---
title: "കൊടും ക്രൂരത; മാനസികരോഗിയാക്കി യുവാവിനെ തട്ടിക്കൊണ്ടുപോയി പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ച സംഭവത്തിൽ  ഏഴ് പേർക്കെതിരെ വടകര പോലീസ് കേസെടുത്തു     "
english_title: "Vadakara police case against seven people kidnapping young man mentally ill rehabilitation center"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/359446/vadakara-police-case-against-seven-people-kidnapping-young-man-mentally-ill-rehabilitation-center"
published_at: "2026-05-14T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05f9cc0892e_police.jpg"
keywords: []
---

# കൊടും ക്രൂരത; മാനസികരോഗിയാക്കി യുവാവിനെ തട്ടിക്കൊണ്ടുപോയി പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ച സംഭവത്തിൽ  ഏഴ് പേർക്കെതിരെ വടകര പോലീസ് കേസെടുത്തു     

> **Lead Summary:** **വടകര : ** മാനസികരോഗിയാണെന്ന് വരുത്തി തീർത്ത് വടകര സ്വദേശി മുപ്പത്തിമൂന്നുകാരനെ തട്ടിക്കൊണ്ടുപോയി പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ച സംഭവത്തിൽ ഏഴ് പേർക്കെതിരെ വടകര പോലീസ് കേസെടുത്തു.

## Article Content

**വടകര : ** മാനസികരോഗിയാണെന്ന് വരുത്തി തീർത്ത് വടകര സ്വദേശി മുപ്പത്തിമൂന്നുകാരനെ തട്ടിക്കൊണ്ടുപോയി പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ച സംഭവത്തിൽ ഏഴ് പേർക്കെതിരെ വടകര പോലീസ് കേസെടുത്തു.

വടകര ജനതാ റോഡിലെ വാഴയിൽ ആമിറുദീനിന്റെ പരാതിയിലാണ് പൊലീസ് നടപടി . ആമിറുദീനിന്റെ പിതാവ് വില്യാപ്പള്ളി മയ്യന്നൂർ സ്വദേശി കപ്ലികണ്ടി കുഞ്ഞമ്മദ് (73), ഭാര്യ ആസിയ എം കെ (57) , സഹോദരൻ വില്യാപ്പള്ളി എളവന ചെറിയ പൊയിൽ ഷുഹൈബ് (45 )ഭാര്യ അമീറ ഷുഹൈബ് (33, ആശുപത്രി ഡയറക്ടർ, ഡോ. ഫാത്തിമമനു , വിനു, എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേർക്കുമെതിരെയാണ് വടകര പൊലീസ് കേസ് രജിസ്റ്റർ രജിസ്റ്റർ ചെയ്തത്.

കേസിലെ ഒന്ന് മുതൽ നാല് വരെയുള്ള പ്രതികൾ ചേർന്ന് നടത്തിയ ഗൂഢാലോചനയെത്തുടർന്ന്, പരാതിക്കാരൻ മാനസികരോഗിയാണെന്ന് വരുത്തിതീർക്കുകയായിരുന്നുവെന്നാണ് പരാതി. 2025 ഏപ്രിൽ 26-ന് രാവിലെ 10:30-ഓടെ ഇദ്ദേഹത്തെ ബലമായി കീഴ്പ്പെടുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നത്രേ.

മലപ്പുറം ജില്ലയിലെ ഒരു റിഹാബിലിറ്റേഷൻ സെൻററിൽ എത്തിച്ച യുവാവിനെ മറ്റ് പ്രതികളുടെ സഹായത്തോടെ ബലംപ്രയോഗിച്ച് ചികിത്സയ്ക്ക് വിധേയനാക്കിയതായും പരാതിയിൽ പറയുന്നു.

പരാതിക്കാരന്റെ സഹോദരി ഭർത്താവ് ലഹരിക്കടിമയാണെന്ന കാര്യം ബന്ധുക്കളെ അറിയിച്ചതിലുള്ള വിരോധമാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് പറയപ്പെടുന്നു.

കൂടാതെ, പരാതിക്കാരന്റെ ഭാര്യക്ക് മഹറായി ലഭിച്ച നാലര പവൻ സ്വർണാഭരണങ്ങൾ വീട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ടതായും, ഇതിൽ പ്രതികൾക്ക് പങ്കുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/359446/vadakara-police-case-against-seven-people-kidnapping-young-man-mentally-ill-rehabilitation-center)