---
title: "ബൈക്കിൽ യാത്രചെയ്ത കുടുംബത്തെ തട്ടിയിട്ട് കടന്ന ബസ് ഡ്രൈവറെ ജനപ്രതിനിധി പിടികൂടി"
english_title: "The MP caught the bus driver who had Knocked down the family traveling on the bike"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35857/the-mp-caught-the-bus-driver-who-had-knocked-down-the-family-traveling-on-the-bike"
published_at: "2022-04-05T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624bacd3b449a_shamna.jpg"
keywords: []
---

# ബൈക്കിൽ യാത്രചെയ്ത കുടുംബത്തെ തട്ടിയിട്ട് കടന്ന ബസ് ഡ്രൈവറെ ജനപ്രതിനിധി പിടികൂടി

> **Lead Summary:** **വടകര: ** ബൈക്കിൽ യാത്രചെയ്ത കുടുംബത്തെ തട്ടിയിട്ട് കടന്ന ബസ് ഡ്രൈവറെ ജനപ്രതിനിധിയുടെ ഇടപെടലിലൂടെ പിടികൂടി. ഞായറാഴ്ച വൈകിട്ട് ദേശീയപാതയിൽ കളരിപ്പടിക്കടുത്താണ് സംഭവം.

## Article Content

**വടകര: ** ബൈക്കിൽ യാത്രചെയ്ത കുടുംബത്തെ തട്ടിയിട്ട് കടന്ന ബസ് ഡ്രൈവറെ ജനപ്രതിനിധിയുടെ ഇടപെടലിലൂടെ പിടികൂടി. ഞായറാഴ്ച വൈകിട്ട് ദേശീയപാതയിൽ കളരിപ്പടിക്കടുത്താണ് സംഭവം.

വടകരയിൽനിന്ന്‌ കൊയിലാണ്ടിയിലേക്ക് പോയ ശ്രീറാം ബസ്സിന്റെ ഡ്രൈവർ തിക്കോടി അയ്യിട്ടവളപ്പിൽ അർഷാദാണ് അമിതവേഗത്തിൽ വണ്ടിയോടിച്ച് അപകടമുണ്ടാക്കിയത്. പരിക്കേറ്റ ബൈക്ക് യാത്രികരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പയ്യോളിയിലേക്ക് പോവുകയായിരുന്ന വടകര നഗരസഭ 39-ാം ഡിവിഷൻ കൗൺസിലർ ഷംനയാണ് സംഭവസ്ഥലത്തുനിന്ന്‌ ഓടി രക്ഷപ്പെട്ട് ബസ്‌ സ്‌റ്റാൻഡിലെത്തിയ ഡ്രൈവറെ പൊലീസിന് കാണിച്ചുകൊടുത്തത്. സിപിഐ എം വടകര കോട്ടക്കടവ് കാരാട്ട് ബ്രാഞ്ച് അംഗവും സ്വകാര്യ സ്കൂൾ അധ്യാപികയുമാണ് ഷംന.

ബസ് വടകരയിൽനിന്ന്‌ പുറപ്പെടുന്ന സമയത്തുതന്നെ ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ്‌ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് ഷംന പറഞ്ഞു. ഇയാൾ യൂണിഫോം ധരിച്ചിരുന്നില്ല. കണ്ടക്ടർ ഇടക്കിടെ ഡ്രൈവറെ ശകാരിക്കുന്നുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത അർഷാദിനെ പൊലീസ് പിന്നീട് വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35857/the-mp-caught-the-bus-driver-who-had-knocked-down-the-family-traveling-on-the-bike)