---
title: "വടകരയിൽ വയോധികൻ ജീവനൊടുക്കിയ സംഭവം; കടത്തനാട് ലേബർ സൊസൈറ്റിയുടെ കോടികളുടെ നിക്ഷേപ തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കും"
english_title: "Elderly man commits suicide in Vadakara; Kadathanad Labor Society's investment fraud worth crores to be investigated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/362872/elderly-man-commits-suicide-in-vadakara-kadathanad-labor-societys-investment-fraud-worth-crores-to-be-investigated"
published_at: "2026-05-31T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1bb88e0f94b_IBRAHIM_KUTTY_HAJI.jpg"
keywords: ["LATEST NEWS", "KADATHANAD LABOR SOCIETY", "INVESTMENT", "VADAKARA", "IBRAHIMKUTTY HAJJI"]
---

# വടകരയിൽ വയോധികൻ ജീവനൊടുക്കിയ സംഭവം; കടത്തനാട് ലേബർ സൊസൈറ്റിയുടെ കോടികളുടെ നിക്ഷേപ തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

> **Lead Summary:** വടകര: **[** വടകര കടത്തനാട് ലേബർ സൊസൈറ്റിയുടെ നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചും പൊലീസും അന്വേഷിക്കും. നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് വയോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ, കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി.

## Article Content

വടകര: **[** വടകര കടത്തനാട് ലേബർ സൊസൈറ്റിയുടെ നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചും പൊലീസും അന്വേഷിക്കും. നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് വയോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ, കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി.

മണിയൂർ എളമ്പിലാട്ട് സ്വദേശികളായ അഞ്ച് നിക്ഷേപകരാണ് സൊസൈറ്റിക്കെതിരെ പുതുതായി പരാതി നൽകിയത്. ഇവരിൽ മൂന്ന് പേർ ഹൃദ്രോഗികളാണ്. തങ്ങളുടെ 85 ലക്ഷം രൂപ സൊസൈറ്റിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും കഴിഞ്ഞ രണ്ട് വർഷമായി തുക മടക്കി നൽകുന്നില്ലെന്നുമാണ് ഇവരുടെ പരാതി. പണം തിരികെ ചോദിക്കുമ്പോൾ പല കാരണങ്ങൾ പറഞ്ഞ് ഒഴുവാക്കുകയായിരുന്നുവെന്നും നിക്ഷേപകർ ആരോപിക്കുന്നു. ഇവരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൊസൈറ്റിയുടെ മൊത്തം സാമ്പത്തിക ഇടപാടുകൾ ക്രൈംബ്രാഞ്ചും അന്വേഷിക്കും.

നിക്ഷേപത്തട്ടിപ്പിനിരയായി വയോധികൻ ജീവനൊടുക്കിയ സംഭവത്തിൽ കടത്തനാട് ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കും. തന്റെ മരണത്തിന് ഉത്തരവാദി സൊസൈറ്റി മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ സുധീർ കുമാറും, നിലവിലെ പ്രസിഡന്റ് ബഷീറുമാണെന്ന് വ്യക്തമാക്കുന്ന മരിച്ച ഇബ്രാഹിം ഹാജിയുടെ ശബ്ദസന്ദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് സുധീർ കുമാർ ഒളിവിലാണ്.

അതിനിടെ, വയോധികന്റെ മരണത്തിൽ വീഴ്ച സമ്മതിച്ച് സൊസൈറ്റി പ്രസിഡന്റ് ബഷീർ അഹമ്മദ് രംഗത്തെത്തി. ഇബ്രാഹിം കുട്ടിക്ക് പണം നൽകാൻ സാധിച്ചിട്ടില്ലെന്ന കാര്യം  അദ്ദേഹം സമ്മതിച്ചു. ഇബ്രാഹിം പലതവണ പണം ആവശ്യപ്പെട്ടിരുന്നെങ്കിലും പലിശ മാത്രമാണ് നൽകാൻ കഴിഞ്ഞത്. സൊസൈറ്റി നിലവിൽ ഒരു കോടി 69 ലക്ഷം രൂപയുടെ നഷ്ടത്തിലാണ് ഓടുന്നത്. അതുകൊണ്ടാണ് പണം കൊടുക്കാൻ കഴിയാതെ പോയതെന്നും, ഒന്ന് രണ്ട് മാസത്തിനകം പണം നൽകാമെന്ന് ഇബ്രാഹിമിനോട് പറഞ്ഞിരുന്നതായും ബഷീർ കൂട്ടിച്ചേർത്തു.

മെയ് 29-നാണ് തിരുവള്ളൂർ സ്വദേശിയായ ഇബ്രാഹിംകുട്ടി ഹാജി (71) ഡിസിസി സെക്രട്ടറി സുധീറിന്റെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീ കൊളുത്തിയത്. 75 ശതമാനത്തിലധികം പൊള്ളലേറ്റ ഇബ്രാഹിം ഹാജി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/362872/elderly-man-commits-suicide-in-vadakara-kadathanad-labor-societys-investment-fraud-worth-crores-to-be-investigated)