---
title: "ആയഞ്ചേരിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ 16-കാരൻ മുങ്ങി മരിച്ചു"
english_title: "A 16 year old boy drowned while bathing in a pond with his friends in Ayanjari "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/353517/a-16-year-old-boy-drowned-while-bathing-in-a-pond-with-his-friends-in-ayanjari"
published_at: "2026-04-15T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dfc0617c758_drowned.jpg"
keywords: []
---

# ആയഞ്ചേരിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ 16-കാരൻ മുങ്ങി മരിച്ചു

> **Lead Summary:** **ആയഞ്ചേരി: ** വിഷു ദിനത്തില്‍ നാടിനെ കണ്ണീരിലാഴ്ത്തി പതിനാറുകാരനായ വിദ്യാര്‍ത്ഥിയുടെ ദാരുണ മരണം. വടകരയ്ക്കടുത്ത് ആയഞ്ചേരിയില്‍ കാക്കുനി തുലറ്റുന്നട സ്വദേശിയും പതിനാറുകാരനുമായ ഹേമന്ദ് ബാബു ആണ് മുങ്ങിമരിച്ചത്. വിഷു ആഘോഷങ്ങളുടെ ഭാഗമായി വീടിന് സമീപത്തെ അമ്പലത്തില്‍ കണി ഒരുക്കിയ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ഹേമന്ദിന് അപകടം സംഭവിച്ചത്.

## Article Content

**ആയഞ്ചേരി: ** വിഷു ദിനത്തില്‍ നാടിനെ കണ്ണീരിലാഴ്ത്തി പതിനാറുകാരനായ വിദ്യാര്‍ത്ഥിയുടെ ദാരുണ മരണം. വടകരയ്ക്കടുത്ത് ആയഞ്ചേരിയില്‍ കാക്കുനി തുലറ്റുന്നട സ്വദേശിയും പതിനാറുകാരനുമായ ഹേമന്ദ് ബാബു ആണ് മുങ്ങിമരിച്ചത്. വിഷു ആഘോഷങ്ങളുടെ ഭാഗമായി വീടിന് സമീപത്തെ അമ്പലത്തില്‍ കണി ഒരുക്കിയ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ഹേമന്ദിന് അപകടം സംഭവിച്ചത്.

ഹേമന്ദിന് നീന്തല്‍ വശമില്ലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വെള്ളത്തില്‍ മുങ്ങിപ്പോകാതിരിക്കാനായി തേങ്ങയുടെ തൊണ്ട് ചേര്‍ത്ത്‌കെട്ട് ശരീരത്തില്‍ ബന്ധിച്ചാണ് കുളത്തിലിറങ്ങിയത്. കുളിക്കുന്നതിനിടെ ശരീരത്തില്‍ നിന്നും ഇത് അഴിഞ്ഞുപോവുകയും വെള്ളത്തില്‍ താഴ്ന്നു പോവുകയുമായിരുന്നു.

കൂടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഹേമന്ദിനെ പുറത്തെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. വടകരയില്‍ നിന്നെത്തിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിയെ കരയ്‌ക്കെത്തിച്ച് ഉടന്‍ തന്നെ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആയഞ്ചേരി റഹ്‌മാനിയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ഹേമന്ദ്. അച്ഛന്‍: പാറക്കുതാഴെ ബാബു. അമ്മ: പ്രേമ. സഹോദരി: ശ്രീദിയ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/353517/a-16-year-old-boy-drowned-while-bathing-in-a-pond-with-his-friends-in-ayanjari)