---
title: "'ഗണ്‍മാന്‍ മന്ത്രിയുടെ കഴുത്ത് പിടിച്ച് തിരിച്ചിട്ടുണ്ടെങ്കില്‍ അത് തീര്‍ക്കേണ്ടത് കെഎസ്‌യു പ്രവര്‍ത്തകരുടെ വീട്ടില്‍ അല്ല' -   ബിതുലിന്റെ വീട് സന്ദർശിച്ച്  ഷാഫി പറമ്പിൽ"
english_title: "Bombing in Vadakara, ShafiParambil visits KSU leader Bitul's house"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/344588/bombing-in-vadakara-shafiparambil-visits-ksu-leader-bituls-house-new"
published_at: "2026-02-27T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a15dbed10c8_vatakar.jpg"
keywords: []
---

# 'ഗണ്‍മാന്‍ മന്ത്രിയുടെ കഴുത്ത് പിടിച്ച് തിരിച്ചിട്ടുണ്ടെങ്കില്‍ അത് തീര്‍ക്കേണ്ടത് കെഎസ്‌യു പ്രവര്‍ത്തകരുടെ വീട്ടില്‍ അല്ല' -   ബിതുലിന്റെ വീട് സന്ദർശിച്ച്  ഷാഫി പറമ്പിൽ

> **Lead Summary:** **വടകര : ** ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു നേതാവ് ബിതുലിന്റെ വീടിന് നേരെ നടന്ന ബോംബാക്രമണത്തിൽ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ എംപി. അക്രമം നടന്ന ബിതുലിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**വടകര : ** ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു നേതാവ് ബിതുലിന്റെ വീടിന് നേരെ നടന്ന ബോംബാക്രമണത്തിൽ രൂക്ഷവിമർശനവുമായി ഷാഫി പറമ്പിൽ എംപി. അക്രമം നടന്ന ബിതുലിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരക്കാരുടെ നിഴല്‍ പോലും മന്ത്രിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ലെന്നും കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുലിന്റെ വീട്ടില്‍ കിടന്ന് ഉറങ്ങിയ വീട്ടമ്മ തങ്കത്തിനോട് ആരോഗ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.

മുദ്രാവാക്യം വിളിച്ചത് തിരിഞ്ഞ് നോക്കിയപ്പോള്‍ ഉളുക്കിയ കഴുത്തിന് ഇത്രയും വേദനയുണ്ടെങ്കില്‍ ഉഷയും ഹര്‍ഷീനയും എത്ര വേദന അനുഭവിച്ചിരിക്കും. കണ്ണൂരിലേയും കോഴിക്കോട്ടെയും സിപിഐഎം പ്രവര്‍ത്തകര്‍ ഫേസ്ബുക്കിലൂടെ ബിതുലിന് ആദരാഞ്ജലിയാണ് നേരുന്നത്. കരിങ്കൊടി കാണിച്ചതിനാണോ അഡ്വാന്‍സ് ആദരാഞ്ജലി എന്നും വീടിന് ബോംബെറിഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുമോ എന്നും ഷാഫി പറമ്പില്‍ ചോദിച്ചു.

മുഖ്യമന്ത്രിയായ ഒരു മനുഷ്യനെ കല്ലെറിഞ്ഞപ്പോള്‍ ആരെങ്കിലും ആദരാഞ്ജലി നേര്‍ന്നിട്ടുണ്ടോ എന്നും 'നീ തീര്‍ന്നു' എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ടോ എന്നും ഷാഫി ചോദിച്ചു. ഇല്ലാത്ത അക്രമത്തിന്റെ പേരില്‍ പാര്‍ട്ടി ഓഫീസുകള്‍ തല്ലിതകര്‍ക്കുന്നു.

മന്ത്രിയുടെ കഴുത്തിന് പിടിച്ച് തിരിക്കുന്ന ദൃശ്യങ്ങള്‍ എവിടെയാണ്. ഗണ്‍മാന്‍ മന്ത്രിയുടെ കഴുത്ത് പിടിച്ച് തിരിച്ചിട്ടുണ്ടെങ്കില്‍ അത് തീര്‍ക്കേണ്ടത് കെഎസ്‌യു പ്രവര്‍ത്തകരുടെ വീട്ടില്‍ അല്ല. എം വി ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം. അക്രമ സംഭവങ്ങളുടെ ഉത്തരവാദി എം വി ഗോവിന്ദനാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

കാഫീര്‍ സ്‌ക്രീന്‍ഷോട്ടിലെ പ്രതികളെ എന്താണ് പൊലീസ് പിടികൂടാത്തത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരില്‍ എത്തിയപ്പോള്‍ എന്തിനാണ് അന്വേഷണം നടത്തിയത്. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ബിതുലിന്റെ വീട് എവിടെയാണെന്ന് ചോദിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്ന ചാറ്റുകളുണ്ട്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ട ചാറ്റുകളാണ് ഇത്. മനസില്‍ സന്യാസമുണ്ടെന്ന് പറയുന്ന ആള്‍ക്ക് ഈ നാട്ടിലെ നിയമവ്യവസ്ഥയോട് എന്തെങ്കിലും ബഹുമാനമുണ്ടോ. ആര്‍ഷോയെ മര്‍ദിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ എന്ത് ചെയ്തു എന്നും ഒരു സ്തൂപവും തകര്‍ത്തില്ലല്ലോ എന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.

ഇതുവരെയുള്ള ബോംബ് കേസുകള്‍ പോലെയാണ് പൊലീസ് ഇതും കൈകാര്യം ചെയ്യുന്നതെങ്കില്‍ സമരങ്ങളുടെ വേലിയേറ്റമുണ്ടാകും. ആരെയും ഭയക്കേണ്ട കാര്യമില്ല. പൊലീസ് ക്രിമിനലുകള്‍ക്കാണ് സംരക്ഷണം നല്‍കുന്നത്, ബിതുലിന്റെ വീടിനല്ല. എനിക്ക് പരിക്ക് പറ്റിയപ്പോള്‍ മീശ വടിച്ചാല്‍ മാത്രമെ സര്‍ജറി നടത്താന്‍ പറ്റൂ എന്ന് പറഞ്ഞവരെല്ലാം എവിടെ പോയി. ആരോഗ്യ വകുപ്പിനെതിരെയുള്ള സമരം തുടരുമെന്നും കരിങ്കൊടി സമരം ജനാധിപത്യപരമാണെന്നും സമരത്തില്‍ മാറ്റമില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/344588/bombing-in-vadakara-shafiparambil-visits-ksu-leader-bituls-house-new)