---
title: "ഇംഗ്ലീഷ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്‍ നടത്തുന്ന ലാംഗ്വേജ് എക്യുസിഷന്‍  പ്രോഗ്രാം അന്‍പതാമത്  ആഴ്ചയിലേക്ക്"
english_title: "Conducted by the English Graduates Association Language Execution Program Fifth Per week"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35069/conducted-by-the-english-graduates-association-language-execution-program-fifth-per-week"
published_at: "2022-03-31T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6245ddeb22186_EGA photo.jpg"
keywords: []
---

# ഇംഗ്ലീഷ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്‍ നടത്തുന്ന ലാംഗ്വേജ് എക്യുസിഷന്‍  പ്രോഗ്രാം അന്‍പതാമത്  ആഴ്ചയിലേക്ക്

> **Lead Summary:** വടകര: 'സുരക്ഷിതരായിരിക്കാം, സുരക്ഷിതരായി പഠിക്കാം' എന്ന മുദ്രാവാക്യവുമായി ഇംഗ്ലീഷ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്‍ നടത്തുന്ന 'ലാപ്പ്' (ലാംഗ്വേജ് എക്യുസിഷന്‍ പ്രോഗ്രാം) ശില്പശാല മുടങ്ങാതെ അന്‍പതാമത് ആഴ്ചയിലേക്ക്. അന്‍പതാമത് ശില്പശാല ഏപ്രില്‍ 3 ന് ( ഞായര്‍ )രാവിലെ 9 മണിക്ക് സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷനല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എസ് സി ഇ ആര്‍ ടി) ഡയറക്ടര്‍ ഡോ. ആര്‍ കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്യും.

## Article Content

വടകര: 'സുരക്ഷിതരായിരിക്കാം, സുരക്ഷിതരായി പഠിക്കാം' എന്ന മുദ്രാവാക്യവുമായി ഇംഗ്ലീഷ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്‍ നടത്തുന്ന 'ലാപ്പ്' (ലാംഗ്വേജ് എക്യുസിഷന്‍ പ്രോഗ്രാം) ശില്പശാല മുടങ്ങാതെ അന്‍പതാമത് ആഴ്ചയിലേക്ക്. അന്‍പതാമത് ശില്പശാല ഏപ്രില്‍ 3 ന് ( ഞായര്‍ )രാവിലെ 9 മണിക്ക് സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷനല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എസ് സി ഇ ആര്‍ ടി) ഡയറക്ടര്‍ ഡോ. ആര്‍ കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്യും.

കവിയും കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ ഇംഗ്ലീഷ് അധ്യാപികയുമായ ആര്യ ഗോപി ശില്പശാല നയിക്കും. ഞായറാഴ്ച തോറും രാവിലെ 9 മുതല്‍ 11 മണി വരെയാണ് ശില്പശാല നടന്നു വരുന്നത്.കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങിയ നൂറോളം പേര്‍ പങ്കെടുക്കുന്നു. ഗൂഗിള്‍ മീറ്റില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി യൂട്യൂബ് ലൈവ് സ്ട്രീമിങ്ങും ഒരുക്കുന്നുണ്ട്.

ഭാഷയുടെ നാല് ഘടകങ്ങള്‍ ആയ കേള്‍ക്കല്‍, പറയല്‍, സംസാരിക്കല്‍, എഴുത്ത് എന്നിവയ്ക്കുപുറമേ കവിത, കഥ വ്യാകരണത്തിന്റെ വിവിധ ഘടകങ്ങള്‍ എന്നീ മേഖലകളില്‍ ഊന്നിയ ശില്പശാലകള്‍ ആണ് പ്രധാനമായും നടന്നത്. പ്ലസ് ടു, എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷ കേന്ദ്രീകൃത ശില്പശാലകളും നടന്നു.

ദേശീയ, സംസ്ഥാന തലങ്ങളില്‍ പ്രശസ്തരായ ഇംഗ്ലീഷ് അധ്യാപകരാണ് ശില്പശാലകള്‍ നയിക്കാറ്.മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, എ കെ ശശീന്ദ്രന്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ്, മുന്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്, വിവിധ എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, സംസ്ഥാന, ജില്ലാതല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ശില്പശാലകള്‍ ഉദ്ഘാടനം ചെയ്തു.

ബംഗളൂര്‍ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലെ പി കെ ജയരാജ്, പൂജ ഗിരി, സുമന്‍ ബണ്ടി ഡല്‍ഹിയില്‍ നിന്നുള്ള രചന ബാബേല്‍, തെലങ്കാനയില്‍ നിന്നുള്ള കല്യാണി രചകൊണ്ട, യു എ ഇ യില്‍ നിന്ന് കെ പി ലിബീഷ് തുടങ്ങിയവര്‍ വിവിധ ശില്പശാലകള്‍ നയിച്ചത് ശ്രദ്ധേയമായി. ശ്രീജിത്ത് വിയ്‌യൂര്‍ മാജിക്കിലൂടെയും ജീവ് മാത്യു സംഗീതത്തിലൂടെയും ഇംഗ്ലീഷ് അധ്യാപനം നടത്തിയത് വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായി.ഒരു ശില്‍പശാലയുടെ ഉദ്ഘാടനത്തിന് സ്വീഡനില്‍ നിന്നുള്ള ധന ഗിബ്‌സ് എത്തിച്ചേര്‍ന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്തമായ അനുഭവമായി.

പരിപാടിയുടെ അവതരണം, സ്വാഗതം, പ്രാര്‍ത്ഥന, നന്ദി തുടങ്ങിയവ ഒക്കെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് കൈകാര്യം ചെയ്യാറ്. അധ്യാപക ദിനത്തിലും ശിശുദിനത്തിലും വിദ്യാര്‍ഥികളായ ദീപക് അരുണ്‍, ഹരിപ്രിയ ഹേമന്ദ്, ആന്‍ മേരി അഗസ്റ്റിന്‍, ആബേല്‍ ബിജു എന്നിവര്‍ ശില്പശാല നയിച്ചു.100 ശില്പശാലകള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം എന്ന കോര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍ പറഞ്ഞു.

സുനൈന മേനോന്‍, ഇന്ദു തേവന്നൂര്‍, ടിപി ജോണ്‍സണ്‍, രേണു പയ്യോളി, സന്തോഷ് ഉദിനൂര്‍, സി ബൈജു തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.ജി എച്ച് എസ് എസ് തേവന്നൂര്‍, ജി എം ജി എച്ച് എസ് എസ് ചടയമംഗലം, ജി വി എച്ച് എസ് എസ് പയ്യോളി, ഉദിനൂര്‍ സെന്‍ട്രല്‍ എയുപി സ്‌കൂള്‍ തുടങ്ങിയ വിദ്യാലയങ്ങളാണ് കൂടുതല്‍ അവതാരകരും പങ്കാളികളും ആയ വിദ്യാര്‍ത്ഥികളെ സംഭാവന ചെയ്തത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35069/conducted-by-the-english-graduates-association-language-execution-program-fifth-per-week)