---
title: "ഭാര്യ വീടിന് തീയിട്ട് ആത്മഹത്യക്ക് ശ്രമിച്ച  യുവാവിനെതിരെ കേസെടുത്തു"
english_title: "A case has been registered against a young man who tried to commit suicide by setting his wife on fire"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35819/a-case-has-been-registered-against-a-young-man-who-tried-to-commit-suicide-by-setting-his-wife-on-fire"
published_at: "2022-04-04T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624b07b11a9a0_FIRE IN VTK .jpg"
keywords: []
---

# ഭാര്യ വീടിന് തീയിട്ട് ആത്മഹത്യക്ക് ശ്രമിച്ച  യുവാവിനെതിരെ കേസെടുത്തു

> **Lead Summary:** വടകര: ഭാര്യ വീടിനു തീകൊളുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്തു. കൊളാവി പാലം സ്വദേശി അനില്‍കുമാറിനെതിരെയാണ് വടകര പൊലീസ് കേസെടുത്തത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ കോട്ടക്കടവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

## Article Content

വടകര: ഭാര്യ വീടിനു തീകൊളുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്തു. കൊളാവി പാലം സ്വദേശി അനില്‍കുമാറിനെതിരെയാണ് വടകര പൊലീസ് കേസെടുത്തത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ കോട്ടക്കടവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കോട്ടക്കടവ് പാറക്കണ്ടി റോഡ് കടുപ്പോന്റവിട ഷാജിയുടെ വീടിനു നേരെയാണ് അക്രമമുണ്ടായത് ഷാജിയുടെ സഹോദരീ ഭര്‍ത്താവായ അനില്‍കുമാറാണ് അക്രമം നടത്തി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്. വീടിനു തീ കൊളുത്തിയതിനു പുറമെ മുറ്റത്ത് നിര്‍ത്തിയ കാറിനും സ്‌കൂട്ടറിനും തീയിട്ടിരുന്നു. തീ പടരുന്നത് കണ്ട അയല്‍വാസികളാണ് വീട്ടുകാരെ വിവരം അറിയിച്ചത്. ഭാര്യ സഹോദരനായ ഷാജിയേയും ഇയാള്‍ അക്രമിക്കാന്‍ ശ്രമിച്ചതായി പരാതിയുണ്ട്. ആത്മഹത്യ ശ്രമത്തില്‍ സാരമായ പൊള്ളലേറ്റ അനില്‍ കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീപിടുത്തത്തില്‍ വീടിന്റെ വാതിലിനും ജനലിനും മരുപ്പടികള്‍ക്കും നാശമുണ്ടായി. വാഹനങ്ങളും കത്തി നശിച്ചു. വാഹനങ്ങളുടെ ടയറിനാണ് തീപ്പിടിച്ചത്. അനില്‍കുമാറും ഭാര്യയുമായുള്ള വിവാഹമോചനക്കേസ് കോടതിയില്‍ നടന്ന് വരികയാണ് .പതിനാറ് വര്‍ഷത്തോളമായി പ്രശ്‌നം തുടരുകയാണ്. മുന്‍പ് 2018 വീടിനു നേരെ അക്രമം നടത്തിയിരുന്നു.

ഇതുസംബന്ധിച്ച് വടകര പോലീസില്‍ കേസ് നിലവിലുണ്ട്. വിവാഹമോചന കേസ് സംബന്ധിച്ച കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശം വന്നതിനു പിന്നാലെയാണ് അക്രമം നടത്തിയതെന്നും പരാതിക്കാര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35819/a-case-has-been-registered-against-a-young-man-who-tried-to-commit-suicide-by-setting-his-wife-on-fire)