---
title: "കായാമ്പൂ സുഗന്ധം; ഗോപാലകൃഷ്ണന്റെ വീട്ടുതൊടിയിൽ പൂത്തുലഞ്ഞ് സുഗന്ധം പരത്തുകയാണ് കായാമ്പൂ"
english_title: "Kayampoo is spreading the fragrance of flowers in Gopalakrishnan's house"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/36405/kayampoo-is-spreading-the-fragrance-of-flowers-in-gopalakrishnans-house"
published_at: "2022-04-07T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624f101a44c7c_kayampoo.jpg"
keywords: []
---

# കായാമ്പൂ സുഗന്ധം; ഗോപാലകൃഷ്ണന്റെ വീട്ടുതൊടിയിൽ പൂത്തുലഞ്ഞ് സുഗന്ധം പരത്തുകയാണ് കായാമ്പൂ

> **Lead Summary:** **വടകര : **കായാമ്പൂ കണ്ണിൽ വിടരുമെന്നത് കവിഭാവന... ഇവിടെ മേമുണ്ട ചൈത്രത്തിൽ ഗോപാലകൃഷ്ണന്റെ വീട്ടുതൊടിയിൽ പൂത്തുലഞ്ഞ് സുഗന്ധം പരത്തുകയാണ് കായാമ്പൂ. പൂത്തശേഷമാണ് വർഷങ്ങളോളം പരിപാലിച്ച ചെടി കായാമ്പൂവാണെന്നത് ഗോപാലകൃഷ്ണനും കുടുംബവും തിരിച്ചറിയുന്നത്.

## Article Content

**വടകര : **കായാമ്പൂ കണ്ണിൽ വിടരുമെന്നത് കവിഭാവന... ഇവിടെ മേമുണ്ട ചൈത്രത്തിൽ ഗോപാലകൃഷ്ണന്റെ വീട്ടുതൊടിയിൽ പൂത്തുലഞ്ഞ് സുഗന്ധം പരത്തുകയാണ് കായാമ്പൂ. പൂത്തശേഷമാണ് വർഷങ്ങളോളം പരിപാലിച്ച ചെടി കായാമ്പൂവാണെന്നത് ഗോപാലകൃഷ്ണനും കുടുംബവും തിരിച്ചറിയുന്നത്.

നാട്ടിൻപുറങ്ങളിൽ അത്ര പരിചിതമല്ലാത്ത ചെടിയാണ് കായാമ്പൂ അഥവ കാശാവ്. ഇത് പൂത്തുനിൽക്കുന്ന കാഴ്ചയും അപൂർവ്വം. കായാമ്പൂ പൂത്ത വിവരമറിഞ്ഞ് ഒട്ടേറെ പേർ ഇവിടെ ഇത് കാണാൻ എത്തുന്നുണ്ട്. നല്ല നീലനിറമാണ് പൂക്കൾക്ക്. കൊമ്പുകൾ നിറയെ പൂക്കളുള്ളതിനാൽ സവിശേഷഭംഗിയുണ്ട്.

22 വർഷം മുമ്പാണ് ഇത് നട്ടതെന്നാണ് ഗോപാലകൃഷ്ണന്റെ ഓർമ. പിതാവ് റിട്ട. പ്രധാനാധ്യാപകൻ ഗോകുലത്തിൽ പരേതനായ ബാലകൃഷ്ണക്കുറുപ്പാണ് തൈ കൊണ്ടുവന്ന് നട്ടത്. ആർക്കും അറിയില്ലായിരുന്നു കാശാവാണെന്നത്. സാവധാനമേ വളരൂ എന്നതിനാൽ 22 വർഷമായിട്ടും പത്തടിയോളമേ ഉയരമുള്ളൂ.

ഈ ചെടിക്ക് പരമാവധി 15 അടി ഉയരമാണുണ്ടാവുക. വർഷത്തിൽ ഒരിക്കൽ മാത്രമേ പൂക്കാറുള്ളൂ. സമുദ്രനിരപ്പിൽ നിന്നും 1200 മീറ്ററോളം ഉയരമുള്ള നിത്യഹരിതവനങ്ങളിലും അർധനിത്യഹരിത വനങ്ങളിലുമാണ് ഈ ചെടി വ്യാപകമായി വളരുന്നത്. പശ്ചിമഘട്ടമലനിരകളിലാണ് കൂടുതലുമുള്ളത്. മുമ്പ് നാട്ടിൻപുറങ്ങളിലെ കുന്നുകളിലും മറ്റും ഇവയുണ്ടായിരുന്നെങ്കിലും മണ്ണിടിക്കലും ചെങ്കൽ ഖനനവും തിരിച്ചടിയായി.

ഇല, വേര്, കായ്കൾ എന്നിവയെല്ലാം ആയൂർവ്വേദ ഔഷധങ്ങളുടെ കൂട്ടായിരുന്നു. കൊമ്പുകൾക്ക് നല്ല ഉറപ്പുള്ളതിനാൽ കത്തിയുടെ പിടിക്കും ചെണ്ടക്കോലിനുമെല്ലാം ഉപയോഗിച്ചിരുന്നു. ചെങ്കല്ലുള്ള മേഖലകളിൽ ഈ ചെടിയെ കാണാറുണ്ടെന്നും എങ്കിലും നാട്ടിൽനിന്ന് ഈ ചെടി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും പ്ലാന്റ് ടാക്‌സോണമിസ്റ്റ് ഡോ.പി.ദീലീപ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/36405/kayampoo-is-spreading-the-fragrance-of-flowers-in-gopalakrishnans-house)