---
title: "'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ പുതിയ നീക്കം; ഡി.വൈ.എഫ്.ഐ നേതാവിനെ ചോദ്യം ചെയ്ത്  എസ് ഐ ടി, മൊബൈൽ ഫോൺ കസ്റ്റഡിയിൽ"
english_title: "SIT questions DYFI leader over 'Kafir' screenshot, mobile phone in custody"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/364306/sit-questions-dyfi-leader-over-kafir-screenshot-mobile-phone-in-custody-new"
published_at: "2026-06-06T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23f8cd17311_kafir_case.jpg"
keywords: ["latest news", "'Kafir' screenshot", "mobile phone", "DYFI leader"]
---

# 'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ പുതിയ നീക്കം; ഡി.വൈ.എഫ്.ഐ നേതാവിനെ ചോദ്യം ചെയ്ത്  എസ് ഐ ടി, മൊബൈൽ ഫോൺ കസ്റ്റഡിയിൽ

> **Lead Summary:** വടകര : **[**രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത വടകരയിലെ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ നിർണായക നീക്കവുമായി എസ് ഐ ടി . കേസുമായി ബന്ധപ്പെട്ട് തിരുവള്ളൂർ സ്വദേശിയും ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജിതിൻ ഭാസ്‌കറിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി.

## Article Content

വടകര : **[**രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത വടകരയിലെ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ നിർണായക നീക്കവുമായി എസ് ഐ ടി . കേസുമായി ബന്ധപ്പെട്ട് തിരുവള്ളൂർ സ്വദേശിയും ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജിതിൻ ഭാസ്‌കറിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി.

വിവാദ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ഈ ചിത്രം ലഭിച്ചത് ജിതിനിൽ നിന്നാണെന്ന സൂചനകളെ തുടർന്നാണ് നടപടി. ജിതിന്‍റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത് കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ഫോറൻസിക് ലാബിലേക്ക് അയക്കും. റിബേഷിന് സ്ക്രീൻഷോട്ട് എവിടെ നിന്ന് കിട്ടിയെന്ന് കണ്ടെത്താനായില്ല എന്നായിരുന്നു പോലീസിന്റെ മുൻ റിപ്പോർട്ട്.

അതേസമയം, കേസിൽ ഇപ്പോൾ നടക്കുന്ന നീക്കങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പ്രതികരിച്ചു. കള്ളക്കേസുകളിൽ പാർട്ടിയെ കുടുക്കുന്നത് നിത്യസംഭവമാണ്. മുൻപ് നടന്ന അന്വേഷണം നല്ല രീതിയിലായിരുന്നു. പുതിയ അന്വേഷണവും നടക്കട്ടെ, എന്നായാലും സത്യം പുറത്തുവരും. എല്ലാ പ്രതിസന്ധികളും അതിജീവിച്ചാണ് പാർട്ടി വളർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗത്തിൽ കേസിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവരെ കണ്ടെത്തിയെങ്കിലും ഇതിന്റെ യഥാർത്ഥ ഉറവിടം  ആരുടേതാണെന്ന് കണ്ടെത്താൻ മുൻ അന്വേഷണത്തിന് കഴിഞ്ഞിരുന്നില്ല. ആദ്യം ഷെയർ ചെയ്തവരുടെ ഫോണുകളുടെ ഫോറൻസിക് ഫലവും ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയിൽ നിന്നുള്ള മറുപടിയും ഇനിയും ലഭിക്കാനുണ്ട്.

ഈ സാഹചര്യത്തിൽ റിബേഷ് രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്ത് ഉറവിടം കണ്ടെത്താനാണ് പോലീസ് നീക്കം. സി.പി.എം നൽകിയ പരാതിയിൽ ആദ്യം പ്രതിചേർക്കപ്പെട്ട എം.എസ്.എഫ് പ്രവർത്തകൻ മുഹമ്മദ് കാസിമിന്റെ മൊഴിയും സംഘം വീണ്ടും രേഖപ്പെടുത്തും. കോഴിക്കോട് റൂറൽ എസ്.പി ടി. ഫറാഷ്, ഡി.വൈ.എസ്.പി ടി. മനോഹരൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

പ്രത്യേക അന്വേഷണ സംഘത്തിൽ സി.പി.എം സഹയാത്രികരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയതിനെതിരെ യു.ഡി.എഫ് രംഗത്തെത്തിയിട്ടുണ്ട്. സംഘത്തിലുള്ള സി.ഐ ദിനേശ് എ.വി, എസ്.ഐ രഞ്ജിത് കെ, പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സുധീഷ് എന്നിവരെ അന്വേഷണത്തിൽ നിന്ന് മാറ്റണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/364306/sit-questions-dyfi-leader-over-kafir-screenshot-mobile-phone-in-custody-new)