ്ചെയ്യാൻ വലിയൊരു തുക മുടക്കിയാണ് ദിവസവും യാത്രചെയ്യുന്നത്. കോളേജുകളും സ്കൂളുകളും തുറക്കുന്നതോടെ പ്രശ്നം ഇനിയും രൂക്ഷമാവും.

യാത്രാച്ചെലവിൽവന്ന ഈ പ്രതിസന്ധി കുടുംബബജറ്റിനെ ബാധിക്കുന്നതായി യാത്രക്കാർ പറയുന്നു. ഷൊർണൂർ-കണ്ണൂർ മെമുവിൽ മാത്രമാണ് നിലവിൽ ടിക്കറ്റ്, സീസൺ ടിക്കറ്റ്, സൗകര്യമുള്ളത്. അതാവട്ടെ, നിത്യേന ജോലിക്ക് പോകുന്നവരെ സംബന്ധിച്ച് അസമയത്തുമാണ്. കോഴിക്കാട്ട്‌ അതിരാവിലെയെത്തുന്ന ഈ ട്രെയിൻ കണ്ണൂരിൽ 8.40-നാണ് എത്തുക.

തിരിച്ച് വൈകുന്നേരം 5.20-ന് കണ്ണൂരിൽനിന്ന് യാത്രയാരംഭിക്കുന്ന മെമു 6.25-ന് വടകരയിൽയിലെത്തുമെങ്കിലും കണ്ണൂരിൽനിന്ന് പുറപ്പെടുന്ന യശ്വന്ത്‌പുർ എക്സ്പ്രസ് കടന്നുപോകുന്നതിനായി അരമണിക്കൂറോളം പതിവായി പിടിച്ചിടും. ഇത് കോഴിക്കോട് ഇറങ്ങി ദൂരഭാഗങ്ങളിലേക്ക് പോകേണ്ട ഒട്ടേറെ യാത്രക്കാർക്ക് വലിയ യാത്രാദുരിതമാണ് ഉണ്ടാക്കുന്നത്. മെമു ആകട്ടെ മുഴുവൻ സ്റ്റേഷനുകളിലും ബിഫോർ ടൈമാണ് എത്തുന്നത്. റണ്ണിങ്‌ ടൈം കൂട്ടിയും യശ്വന്ത്പുർ എക്സ്പ്രസിനുവേണ്ടി അരമണിക്കൂർ കൊയിലാണ്ടിയിൽ പിടിച്ചിടാതെ കോഴിക്കോട്ട്‌ എത്തിച്ചും യാത്രാബുദ്ധിമുട്ട് പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പഴയതുപോലെ എല്ലാവണ്ടികൾക്കും സീസൺ ടിക്കറ്റ് അനുവദിക്കണമെന്നും ആവശ്യമുണ്ട്. ദിവസേന റിസർവേഷൻചെയ്ത് പോവുക എന്നത് യാത്രക്കാർക്ക് വലിയ ബാധ്യതയാണ്.

ഓൺലൈൻ ടിക്കറ്റാവട്ടെ, മാസത്തിൽ ആറുതവണ മാത്രമേ ലഭിക്കുകയുള്ളൂ. അതിന് അധികചാർജും നൽകേണ്ടിവരുന്നു. റിസർവ് ചെയ്ത ടിക്കറ്റ് ലഭിക്കാനായി വലിയനിരയാണ് സ്റ്റേഷനുകളിൽ. ഇത് സമയത്തിന് ജോലിക്കെത്തേണ്ടവർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഉൾനാടുകളിൽനിന്ന് അതിരാവിലെ റെയിൽവേസ്റ്റേഷനുകളിലെത്തുകയെന്നതും ഏറെ പ്രയാസം സൃഷ്ടിക്കുന്നു. മറ്റെല്ലാ മേഖലകളും തുറന്നുകൊടുത്ത സാഹചര്യത്തിൽ സീസൺ ടിക്കറ്റും സാദാ ടിക്കറ്റുകളും പുനഃസ്ഥാപിച്ച് യാത്രാപ്രശ്നം പരിഹരിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/340/railways-without-replacing-regular-tickets-and-season-tickets)