---
title: "വടകര നഗരത്തിൽ പുർണ്ണമായി ഉയരപ്പാത സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം"
english_title: "Taluk Development Committee meeting calls for complete construction of elevated road in Vadakara city"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/340859/taluk-development-committee-meeting-calls-for-complete-construction-of-elevated-road-in-vadakara-city"
published_at: "2026-02-08T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698821091cdc5_2.jpg"
keywords: []
---

# വടകര നഗരത്തിൽ പുർണ്ണമായി ഉയരപ്പാത സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം

> **Lead Summary:** **വടകര:**ദേശീയ പാതയിൽ വടകര നഗരത്തിൽ പൂർണ്ണമായി ഉയരപ്പാത സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. നഗരത്തിൽ ഭൂരിഭാഗം സ്ഥലത്തും മണ്ണിട്ട് ഉയർത്തിയുള്ള ദേശീയ പാത നിർമ്മാണം ദുരിതം വിതറുമെന്ന് സമിതി അംഗം പി പി രാജൻ പറഞ്ഞു.

## Article Content

**വടകര:**ദേശീയ പാതയിൽ വടകര നഗരത്തിൽ പൂർണ്ണമായി ഉയരപ്പാത സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. നഗരത്തിൽ ഭൂരിഭാഗം സ്ഥലത്തും മണ്ണിട്ട് ഉയർത്തിയുള്ള ദേശീയ പാത നിർമ്മാണം ദുരിതം വിതറുമെന്ന് സമിതി അംഗം പി പി രാജൻ പറഞ്ഞു.

നേരത്തെ നഗരത്തിന്റെ ഹൃദയ ഭാഗവും ഉയരപ്പാത സ്ഥാപിക്കാനുളള നടപടികൾ അട്ടിമറിക്കപ്പെട്ടതായി യോഗത്തിൽ പരാതി ഉയർന്നു.മണ്ണിട്ട് ഉയർത്തി ദേശീയപാത നിർമാണം നടത്തിയതിനെ തുടർന്ന് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം തടസപ്പെട്ട കുഞ്ഞിപ്പള്ളി ടൗണിൽ നടപ്പാത അനുവദിക്കണമെന്ന് യോഗത്തിൽ സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.

എം പി എം എൽ എ അടക്കം ഈ ആവശ്യo ഉന്നയിച്ചതോടെ ഇതിന്റെ സാങ്കേതിക വശം പരിശോധിക്കാൻ ദേശീയപാത സംസ്ഥാനത്തിന്റെ ചുമതലയുള്ള റീജണൽ ഓഫീസർ പ്രോജക്റ്റ് ഡയറക്ടർ എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.

തുടർന്ന് അനുമതിക്കായി ദേശീയ പാത ഡൽഹി ആസ്ഥാനത്തിലേക്ക് അയച്ചിരുന്നു. കൈനാട്ടി ഉയരപ്പാതയ്ക്ക് അടിയിൽ റോഡ് അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ അപകട സാധ്യത കുടുതലാണെന്ന് സമിതി അംഗം ബാബു ഒഞ്ചിയം പറഞ്ഞു.

പ്രശ്നം ബന്ധപ്പെട്ടവരെ അറിയിക്കുമെന്ന് താഹസിൽദാർ ഡി രഞ്ജിത്ത് പറഞ്ഞു. ദേശീയ പാത കരാർ നടത്തുന്ന വഗാഡ് കമ്പിനിക്ക് എതിരെ യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു.

നിർമാണവൈകല്യവും മോട്ടോർ വാഹന വകുപ്പോ, ട്രാഫിക്ക് പോലിസോ അറിയാതെ കരാർ കമ്പിനി നടത്തുന്ന ട്രാഫിക്ക് പരിഷ്ക്കാരം ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായി പരാതി ഉയർന്നു ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം വിളിച്ച് നഗരത്തിലെ ഗതാഗത തടസ്സം ചർച്ച ചെയ്യണമെന്ന് സമിതി അംഗങ്ങളായ സി കെ കരീം, പി എം മുസ്തഫ എന്നിവർ പറഞ്ഞു.

സമിതി അംഗം പി പി രാജൻ അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല , ബാബു ഒഞ്ചിയം, പി എം മുസ്തഫ, സി കെ കരീം, താഹസിൽദാർ ഡി രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/340859/taluk-development-committee-meeting-calls-for-complete-construction-of-elevated-road-in-vadakara-city)